ബി.ജെ.പി പ്രവര്‍ത്തകര്‍ എനിക്ക് വോട്ട് ചെയ്തില്ല; വിമര്‍ശനവുമായി ഉത്പല്‍ പരീക്കറിനെതിരെ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി
Assembly Election Result 2022
ബി.ജെ.പി പ്രവര്‍ത്തകര്‍ എനിക്ക് വോട്ട് ചെയ്തില്ല; വിമര്‍ശനവുമായി ഉത്പല്‍ പരീക്കറിനെതിരെ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th March 2022, 3:14 pm

പനാജി: ബി.ജെ.പി പ്രവര്‍ത്തകര്‍ തനിക്ക് വോട്ട് ചെയ്തില്ലെന്ന് വിമര്‍ശനവുമായി പനാജിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അറ്റാന്‍സിയോ ‘ബാബുഷ് മോന്‍സറേട്ട്. മുന്‍ ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കറിനെതിരെയായിരുന്നു മോന്‍സറേട്ട് മത്സരിച്ചിരുന്നത്.

തന്റെ അച്ഛന്‍ മനോഹര്‍ പരീക്കറിന്റെ മണ്ഡലമായ പനാജി അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ഉത്പല്‍ സ്വതന്ത്രനായി മത്സരിച്ചത്. പരീക്കറിന്റെ മകന്‍ എന്ന വികാരം അലയടിച്ചിരുന്നുവെങ്കിലും അദ്ദേഹം മോന്‍സറേട്ടിനോട് തോല്‍ക്കുകയായിരുന്നു.

പനാജിയില്‍ വിജയിച്ചെങ്കിലും പ്രതീക്ഷിച്ച വോട്ടല്ല തനിക്ക് കിട്ടിയതെന്നും, ബി.ജെ.പി പ്രവര്‍ത്തകര്‍ തനിക്ക് വോട്ട് ചെയ്തില്ലെന്നും മോന്‍സറേട്ട് ആരോപിച്ചു.

എന്‍.ഡി.ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഞാന്‍ ഇക്കാര്യം ബി.ജെ.പി നേതാക്കളോട് പറഞ്ഞിരുന്നതാണ്. അവര്‍ ഭാവിയില്‍ ഇക്കാര്യം ശ്രദ്ധിക്കുക തന്നെ വേണം. ബി.ജെ.പി സംസ്ഥാന നേതൃത്വം ജനങ്ങള്‍ക്ക് ശരിയായ സന്ദേശമല്ല നല്‍കിയിട്ടുള്ളത്. ഞാന്‍ എല്ലാ ബി.ജെ.പി നേതാക്കളായും നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. ഞാന്‍ ബി.ജെ.പിക്കൊപ്പമാണ്,’ മുന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ മോന്‍സറേട്ട് പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ സമുന്നതനായ നേതാവുമായ മനോഹര്‍ പരീക്കറിന്റെ എക്കാലത്തേയും വലിയ എതിരാളിയായ മോന്‍സറേട്ട് തന്നെയാണ് ബി.ജെ.പി ടിക്കറ്റില്‍ പരീക്കര്‍ കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലത്തില്‍ നിന്നും വിജയിച്ചിരിക്കുന്നത്.

പരീക്കറിന്റെ മരണത്തിന് പിന്നാലെ നടന്ന 2019ലെ ഉപതെരഞ്ഞെടുപ്പിലാണ് മോന്‍സറേട്ട് പനാജിയില്‍ ജയിച്ചത്. കോണ്‍ഗ്രസ് ടിക്കറ്റിലായിരുന്നു മോന്‍സറേട്ട് മത്സരിച്ച് ജയിച്ചത്. എന്നാല്‍ ജയിച്ചതിന് പിന്നാലെ അദ്ദേഹം ബി.ജെ.പിയിലേക്ക് കൂടുമാറുകയായിരുന്നു.

സ്വതന്ത്രനായാണ് മത്സരിച്ചതെങ്കിലും ശിവസേനയുടെയും എ.എ.പിയുടെയും പരസ്യ പിന്തുണ ഉത്പലിനുണ്ടായിരുന്നു. മനോഹര്‍ പരീക്കറിനോടുള്ള ആദരസൂചകമായി പനാജിയില്‍ ശിവസേന ഉത്പലിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും ചെയ്തിരുന്നില്ല.

എന്നാല്‍ ഇതെല്ലാം അതിജീവിച്ചാണ് മോന്‍സറേട്ട് പനാജിയില്‍ വിജയിച്ചത്.

നിലവില്‍ ബി.ജെ.പി അഞ്ച് സീറ്റുകളില്‍ ജയിക്കുകയും പതിനഞ്ചിടത്ത് ലീഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് മൂന്ന് സീറ്റുകളില്‍ ജയിക്കുകയും എട്ട് സീറ്റുകളില്‍ ലീഡ് ചെയ്യുകയും ചെയ്യുന്നു.

ആം ആദ്മി പാര്‍ട്ടിയും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും രണ്ട് വീതം സീറ്റില്‍ ലീഡ് തുടരുന്നുണ്ട്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്.

Content Highlight: BJP candidate from Panaji, Goa,  Atanasio Monseratte says  BJP supporters did not vote for him