വെറും മൂന്ന് സിനിമകള്‍ കൊണ്ട് ഇന്‍ഡസ്ട്രിയുടെ ശ്രദ്ധാകേന്ദ്രമായി മാറിയ നടനാണ് ധ്രുവ് വിക്രം. സിനിമാലോകത്തേക്ക് കടന്നുവന്നിട്ട് ഏഴ് വര്‍ഷമായെങ്കിലും വെറും മൂന്ന് ചിത്രങ്ങളില്‍ മാത്രമേ ധ്രുവ് അഭിനയിച്ചുള്ളൂ. മൂന്നിലും പ്രകടനം കൊണ്ട് എല്ലാവരെയും ഞെട്ടിക്കാനും സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടാനും താരത്തിന് സാധിച്ചു.
ധ്രുവ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ബൈസണ്‍- കാളമാടന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. തന്റെ എല്ലാ സിനിമകളിലൂടെയും ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന മാരി സെല്‍വരാജാണ് ബൈസണ്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഈ വര്‍ഷം തമിഴിലെ ഏറ്റവും മികച്ച ചിത്രമായി ബൈസണ്‍ മാറുമെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നുണ്ട്.
തമിഴ്‌നാട്ടിലെ ഗ്രാമത്തില്‍ 1990കളില്‍ നടക്കുന്ന കഥയാണ് ബൈസണ്‍ പറയുന്നത്. കബഡിയെ ജീവന് തുല്യം സ്‌നേഹിക്കുന്ന സാധാരണക്കാരനായ യുവാവ് ദേശീയ ടീമില്‍ കളിക്കുന്നതും അതിനിടയില്‍ അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ കഥയെന്ന് ട്രെയ്‌ലര്‍ സൂചന നല്കുന്നുണ്ട്. മലയാളി താരം ലാലാണ് ചിത്രത്തിലെ വില്ലന്‍.
ജാതി വിവേചനവും അതിനെ എതിര്‍ത്ത് പോരാടേണ്ടി വരുന്ന നായകനും കുടുംബവുമെല്ലാം ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. നടനും സംവിധായകനുമായ അമീറും ബൈസണില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മാരി സെല്‍വരാജിന്റെ സ്ഥിരം പാറ്റേണിലുള്ള ചിത്രം സിനിമാപ്രേമികള്‍ സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
ചിത്രത്തിനായി മൂന്ന് മാസത്തോളം ധ്രുവ് കബഡി പരിശീലിക്കുകയും മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെയാകും ധ്രുവ് ബൈസണില്‍ കാഴ്ചവെക്കുകയെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നു. തമിഴിലെ അടുത്ത തലമുറയിലെ മികച്ച പെര്‍ഫോമര്‍മാരിലൊരാളായി പലരും ധ്രുവിനെ കണക്കാക്കുന്നുണ്ട്.
മലയാളികളായ രജിഷ വിജയനും അനുപമ പരമേശ്വരനുമാണ് ബൈസണിലെ നായികമാര്‍. പശുപതിയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. നിവാസ് കെ. പ്രസന്നയാണ് ചിത്രത്തിന്റെ സംഗീതം. പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസും അപ്ലോസ് എന്റര്‍ടൈന്മെന്റ്‌സുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒക്ടോബര്‍ 16ന് ചിത്രം തിയേറ്ററുകളിലെത്തും.