ലഖ്‌നൗ: യു.എസ് വ്യാപാരകരാറിലൂടെ ബി.ജെ.പി കർഷകരെ വീണ്ടും ദ്രോഹിക്കുന്നുവെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നാഷണൽ പ്രസിഡന്റുമായ അഖിലേഷ് യാദവ്.
ഇന്ത്യൻ കാർഷികവിപണി അമേരിക്കയ്ക്ക് തുറന്നുകൊടുക്കുന്നതിലൂടെ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന രാജ്യത്തെ 70 ശതമാനം ജനങ്ങളെ ബി.ജെ.പി വഞ്ചിച്ചു എന്ന് അഖിലേഷ് പറഞ്ഞു.
‘രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പും ഇപ്പോഴും ബി.ജെ.പി വിദേശ താല്പര്യങ്ങളുടെ ഏജന്റാണ്’ അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ഒറ്റുകൊടുത്ത ബി.ജെ.പിക്ക് എത്ര രൂപ കമ്മീഷൻ ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ വ്യാപാര കരാർ കർഷകരെമാത്രമല്ല മറിച്ച് മധ്യവർഗ്ഗത്തെയും താഴെത്തട്ടിലുള്ളവരെയും പ്രതികൂലമായി ബാധിക്കുമെന്നും രാജ്യത്ത് പുതിയ ഇടനിലക്കാരെ സൃഷ്ടിക്കുന്നതിലൂടെ വിലക്കയറ്റമുണ്ടാക്കുമെന്നും യാദവ് കൂട്ടിച്ചേർത്തു.
ഈ കരാർ കർഷകരുടെ വരുമാനത്തെ കാര്യമായിബാധിക്കും, കർഷകർ അവരുടെ ഭൂമി കുത്തകകൾക്ക് വിൽക്കാൻ നിർബന്ധിതരാകുമെന്നും, ഭൂമി കൈക്കലാക്കുക എന്നത് ബി.ജെ.പി യുടെയും സംഘത്തിന്റെയും ലക്ഷ്യമാണ്’ അഖിലേഷ് യാദവ് പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ വിത്ത് നിയമം ഇന്ത്യയുടെ കാർഷിക മേഖലയ്ക്ക് വിനാശകരമാണെന്ന് പറഞ്ഞ അഖിലേഷ് ഈ നയം ബി.ജെ.പി സർക്കാരിന്റെ കർഷകവിരുദ്ധ മനോഭാവത്തെയാണ് വെളിവാക്കുന്നതെന്നും കൂട്ടിച്ചേർത്തു.