കേരളത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി; പത്തനംതിട്ടക്കും പാലക്കാടിനും വേണ്ടി മല്‍സരം
D' Election 2019
കേരളത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി; പത്തനംതിട്ടക്കും പാലക്കാടിനും വേണ്ടി മല്‍സരം
ന്യൂസ് ഡെസ്‌ക്
Tuesday, 12th March 2019, 7:54 am

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ കേരളത്തിലെ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തിയാണ് സാധ്യതാ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഓരോ മണ്ഡലത്തിലും രണ്ടുപേര്‍ വീതമുള്ള പട്ടികയാണ് തയ്യറാക്കിയിരിക്കുന്നത്. ഇത് കേന്ദ്രപാര്‍ലമെന്ററി ബോര്‍ഡിന് സമര്‍പ്പിച്ചു.

അതേസമയം, ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമാകാത്തത് അന്തിമപട്ടികയെ ബാധിക്കും. കേന്ദ്രനേതൃത്വം നിര്‍ദേശിച്ച പേരുകള്‍ അടങ്ങിയതാണ് സാധ്യതാ പട്ടിക.


തുഷാര്‍ മത്സരിക്കുമെങ്കില്‍ തൃശ്ശൂര്‍ വിട്ടുനല്‍കും. തിരുവനന്തപുരം, തൃശ്ശൂര്‍, പത്തനംതിട്ട, പാലക്കാട് എന്നിവയാണ് പാര്‍ട്ടി എ ക്ലാസ് മണ്ഡലമായി കാണുന്നത്. പത്തനംതിട്ട, പാലക്കാട് സീറ്റുകള്‍ക്ക് വേണ്ടി പല മുതിര്‍ന്ന നേതാക്കളും അവകാശവാദമുന്നയിച്ചു. പത്തനംതിട്ടയില്‍ പി.എസ് ശ്രീധരന്‍ പിള്ളക്ക് പുറമേ എം.ടി രമേശും കെ.സുരേന്ദ്രനും അവകാശവാദമുന്നയിച്ചു. പാലക്കാടിന് വേണ്ടി ശോഭാ സുരേന്ദ്രനും കൃഷ്ണകുമാറും രംഗത്തെത്തി.

തിരുവനന്തപുരത്ത് കുമ്മനവും പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനും മത്സരിക്കണമെന്നായിരുന്നു പൊതുവികാരം. തുഷാര്‍ മത്സരിക്കുന്നില്ലെങ്കില്‍ സുരേന്ദ്രന്‍ തൃശ്ശൂരിലേക്ക് മാറി പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള വരും.

കൊല്ലത്ത് സി.വി. ആനന്ദബോസ്, ആലപ്പുഴയില്‍ ബി.ജെ.പി. ഡോക്ടേഴ്‌സ് സെല്ലിന്റെ നേതാവ് ഡോ. ബിജു, ചാലക്കുടിയില്‍ യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് എന്നിവരുടെ പേരാണ് കേന്ദ്രം നിര്‍ദേശിച്ചത്.


ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ വരണമെന്നാണ് അഭിപ്രായ രൂപീകരണത്തിലെ പൊതുവികാരം. പാലക്കാട്ട് ശോഭാസുരേന്ദ്രന്‍, സി. കൃഷ്ണകുമാര്‍, ആലപ്പുഴയില്‍ എ.എന്‍. രാധാകൃഷ്ണന്‍, കോഴിക്കോട്ട് എം.ടി. രമേശ്, കാസര്‍കോട്ട് ശ്രീകാന്ത്, മാവേലിക്കരയില്‍ അഡ്വ. പി. സുധീര്‍ തുടങ്ങിയവരുടെ പേരുകള്‍ക്കാണ് പരിഗണന.

അതേസമയം, ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. അമിത് ഷായുടെ നിര്‍ദേശപ്രകാരമായിരിക്കും തുഷാറിന്റെ തീരുമാനം.