തിരുവനന്തപുരത്ത് ലോക്‌സഭയിലെ വോട്ട് നിലനിര്‍ത്താന്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനുമായില്ല; നേട്ടം എല്‍.ഡി.എഫിനെന്ന് ജോണ്‍ ബ്രിട്ടാസ്
Kerala
തിരുവനന്തപുരത്ത് ലോക്‌സഭയിലെ വോട്ട് നിലനിര്‍ത്താന്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനുമായില്ല; നേട്ടം എല്‍.ഡി.എഫിനെന്ന് ജോണ്‍ ബ്രിട്ടാസ്
അനിത സി
Monday, 15th December 2025, 1:59 pm

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയുണ്ടായപ്പോഴും ആശ്വസിക്കാനുള്ള വകയും വോട്ടിന്റെ എണ്ണത്തിന്റെ കാര്യത്തിലുണ്ടെന്ന് വിശദീകരിച്ച് ജോണ്‍ ബ്രിട്ടാസ് എം.പി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ശശി തരൂരും ഒരു പോലെ അഭിനന്ദിച്ചതുപോലെ തിളക്കമാര്‍ന്ന വിജയം ബി.ജെ.പിക്കുണ്ടായില്ലെന്ന് കണക്കുകള്‍ വിശദീകരിച്ചുകൊണ്ട് ബ്രിട്ടാസ് അഭിപ്രായപ്പെട്ടു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായി എന്നതില്‍ തര്‍ക്കമില്ലെന്നും, വിശദാംശങ്ങള്‍ പഠിച്ചു തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വോട്ടിങ് നില പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന യഥാര്‍ത്ഥ ചിത്രം പ്രകാരം ബി.ജെ.പിക്കും കോണ്‍ഗ്രസിനും വലിയ നേട്ടമുണ്ടാക്കാനായില്ലെന്നും പകരം വോട്ടിന്റെ കാര്യത്തില്‍ ഇടിവാണുണ്ടായതെന്നും കുറിപ്പില്‍ പറയുന്നു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കുകള്‍ താരതമ്യം ചെയ്താണ് ബ്രിട്ടാസിന്റെ പോസ്റ്റ്.

2024ല്‍ ബി.ജെ.പിക്ക് 2,13,214 വോട്ട് ലഭിച്ചെങ്കില്‍ 2025 തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് 1,65,891 ആയി കുറഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ട് 1,84,727ല്‍ നിന്നും 1,25,984 ആയി കുറഞ്ഞു. എന്നാല്‍, ഇടതുപക്ഷത്തിന്റെ വോട്ട് 1,29,048ല്‍ നിന്നും 1,67,522 ആയി വര്‍ധിച്ചെന്നും ബ്രിട്ടാസ് ചൂണ്ടക്കാണിക്കുന്നു.

ഉള്ളടക്കവും യാഥാര്‍ത്ഥ്യവുമല്ല പ്രതീതിയാണ് പ്രസക്തം എന്ന കാലത്തില്‍ ആണല്ലോ നമ്മളൊക്കെ ജീവിക്കുന്നതെന്നും ബ്രിട്ടാസ് കുറിപ്പിലൂടെ വിമര്‍ശിച്ചു.

കഴക്കൂട്ടം, തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്, കോവളം തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളില്‍ ലഭിച്ച വോട്ടുകളുടെ കണക്കുകള്‍ ഉള്‍പ്പെടുത്തിയാണ് ബ്രിട്ടാസിന്റെ പോസ്റ്റ്.

ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായി എന്നതില്‍ തര്‍ക്കമില്ല. വിശദാംശങ്ങള്‍ പഠിച്ചു തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ ദേശീയതലത്തില്‍ സൃഷ്ടിക്കപ്പെടുന്ന ആരവത്തിന്റെ പ്രഭവ കേന്ദ്രം തിരുവനന്തപുരം കോര്‍പ്പറേഷനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂരും ഒരുപോലെ ”ബിജെപിയുടെ തിളക്കമാര്‍ന്ന വിജയത്തെ” കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. വോട്ടിംഗ് നില പരിശോധിക്കുമ്പോള്‍ ഉരുതിരിയുന്ന യഥാര്‍ത്ഥ ചിത്രം എന്താണ്?

ലോക്‌സഭ 2024 ? തദ്ദേശ തിരഞ്ഞെടുപ്പ് 2025 (തിരുവനന്തപുരം കോര്‍പ്പറേഷന്‍):
കിട്ടിയ വോട്ടുകള്‍ താരതമ്യം ചെയ്യുമ്പോള്‍:

 ബി.ജെ.പി: 2,13,214 ? 1,65,891 (വോട്ടുകള്‍ കുറഞ്ഞു)
 കോണ്‍ഗ്രസ്: 1,84,727 ? 1,25,984 (കുത്തനെ ഇടിഞ്ഞു)
 ഇടതുപക്ഷം: 1,29,048 ? 1,67,522 (വര്‍ധനവ്)

ഉള്ളടക്കവും യാഥാര്‍ത്ഥ്യവുമല്ല പ്രതീതിയാണ് പ്രസക്തം എന്ന കാലത്തില്‍ ആണല്ലോ നമ്മളൊക്കെ ജീവിക്കുന്നത്.

Content Highlight: BJP and Congress failed to retain their votes in the Lok Sabha in Thiruvananthapuram; LDF wins, says John Brittas

 

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍