യു.പിയില്‍ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി സ്‌കോളര്‍ഷിപ്പില്ല; ധനസഹായം നിര്‍ത്തലാക്കി കേന്ദ്രം
national news
യു.പിയില്‍ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി സ്‌കോളര്‍ഷിപ്പില്ല; ധനസഹായം നിര്‍ത്തലാക്കി കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th November 2022, 12:16 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മദ്രസകളില്‍ പഠിക്കുന്ന ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവന്നിരുന്ന സ്‌കോളര്‍ഷിപ്പ് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍.

മദ്രസകളിലെ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിനുള്ള ധനസഹായമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചത്.

ഇതുവരെ ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 1000 രൂപ സ്‌കോളര്‍ഷിപ് നല്‍കി വന്നിരുന്നു. ആറ് മുതല്‍ എട്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിവിധ കോഴ്‌സുകളുടെ അടിസ്ഥാനത്തിലും സ്‌കോളര്‍ഷിപ് നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം 16,558 മദ്രസകളിലായി അഞ്ച് ലക്ഷത്തോളം കുട്ടികള്‍ ഈ സ്‌കോളര്‍ഷിപ്പുകള്‍ പ്രയോജനപ്പെടുത്തിയിരുന്നു.

ഇതാണ് ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. ഇന്ത്യാ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇനി മുതല്‍ മദ്രസകളില്‍ ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ് ലഭിക്കൂ.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാണ്. ഈ മദ്രസകളില്‍ ഉച്ചഭക്ഷണവും പുസ്തകങ്ങളും സൗജന്യമാണ്.

ഇതിന് പുറമെ മറ്റ് അവശ്യ സാധനങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. അതിനാലാണ് സ്‌കോളര്‍ഷിപ്പ് നിര്‍ത്തിവെച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.

അതേസമയം, യു.പിയിലെ 8,500ലധികം മദ്രസകള്‍ സംസ്ഥാന മദ്രസ വിദ്യാഭ്യാസ ബോര്‍ഡിന്റെ (UP Board of Madrasa Education) അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

യു.പി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജില്ലാ മജിസ്ട്രേറ്റുമാരാണ് സര്‍വേ നടത്തിയത്. സര്‍വേ പ്രകാരം അംഗീകാരം ലഭിക്കാത്ത ഏറ്റവും കൂടുതല്‍ മദ്രസകളുള്ളത് (550) യു.പിയിലെ മൊറാദാബാദ് ജില്ലയിലാണ്.

എന്നാല്‍ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയൊന്നുമുണ്ടാകില്ലെന്ന് ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഇഫ്തിഖര്‍ അഹമ്മദ് ജാവേദ് പറഞ്ഞിരുന്നു.

”അംഗീകാരമില്ലാത്ത മദ്രസകളുടെ നടത്തിപ്പുകാര്‍ ഞങ്ങളെ ബന്ധപ്പെട്ട് അവ യു.പി മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചാല്‍ വിവിധ സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങളും ഈ മദ്രസകള്‍ക്ക് ലഭിക്കും. യു.പി സര്‍ക്കാര്‍ ഈ സര്‍വേ വിജയകരമായി പൂര്‍ത്തിയാക്കിയത് മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ്,” ജാവേദ് പറഞ്ഞു.

നിലവില്‍ 25,000ലധികം മദ്രസകളാണ് യു.പിയിലുള്ളതെന്നും അതില്‍ 16,000ലധികം മദ്രസകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരമുണ്ടെന്നും എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഒരു മദ്രസകള്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ലെന്നും ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം മദ്രസകളെ കുറിച്ച് ഇത്തരമൊരു സര്‍വേ നടത്താനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നേരത്തെ നിരവധി മുസ്‌ലിം സംഘടനകളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു.

2017ലായിരുന്നു യു.പി ബോര്‍ഡ് ഓഫ് മദ്രസ എജ്യുക്കേഷന്‍ സ്ഥാപിക്കപ്പെട്ടത്. സംസ്ഥാനത്തെ മദ്രസകളുടെ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകള്‍ പരിശോധിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ബോര്‍ഡ് സ്ഥാപിച്ചത്.

Content Highlight: BJP central govt stopped its share of funding for scholarships for Class 1 to 8 students studying in UP madrasas