ശബരിമല യുവതി പ്രവേശനം; സെക്രട്ടറിയേറ്റ് വളയലും ഉപേക്ഷിച്ച് ബി.ജെ.പി
Sabarimala women entry
ശബരിമല യുവതി പ്രവേശനം; സെക്രട്ടറിയേറ്റ് വളയലും ഉപേക്ഷിച്ച് ബി.ജെ.പി
ന്യൂസ് ഡെസ്‌ക്
Saturday, 12th January 2019, 8:08 am

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടേറിയേറ്റ് വളയല്‍ സമരം ഉപേക്ഷിച്ച് ആര്‍.എസ്.എസും ബി.ജെ.പിയും. കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നത് തിരിച്ചടിയാകുമെന്നു ഭയന്നാണ് തീരുമാനം.

പകരം ഈ മാസം ഇരുപതിനു അമൃതാനന്ദമയിയെ ഉള്‍പ്പെടുത്തി അയ്യപ്പ ഭക്തസംഗമമാക്കി നടത്താനാണ് നീക്കം. അതേസമയം സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന നിരാഹാര സമരം ഫലം കാണുന്നില്ലെന്ന വാദവുമായി ബി.ജെ.പിയിലെ ഒരു വിഭാഗം രംഗത്തെത്തി കഴിഞ്ഞു.

ശബരിമല വിഷയത്തിലെ ഒരു വിഭാഗത്തിന്റെ വികാരം മുതലെടുത്ത് ശക്തമായി സമരം മുന്നോട്ടുകൊണ്ടുപോകാനായിരുന്നു ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ല.

ALSO READ: എസ്.പി- ബി.എസ്.പി സഖ്യം; പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും: ലക്ഷ്യം ബി.ജെ.പിയെ തുരത്തുക

സമരങ്ങളില്‍ തുടരെ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അണികളെയും വിശ്വാസികളേയും അകറ്റുന്നതിനു കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സമരമാറ്റം.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരലംഘനം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന നിരാഹാരസമരത്തിലും പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായി. ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, ദേശീയ കൗണ്‍സില്‍ അംഗം സി.കെ പത്മനാഭന്‍ എന്നിവര്‍ നിരാഹാരം കിടന്നിരുന്നു. എന്നാല്‍ ഇവര്‍ക്കു പിന്നാലെ നിരാഹാരത്തിനായി മുന്‍നിര നേതാക്കള്‍ തയ്യാറാവാത്ത അവസ്ഥയുണ്ടായി.

ALSO READ: ഗൂഢലക്ഷ്യത്തോടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; ശബരിമലയിലേക്ക് ഉടനില്ലെന്ന് തൃപ്തി ദേശായി

ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ കെ. സുരേന്ദ്രന്‍ നിരാഹാര സമരം ഏറ്റെടുക്കുമെന്ന പ്രചരണമുണ്ടായിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടിട്ടും നേതാക്കളായ പി.കെ കൃഷ്ണദാസ്, എം.ടി രമേശ് എന്നിവര്‍ സമരം നടത്താന്‍ തയ്യാറായില്ല. വി. മുരളീധരന്‍ എം.പി സമരപ്പന്തലില്‍ എത്തിയെങ്കിലും മുരളീധര പക്ഷം പൊതുവെ സമരത്തോട് മുഖംതിരിച്ച അവസ്ഥയിലാണ്.

തുടര്‍ന്നാണ് ബി.ജെ.പി നേതാക്കളായ എന്‍. ശിവരാജനും പി.എം വേലായുധനും നിരാഹാരം കിടന്നത്. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി രമയാണ് ഇപ്പോള്‍ സമരപ്പന്തലിലുള്ളത്.

WATCH THIS VIDEO: