എംബാപ്പെക്ക് റോണോയെപോലെ കളിക്കാന്‍ സാധിക്കും; പ്രശംസയുമായി ഫ്രാന്‍സ് ലോകകപ്പ് ജേതാവ്
Football
എംബാപ്പെക്ക് റോണോയെപോലെ കളിക്കാന്‍ സാധിക്കും; പ്രശംസയുമായി ഫ്രാന്‍സ് ലോകകപ്പ് ജേതാവ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th November 2023, 10:35 am

പാരീസ് സെയ്ന്റ് ജെര്‍മെന്റെ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ പ്രശംസിച്ചു രംഗത്തെത്തിയിരിക്കുകയാണ് ഫ്രഞ്ച് മുന്‍ താരവും ലോകകപ്പ് ജേതാവുമായ ബിക്‌സന്റെ ലിസാറാസു.

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെപ്പോലെയുള്ള കഴിവുകള്‍ എംബാപ്പെക്കുണ്ടെന്നാണ് ലിസാറാസു പറഞ്ഞത്.

‘എംബാപ്പെ ചെയ്യുന്നതെല്ലാം അസാധാരണമാണ്. നമ്മള്‍ അത് തിരിച്ചറിയുന്നില്ല. എപ്പോള്‍ വേണമെങ്കിലും ഒറ്റയ്ക്ക് മത്സരത്തിന്റെ ഗതി മാറ്റാനുള്ള കരുത്ത് അവനുണ്ട്. അവന്‍ അത് കളികളത്തില്‍ പലതവണ ചെയ്തിട്ടുമുണ്ട്. അവന്‍ എതിര്‍ ടീമിന്റെ പ്രതിരോധത്തെ ഭയപ്പെടുത്തുകയും സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നു. കളിക്കളത്തില്‍ എല്ലാം ചെയ്യാന്‍ ആഗ്രഹിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെപ്പോലുള്ള ഒരു വ്യക്തിയുടെ കാര്യക്ഷമതയും മാനസികാവസ്ഥയും എംബാപ്പെക്കുണ്ട്,’ ലിസാറാസു ടെലിഫൂട്ടിനോട് പറഞ്ഞു.

2018 ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് എംബാപ്പെ. 2022 ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനക്കെതിരെ തകര്‍പ്പന്‍ ഹാട്രിക്ക് നേടിക്കൊണ്ട് മിന്നും പോരാട്ടവീര്യമാണ് ഫ്രഞ്ച് സൂപ്പര്‍ താരം കാഴ്ചവെച്ചത്.

ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിക്കൊപ്പം മികച്ച പ്രകടനമാണ് എംബാപ്പെ ഈ സീസണില്‍ നടത്തുന്നത്. 16 മത്സരങ്ങളില്‍ നിന്നും 16 ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിക്കൊണ്ട് മിന്നും ഫോമിലാണ് എംബാപ്പെ.

അടുത്തിടെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയറില്‍ 300 ഗോളുകളുടെ പുതിയ നാഴികകല്ലിലേക്കും എംബാപ്പെ കാലെടുത്തുവെച്ചിരുന്നു.

അതേസമയം പോർച്ചുഗീസ് സൂപ്പർ താരം റൊണാൾഡോ സൗദി ക്ലബ്ബ് അൽ നസറിൽ മിന്നും ഫോമിലാണ് കളിക്കുന്നത്. ഈ സീസണിൽ 19 മത്സരങ്ങളിൽ നിന്നും 18 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് റൊണാൾഡോയുടെ പേരിലുള്ളത്.

Content Highlight: Bixente Lizarazu praise kylian mbappe like Cristiano Ronaldo.