വേടന്റെ പാട്ടൊഴിവാക്കാന്‍ പരാതി നല്‍കിയത് ബി.ജെ.പിയും സേവ് യൂണിവേഴ്‌സിറ്റി ഫോറവും; സിലബസുമായി മുന്നോട്ട് പോകുമെന്ന് റിപ്പോര്‍ട്ട്
Kerala
വേടന്റെ പാട്ടൊഴിവാക്കാന്‍ പരാതി നല്‍കിയത് ബി.ജെ.പിയും സേവ് യൂണിവേഴ്‌സിറ്റി ഫോറവും; സിലബസുമായി മുന്നോട്ട് പോകുമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th July 2025, 12:58 pm

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിലബസില്‍ നിന്നും വേടന്റേയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കണമെന്ന പരാതി നല്‍കിയത് ബി.ജെ.പി അനുഭാവികളും സേവ് യൂണിവേഴ്‌സിറ്റി ഫോറവുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ വേടന്റേയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകള്‍ സിലബസില്‍ നിന്ന് മാറ്റത്തിനുള്ള നിര്‍ദേശം നിയമവിരുദ്ധമെന്ന് അധ്യാപകരും സിന്‍ഡിക്കേറ്റ് പ്രതിനിധികളും പ്രതികരിച്ചു. ബി.എ മലയാളം, ഭാഷയും സാഹിത്യവും പഠന ബോര്‍ഡ് മൂന്നാം സെമിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരുന്ന വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന റാപ് പാട്ടിനെതിരെയാണ് ഇവര്‍ പരാതി നല്‍കിയത്.

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് സർവ്വകലാശാല സിൻഡിക്കേറ്റിലേയ്ക്ക് എത്തിച്ച ബി.ജെ.പി പ്രതിനിധി അനുരാജ് എ.കെ, സെനറ്റ് അംഗം എ.വി ഹരീഷ് എന്നിവരും അഭിഷേക് പള്ളിക്കര, രാജീവ് കുമാർ വി.ടി. എന്നീ ബി.ജെ.പി അനുഭാവികളുമാണ് വേടന്റെ പാട്ടിനെതിരെ രംഗത്തെത്തിയത്.

എന്നാല്‍ വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയ സിലബസുമായി മുന്നോട്ട് പോകുമെന്ന് മലയാളം യു. ജി ബോര്‍ഡ് ചെയര്‍മാന്‍ എം. എസ്. അജിത് പറഞ്ഞു. സിലബസിനെ കുറിച്ച് പരാതിയുണ്ടെങ്കില്‍ ഭാഷ വിഭാഗം ഡീനും അക്കാദമിക് കൗണ്‍സിലും പഠിച്ച് തിരുത്തണമെന്നും എം. എം. ബഷീറിന്റെ റിപ്പോട്ടിനെ കുറിച്ച് സര്‍വകലാശാല യാതൊരുവിധ അറിയിപ്പും നല്‍കിയിട്ടില്ലെന്നും എം. എസ്. അജിത്. സിലബസ് യൂണിവേഴ്സിറ്റിക്ക് കൊടുത്തതിന് ശേഷം അതിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് വി.സി അംഗീകരിക്കുകയായിരുന്നു. പുറത്തുനിന്ന് ഒരാള്‍ക്കും പരാതിയെ കുറിച്ച് പഠിക്കാനാകില്ലെന്നും അതിന് നിയമ സാധുതയില്ലെന്നും ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇരുവരുടെയും പാട്ടുകള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അവ ഒഴിവാക്കാന്‍ മുന്‍ മലയാളം വിഭാഗം മേധാവി എം. എം. ബഷീര്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ എന്ന പാട്ടും വേടന്റെ പാട്ടും തമ്മിലുള്ള താരതമ്യ പഠനവും ഗൗരി ലക്ഷ്മിയുടെ ‘അജിത ഹരേ’ എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനവുമാണ് സെമസ്റ്ററില്‍ ഉള്‍പ്പെടുത്തിയത്.

അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള താരതമ്യ പഠനമായിരുന്നു തീരുമാനത്തിന് പിന്നിലെ ലക്ഷ്യം. എന്നാല്‍ സര്‍വകലാശാലയിലെ ബി.ജെ.പി അനുകൂല സിന്‍ഡിക്കേറ്റ് അംഗം ഉള്‍പ്പെടെ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. സിന്‍ഡിക്കേറ്റ് അംഗമായ എ.കെ. അനുരാജാണ് വി.സിക്ക് പരാതി നല്‍കിയത്.

കലയിലും പഠനത്തിലുമൊക്കെ മഹത്തായ പാത സൃഷ്ടിച്ചിട്ടുള്ള ഭാരതീയസംസ്‌കാരത്തെ അറിഞ്ഞോ അറിയാതെയോ വെല്ലുവിളിക്കുന്ന ശൈലി ഹിരണ്‍ദാസെന്ന വേടന്റെ പാട്ടുകളിലും നിലപാടുകളിലും പ്രകടമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എ.കെ. അനുരാജിന്റെ പരാതി. ഇതിന്റെ പശ്ചാത്തലത്തില്‍ പരാതികള്‍ പഠിക്കാന്‍ വൈസ് ചാന്‍സലര്‍ സി. രവീന്ദ്രന്‍ എം.എം. ബഷീറിനെ നിയോഗിക്കുകയായിരുന്നു.

എന്നാല്‍ വേടന് പുറമെ ഗൗരി ലക്ഷ്മിയുടെ ‘അജിത ഹരേ മാധവ’ എന്ന പാട്ടും സിലബസില്‍ നിന്ന് ഒഴിവാക്കണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ രണ്ട് പാട്ടുകളും വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റാപ്പിനെ ഒരു ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിന്റെ സാഹിത്യത്തില്‍ ആശയപരമായ ആഴമില്ലെന്നുമാണ് എം.എം. ബഷീറിന്റെ കണ്ടെത്തല്‍.

Content Highlight: BJP and Save University Forum file complaint to remove Vedan’s song; Report says they will go ahead with syllabus