തിരുവസ്ത്രം: ചൂഷണത്തിന്റെ സഭാവഴികള്‍
Opinion
തിരുവസ്ത്രം: ചൂഷണത്തിന്റെ സഭാവഴികള്‍
ബച്ചു മാഹി
Wednesday, 12th September 2018, 5:28 pm

ബച്ചൂ മാഹി

രിത്രത്തില്‍ ആദ്യമായി, കന്യാസ്ത്രീകള്‍ സമരവുമായി തെരുവിലേക്ക് ഇറങ്ങിയതിന് നാം സാക്ഷ്യം വഹിക്കുകയാണ്. ഒരു മഠത്തിലെ മുഴുവന്‍ കന്യാസ്ത്രീകളും തെരുവിലേക്ക് സമരവുമായി ഇറങ്ങി, സ്ത്രീപീഡകനായ ഒരു ബിഷപ്പിന്റെ ലൈംഗിക അതിക്രമ വിഷയത്തില്‍ നീതി തേടുന്നത് കുറ്റവാളിയെ സംരക്ഷിക്കുന്നു എന്നവര്‍ക്ക് ബോധ്യമുള്ള സഭയോടല്ല, നമ്മുടെ ഭരണകൂടത്തോട്, നീതിന്യായ സംവിധാനങ്ങളോടാണ്. ആ സമരത്തോട് ഐക്യപ്പെടാനും നീതിക്കായുള്ള പോരാട്ടത്തില്‍ ഒപ്പം നില്‍ക്കാനും ഏതൊരു ജനാധിപത്യ വിശ്വാസിക്കും ബാധ്യതയുണ്ട്.

“ഫ്രാങ്കോയെ സംരക്ഷിക്കുന്നത് എന്തിന് വേണ്ടി?!” എന്ന അവരുടെ പ്ലക്കാര്‍ഡിലെ ചോദ്യവും “WE NEED JUSTICE” എന്നവര്‍ തേടുന്നതും “ഞങ്ങളുടെ ജീവന്‍ അപകടത്തില്‍!” എന്നവര്‍ ഉണര്‍ത്തിക്കുന്നതും സമൂഹമനസ്സാക്ഷിയോട് കൂടിയാണ്. ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാട്ടി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കുറവിലങ്ങാട് മഠത്തിലെ ഒരു കന്യാസ്ത്രീ പോലീസില്‍ പരാതിപ്പെട്ടിട്ട് രണ്ടരമാസം പിന്നിട്ടു. ഇതുവരെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള യാതൊരു നീക്കവും നടന്നിട്ടില്ല.

ഇതിനകം അതേ ബിഷപ്പിനെതിരെ പരാതിയുമായി കന്യാസ്ത്രീകളും തിരുവസ്ത്രം ഊരിയവരുമുള്‍പ്പെടെ കൂടുതല്‍പേര്‍ രംഗത്തുവന്നിട്ടുമുണ്ട്. ഇപ്പോഴും ബിഷപ്പ് സംരക്ഷിതനായി തുടരുന്നുണ്ട്. അയാളുടെ നേര്‍ക്കുനേര്‍ വക്കാലത്ത് ഏറ്റെടുത്ത് പരാതിപ്പെട്ട ആളെയും സമരരംഗത്തുള്ള മറ്റു കന്യാസ്ത്രീകളെയും അങ്ങേയറ്റം അധിക്ഷേപിച്ച് ഒരു ജനപ്രതിനിധി രംഗത്തുവന്നതിനും നാം സാക്ഷിയായി.

മുന്‍പ് ഐക്യ ജനാധിപത്യ മുന്നണിയുമായി മാത്രം ഒട്ടിനിന്ന ചരിത്രമുള്ള സഭയുമായി കഴിഞ്ഞ ഒരു വ്യാഴവട്ടമായി തുടരുന്ന ബാന്ധവത്തിന്റെ ലഹരിക്ക് യാതൊരു ഭംഗവും ഉണ്ടാക്കാതിരിക്കാന്‍ ഭരണമുന്നണി പുലര്‍ത്തുന്ന ബദ്ധശ്രദ്ധയാകണം ബലാല്‍സംഗവീരന്‍ എന്ന് ഇതിനകം മുദ്രകിട്ടിയ ബിഷപ്പിനെതിരെ രേഖാമൂലം പരാതിയും തെളിവും ഉണ്ടായിട്ടും നടപടി ഉണ്ടാകാത്തത്.

മേലിലും ഏതൊരു ബിഷപ്പോ വികാരിയോ എത്ര ഗുരുതരമായ കുറ്റങ്ങള്‍ ചെയ്താലും സഭ ഇങ്ങോട്ട് വിളിച്ചു “നിങ്ങള്‍ അറസ്റ്റോ കേസോ കൈക്കൊള്ളുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല; നടപടികള്‍ ആയിക്കൊള്ളൂ” എന്ന് പറയാത്തിടത്തോളം സര്‍ക്കാര്‍ / പോലീസ് നടപടി എടുക്കുമോ എന്ന് സന്ദേഹിപ്പിക്കുന്നതാണ് സമകാലികസംഭവങ്ങള്‍. സര്‍ക്കാര്‍ മാത്രമല്ല പ്രതിപക്ഷ കക്ഷികളും അവര്‍ പണ്ടേ ഏര്‍പ്പെട്ടിട്ടുള്ള സഭാപ്രീണനം മുറയ്ക്ക് തുടരുന്നു.

ചെറിയൊരു ഫ്‌ലാഷ്ബാക്ക്:

2015: മറ്റൊരു കുരിശേറ്റലോടെയാണ് കത്തോലിക്കാ സഭ അക്കൊല്ലത്തെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചത്. ഓശാനത്തിരുനാളിന് തലേന്ന്, സിസ്റ്റര്‍ അനീറ്റയെന്ന നീതിമതിയുടെ രക്തം ബലി നല്‍കി, ചില വിശുദ്ധ പീഡകരുടെ മാനം സുരക്ഷിതമാക്കി. അതിനും അഞ്ച് വര്‍ഷം മുന്‍പ് മധ്യപ്രദേശിലെ ഒരു സഭാസ്‌കൂളില്‍ അധ്യാപികയായി അയക്കപ്പെട്ട അനീറ്റ, അവിടത്തെ ധ്യാനഗുരുവായ ഇടുക്കി സ്വദേശി വൈദികന്റെ ലൈംഗികമോഹത്തെ ചെറുത്തതിനെ തുടര്‍ന്നാണ് പീഡനപര്‍വ്വം ആരംഭിക്കുന്നത്.

സംഭവം പുറത്തറിയാതിരിക്കാന്‍ രായ്ക്കുരാമാനം അവരെ ഇറ്റലിയിലേക്ക് നാട് കടത്തി. അവിടെ ഒരു വൃദ്ധസദനത്തില്‍ മൂന്ന് വര്‍ഷം അക്ഷരാര്‍ഥത്തില്‍ അടിമപ്പണി. പട്ടിണിക്കിട്ടതുള്‍പ്പെടെ വിവിധങ്ങളായ മാനസിക-ശാരീരിക പീഡകള്‍. പീഡന ശ്രമം പുറത്ത് പറയാതിരിക്കാന്‍ ഭീഷണികള്‍.

ഒടുക്കം 2015 ഫെബ്രുവരി എട്ടിന് ഇറ്റലിയിലെ മഠത്തില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന്, മാതൃസ്ഥാപനമായ ആലുവയിലെ കോണ്‍വെന്റില്‍ തിരികെ എത്തിയെങ്കിലും അവിടെ പ്രവേശിപ്പിക്കാതെ തെരുവിലേക്ക് തള്ളിയതിനെ തുടര്‍ന്നാണ് തന്നെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് അവര്‍ നിരാഹാരം തുടങ്ങിയതും, തുടര്‍ന്ന് ഫാ. പോള്‍ തേലക്കാട്ടിന്റെ അധ്യക്ഷതയില്‍ മധ്യസ്ഥ ചര്‍ച്ച നടന്നതും. നഷ്ടപരിഹാരമായി 12 ലക്ഷം നല്‍കി, സഭാവസ്ത്രം ഊരി വാങ്ങി അവരെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒന്നിനെക്കുറിച്ചും മാധ്യമങ്ങളോട് സംസാരിക്കരുത് എന്ന വിലക്കുമുണ്ടായി.

അഭയക്കേസില്‍ അടക്കം അനുവര്‍ത്തിച്ചു വന്ന, കുറ്റവാളികളായ പുരോഹിതരെ ഏത് വിധേനയും സംരക്ഷിക്കുക എന്ന നയത്തിന്റെ തുടര്‍ച്ച തന്നെയാണിതും. ലൈംഗിക ചൂഷണത്തിനെതിരെ തുറന്നു പറയാന്‍ മുന്നോട്ട് വരുന്നവരുടെ ഗതി എന്ത് എന്ന് ജെസ്മിയും അനീറ്റയും മേരിയും കുറവിലങ്ങാട്ടെ കന്യാസ്ത്രീയും ഉദാഹരണങ്ങള്‍ തീര്‍ക്കുമ്പോള്‍ പറയാതെ പോകുന്നവയുടെ അളവ് ഊഹിച്ചാല്‍ മതി.

മഠങ്ങള്‍ക്ക് ഉള്ളില്‍ നടക്കുന്ന അരുതായ്മകള്‍ക്കും അഴിമതികള്‍ക്കും എതിരെ പലപ്പോഴും ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തിയതിന്റെ പേരില്‍, മാനസികരോഗിയെന്ന് വരുത്തിതീര്‍ത്ത് സ്ഥിരമായി സെല്ലില്‍ അടക്കാനുള്ള നീക്കം മണത്തറിഞ്ഞാണ് സിസ്റ്റര്‍ ജെസ്മി പുറത്ത് ചാടുന്നതും, സഭാവസ്ത്രം ഉപേക്ഷിക്കുന്നതും. ആ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള “ആമേന്‍ – ഒരു കന്യാസ്ത്രിയുടെ ആത്മകഥ” (പ്രസി: ഡിസി ബുക്‌സ്) എന്ന ആത്മകഥാപരമായ പുസ്തകരചനയിലേക്ക് നയിച്ച സാഹചര്യത്തെ അതേ കൃതിയില്‍ സിസ്റ്റര്‍ ജെസ്മി ഇങ്ങനെയാണ് വരച്ചിടുന്നത്:

“”തങ്ങളുടെ നേര്‍നടുവില്‍ സ്ഥിതി ചെയ്യുന്ന കാരാഗൃഹതുല്യമായ അടച്ചുകെട്ടിനുള്ളില്‍ എന്താണു സംഭവിയ്ക്കുന്നതെന്നറിയാനുള്ള അവകാശം സമൂഹത്തിനുണ്ട്. അവര്‍ (സന്യസ്തര്‍) തങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിന്റെ നാനാ വശങ്ങളിലേയ്ക്കും കടന്നു ചെന്നു പഠിപ്പിക്കുകയും വഴികാട്ടുകയും പ്രകോപിപ്പിയ്ക്കുകയും സാന്ത്വനിപ്പിയ്ക്കുകയും ചെയ്യുന്നു. എന്നിട്ടും അതേ ആളുകള്‍ക്ക് അവര്‍ നിഗൂഢരായി അവശേഷിയ്ക്കുന്നു. “സാധാരണ കാര്യങ്ങളില്‍ പോലും നാമിത്ര മാത്രം രഹസ്യം സൃഷ്ടിയ്ക്കുന്നതെന്തിനാണ്” എന്നതാണ് എന്റെ ആവര്‍ത്തിച്ചുള്ള ചോദ്യം.

“യേശുവിന്റെ മാര്‍ഗ”ത്തിലാണു നാം നീങ്ങുന്നതെങ്കില്‍ മറയ്ക്കാന്‍ യാതൊന്നുമില്ല. സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടേണ്ടതുണ്ട്. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ അനീതിയും നെറികേടും അന്യായവും ആയ ഇടപാടുകളുള്ളപ്പോള്‍ മാത്രമാണു രഹസ്യമാക്കി വയ്ക്കാനുള്ള പ്രവണത ഉദിക്കുന്നത്.””

മഠങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ദുരൂഹമരണങ്ങളില്‍ സിസ്റ്റര്‍ അഭയയുടെ കൊലപാതകം ഒന്ന് മാത്രമാണ് പൊതു ചര്‍ച്ചക്ക് പാത്രീഭവിച്ചത്. ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്കിപ്പുറവും തെളിയിക്കപ്പെടാതെ കിടക്കുമ്പോഴും, അതിന്റെ ഉള്‍പ്പിരിവുകള്‍ സമൂഹത്തിന് ഏറെക്കുറെ വ്യക്തമാണ്. സഭയുടെ അദൃശ്യസ്വാധീനം എവിടെയൊക്കെ പരന്ന് കിടക്കുന്നു എന്ന് ബോധ്യപ്പെടുത്തുക കൂടി ചെയ്തു അഭയ കേസ്.

2008 ആഗസ്റ്റില്‍ കൊല്ലം ജില്ലയിലെ കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സിസ്റ്റര്‍ അനുപമ, തന്റെ മരണത്തിനുത്തരവാദി മദര്‍ സുപ്പിരിയര്‍ സിസ്റ്റര്‍ അല്‍ബീനയാണെന്ന് എഴുതി വെച്ചിരുന്നു. തന്നെയവര്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി സിസ്റ്റര്‍ അമ്മയോടും സഹോദരിയോടും പരാതി പറഞ്ഞിരുന്നത്രെ. പോലീസ് കേസെടുത്തെങ്കിലും അന്വേഷണം തേഞ്ഞ്മാഞ്ഞു പോയി. കോട്ടയത്തെ ഒരു കോണ്‍വെന്റില്‍ വിഷം കഴിച്ച് മരിച്ചതായി കാണപ്പെട്ട സിസ്റ്റര്‍ ലിസ… ഇക്കഴിഞ്ഞ ദിവസം കിണറ്റില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കാണപ്പെട്ട സിസ്റ്റര്‍ സൂസന്‍. പെട്ടെന്ന് ഓര്‍മ്മയില്‍ വന്ന ചില പേരുകള്‍. ഇങ്ങനെ വെളിയില്‍ വന്നതും അല്ലാത്തതുമായി ഒട്ടനവധി മരണങ്ങള്‍.

നമ്മുടെ ഭാവനകള്‍ക്ക് അപ്പുറമുള്ള സാമ്പത്തിക ചൂഷണവശം കൂടിയുണ്ട് കന്യാസ്ത്രീ സമ്പ്രദായത്തിന്. ഡോക്ടര്‍ ആയും നഴ്‌സായും എയിഡഡ് / അണ്‍ എയിഡഡ് സ്‌കൂള്‍ / കോളേജുകളിലെ അദ്ധ്യാപകര്‍ ആയുമൊക്കെ ജോലി ചെയ്യുന്നവര്‍ അനവധിയാണ്. സഭയുടെ സ്വന്തം സ്ഥാപനങ്ങളില്‍ വേതനമില്ലാ സേവനം, സര്‍ക്കാര്‍ ജോലിയോ എയിഡഡ് സ്ഥാപനങ്ങളിലോ ആണെങ്കില്‍ ആ ശമ്പളം വാങ്ങി മഠത്തിലേക്ക് / പ്രൊവിന്‍സിലേക്ക് നല്‍കുക എന്നതാണ് ചട്ടം.

മാത്രവുമല്ല സന്യസ്ത സമൂഹത്തില്‍ അംഗമാകുന്ന വേളയില്‍ കുടുംബത്തിലെ വീതം ഉള്‍പ്പെടെ വാങ്ങി എല്ലാ സ്വകാര്യ ധനവും ആസ്തികളും മഠത്തിലേക്ക് മുതല്‍ കൂട്ടണം. ഇനി പുറന്തള്ളപ്പെടുകയാണെങ്കിലും കവര്‍ന്നെടുക്കപ്പെട്ട സ്വത്തോ വര്‍ഷങ്ങളുടെ അധ്വാനഫലമോ ഒന്നും കൊടുക്കില്ല. അനീറ്റ പൊതുസമൂഹത്തിന് മുന്നില്‍ വരികയും മരണം വരെ നിരാഹാരം ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ പ്രഖ്യാപിച്ചത് കൊണ്ട് മാത്രമാണ് നാമമാത്ര നഷ്ടപരിഹാരമെങ്കിലും നല്‍കാന്‍ സമ്മതിച്ചത്.

2016-ല്‍ ഇരുപത്തിയൊന്നു വര്‍ഷം ധരിച്ച തിരുവസ്ത്രം ഊരിമാറ്റി സഭാപീഡനത്തിനെതിരെ പരസ്യമായി രംഗത്തുവന്ന സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍, സഭയുടെ കീഴിലെ എയിഡഡ് സ്‌ക്കൂള്‍ അധ്യാപിക കൂടിയായിരുന്നു. ഇല്ലാത്ത സ്റ്റാഫിനെ പേ റോളില്‍ കടത്തിക്കൂട്ടി സര്‍ക്കാരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വെട്ടിക്കുന്നതിനെ ചോദ്യം ചെയ്ത നാള്‍ മുതല്‍ മേധാവികളുടെ കണ്ണിലെ കരടായി. മാനസിക രോഗിയാക്കി ചികില്‍സിപ്പിച്ചു; മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുത്തി. ഒടുക്കം സഹികെട്ട് വ്രതമോചനത്തിന് അനുമതി നേടി, അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോള്‍ മോഷണം ആരോപിച്ച് പോലീസിലും കുട്ടികളെ മാനസിക പീഡനത്തിന് വിധേയരാക്കുന്നുവെന്ന് ശിശുക്ഷേമ സമിതിയിലും തനിക്കെതിരെ വ്യാജപരാതി നല്‍കിയാണ് അവര്‍ തിരിച്ചടിച്ചത്.

15 വര്‍ഷമായി അധ്യാപികയായ തനിക്കു ശമ്പള ഇനത്തില്‍ ലഭിച്ച 40 ലക്ഷത്തോളം രൂപ മഠത്തിലേക്ക് നല്‍കിയിട്ടുണ്ട്. പ്രതിമാസം 100 രൂപ മാത്രമാണ് എണ്ണയും സോപ്പും വാങ്ങുന്നതിനു നല്‍കിയിരുന്നത്. അതുകൊണ്ടു തന്നെ നഷ്ടപരിഹാരം നല്‍കുക കേവലന്യായം മാത്രം. സിസ്റ്റര്‍മാരായ ജീവനക്കാരുടെ ശമ്പള ഇനത്തില്‍ മാത്രം ഏകദേശം 2 കോടി രൂപയോളം രൂപ പ്രതിമാസം അവര്‍ ഉള്‍ക്കൊള്ളുന്ന പാലാ രൂപതയ്ക്ക് മാത്രം വരുമാനമുണ്ടത്രേ. സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് പ്രകാരം.

ദാരിദ്ര്യവ്രതം എന്ന മറവിലാണ് കന്യാസ്ത്രീകളുടെ വേതനം തട്ടിയെടുക്കപ്പെടുന്നത്. അയ്യായിരം മുതല്‍ ഒന്നര ലക്ഷം രൂപ വരെയാകാം ഒരു കന്യാസ്ത്രീക്ക് അര്‍ഹമായ / ലഭ്യമായ വേതനം. വിദേശസേവനം ആണെങ്കില്‍ അതിലും കൂടാം. അവരുടെ വരുമാനം കവര്‍ന്ന്, നൂറ് മുതല്‍ അഞ്ഞൂറ് വരെ രൂപയാണ് അവര്‍ക്ക് മാസ അലവന്‍സ് അനുവദിക്കുന്നത്.

തനിക്ക് കിട്ടുന്ന 75 രൂപയില്‍ മാസചെലവുകള്‍ നിവര്‍ത്തിക്കണം എന്നതിനാല്‍ ഒരു ചെരിപ്പ് വാങ്ങാതെ കഷ്ടപ്പെട്ടതിനെ കുറിച്ച് ജെസ്മി “ആമേന്‍” എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. രണ്ട് അടിവസ്ത്രങ്ങളുമായി കൊല്ലം മുഴുക്കെ കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെട്ടതിനെക്കുറിച്ച് അവര്‍ ഒരു ടീവി ചര്‍ച്ചയിലും പറഞ്ഞിരുന്നു. (അതിന് മറുപടിയായി “എന്നാല്‍ ഇനിയൊരു ബെന്‍സ് കാറും കൂടെ ആകാം” എന്ന് തേലക്കാട്ടച്ചന്‍ അതേ ടി.വി. ചര്‍ച്ചയില്‍ പരിഹസിക്കുകയും ചെയ്തു).

ഇവിടെയും സാമ്പത്തിക ഭദ്രതയുള്ള വീടുകളില്‍ നിന്ന് വരുന്നവര്‍ക്ക് ബന്ധുജനത്തിന്റെ പിന്തുണ ലഭിക്കാം. തലപ്പത്ത് ഉള്ളവരുടെ പ്രത്യേക പ്രീതിക്ക് പാത്രമായവര്‍ക്ക് വഴിവിട്ട ആനുകൂല്യങ്ങള്‍ കരഗതമാക്കാം. പുരുഷസന്യസ്തര്‍ക്ക് മേല്‍ ഇവയൊന്നും ഇത്രമേല്‍ ശുഷ്‌കാന്തിയോടെ അടിച്ചേല്പിക്കപ്പെടാറുമില്ല.

പല കന്യാസ്ത്രീകളും എയിഡഡ് മേഖലയില്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരാണ്. സ്‌കൂള്‍ ടീച്ചര്‍മാരുടെ ശമ്പളം 25,000 നും 65,000നും ഇടക്ക് ആണെങ്കില്‍, കോളേജ് അധ്യാപകരുടെത് നാല്പത്തി അഞ്ചിനും ഒരു ലക്ഷത്തി പതിനഞ്ചായിരത്തിനും ഇടയ്ക്ക് ആണ്. ഈ പൊതുപണം കന്യാസ്ത്രീകളെ ബലിയാടാക്കി മഠത്തിലേക്കും പ്രോവിന്‍സിലേക്കും ചേരുകയാണ്. പൊന്മുട്ട ഇടുന്ന താറാവുകള്‍ / കറവപ്പശുക്കള്‍ ആണ് കന്യാസ്ത്രീകള്‍. അപ്പോള്‍ ഇതര ചൂഷണ കഥകള്‍ പുറത്തറിഞ്ഞ് പെണ്‍കുട്ടികളെ പട്ടത്തിനു വിടാതിരിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ കൂടിയാകണം അത്തരം വാര്‍ത്തകള്‍ എങ്ങനെയും മൂടി വയ്ക്കാന്‍ സഭ തുനിയുന്നത്.

മുകളില്‍ പറഞ്ഞതൊക്കെയും സഭയുടെ വ്യത്യസ്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരോ പുറം സമൂഹവുമായി ഇടകലരുന്നവരെയോ കുറിച്ചാണെങ്കില്‍, അത്ര തന്നെ ഭാഗ്യവതികള്‍ അല്ലാത്ത മറ്റൊരു കൂട്ടര്‍ ഉണ്ട്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ, ഇതര മനുഷ്യജീവികളോട് സഹവാസം ഇല്ലാതെ സാമൂഹ്യജീവിതത്തില്‍ നിന്ന് പൂര്‍ണ്ണമായി ഉള്‍വലിഞ്ഞ് ജീവിക്കുന്ന ചില സന്യസ്ത മഠങ്ങളിലെ അന്തേവാസികള്‍. ആ കരിങ്കല്‍ ചുവരുകള്‍ക്കുള്ളില്‍ എന്ത് നടന്നാലും അതൊന്നും ഒരിക്കലും പുറത്തറിയാന്‍ പോകുന്നില്ല.

“കന്യാവ്രത”ത്തിന്റെ പേരില്‍ ശരീരചോദനകളെ, ലൈംഗികത എന്ന പ്രകൃതിദത്തമായ അവകാശത്തെ സ്വയം നിഷേധിക്കുന്ന ഒരു കന്യാസ്ത്രീക്ക് പക്ഷേ, “അനുസരണവ്രത”ത്തിന്റെ പേരില്‍ സ്വന്തം ഹിതത്തിന് വിരുദ്ധമായും ബലാല്‍ക്കാരേണയും ബിഷപ്പിന്റെയോ പാതിരിയുടെയോ ധ്യാനഗുരുവിന്റെയോ മദര്‍ സുപ്പീരിയറിന്റെയോ ലൈംഗികചൂഷണങ്ങള്‍ക്കും വൈകൃതങ്ങള്‍ക്കും വഴങ്ങിക്കൊടുക്കേണ്ടി വരുന്ന, എതിര്‍ക്കാനോ പരാതിപ്പെടാനോ വയ്യാത്ത വൈരുദ്ധ്യം ഒരു ഭാഗത്തുണ്ട്.

“ദാരിദ്ര്യവ്രത”ത്തിന്റെ പേരില്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട പണം പോലും കയ്യൊഴിച്ച് നല്ല ഭക്ഷണമോ വസ്ത്രമോ ചെരിപ്പോ പോലും മോഹിക്കാതെ കഴിയുന്നവരെക്കൊണ്ട്, സഭക്ക് വേണ്ടി സാമ്പത്തിക കുറ്റകൃത്യങ്ങളും ക്രമക്കേടുകളും ചെയ്യിക്കുന്ന അവസ്ഥ മറ്റൊരു ഭാഗത്തും.

സേവനത്തിന്റെയും ത്യാഗത്തിന്റെയും പട്ടുകുപ്പായമണിയിച്ച് സഭ സമര്‍ത്ഥമായി കൊണ്ട് നടക്കുന്ന ആധുനിക അടിമത്തമാണ് കന്യാസ്ത്രീ സമ്പ്രദായം. ഇവിടെ ചൂഷണം ചെയപ്പെടുന്നത് നിഷ്‌കളങ്കമായ വിശ്വാസം ഒന്ന് മാത്രമാണ്. പക്ഷേ, അതിന്റെ മനുഷ്യാവകാശ, സ്ത്രീയവകാശ, തൊഴിലവകാശ മാനങ്ങള്‍ ഏറെയൊന്നും ചര്‍ച്ച ചെയ്യപ്പെട്ട് കാണാറില്ല.

അടിമുടി ഇക്കിളി രസത്തില്‍ അഭിരമിക്കുന്ന ഒരു സമൂഹത്തിന് മറക്കെട്ടിനുള്ളില്‍ നടക്കുന്ന “ലൈംഗികകേളി”കളുടെ ക്ലിപ്പിങ്ങുകളോ ചൂടാര്‍ന്ന വിവരണങ്ങളോ കിട്ടുമോ എന്നതിലാണ് ഔത്സുക്യം. സിസ്റ്റര്‍ ജെസ്മിയുടെ “ആമേന്‍” എന്ന പുസ്തകം “ആത്മീയ അന്ത:പുരങ്ങളുടെ അകത്തളങ്ങളില്‍ എന്നാല്‍ ആത്മീയതയെ ഒട്ടും ത്രസിപ്പിക്കാതെ” നടമാടിയ അവകാശഹത്യകള്‍, ലൈംഗികചൂഷണങ്ങള്‍, അഴിമതികള്‍, അന്യായങ്ങള്‍ ഇവ പലതും തുറന്ന് കാട്ടിയെങ്കിലും, നളിനി ജമീലയുടെ ആത്മകഥക്കൊപ്പം തൂക്കമൊപ്പിക്കപ്പെടാന്‍ ആയിരുന്നു ആത്യന്തികവിധി.

സഭയെന്നത് ആധുനികയുഗത്തിലെ ഗോലിയാത്ത് ആണ്. പുരാണകഥയിലെ ഗോലിയാത്ത് ശക്തിയുടെ ഏകതാനതയില്‍ മാത്രം അഭിരമിച്ചവനായിരുന്നു. മസ്തകം തകര്‍ക്കാന്‍ പാഞ്ഞ ഒറ്റക്കല്ല് മതിയായിരുന്നു അന്ന് ആ ഭീമനെ വീഴ്ത്താന്‍. അധികാരത്തിന്റെയും ശക്തിയുടെയും സ്വാധീനത്തിന്റെയും തന്ത്രങ്ങളുടെതുമായ ഒട്ടനവധി തലകള്‍ ഉള്ള ഇന്നത്തെ ഗോലിയാത്തിനെ, ഭക്തിയുടെയും വിശുദ്ധിയുടെയും ചവണയും കല്ലും കൊണ്ട് സിസ്റ്റര്‍മാര്‍ ജെസ്മിയോ അനീറ്റയോ മേരി സെബാസ്റ്റ്യനോ പോലുള്ള ദുര്‍ബലര്‍ക്ക് വീഴ്ത്താന്‍ ഒക്കില്ല.

ഒന്നുകില്‍ തൊണ്ടയില്‍ നിന്ന് നിലവിളി പുറത്ത് വരാന്‍ പോലും അനുവദിക്കാതെ ഗോലിയാത്ത് നിങ്ങളെ ഞെരിച്ച് കളയും; അല്ലെങ്കില്‍ മാനസികവിഭ്രമമെന്ന് വരുത്തിത്തീര്‍ത്ത് ശിഷ്ടജീവിതം വല്ല സെല്ലിലും തള്ളി നീക്കേണ്ടി വരും. അതിനെയും അതിജീവിച്ച് വെളിയില്‍ വന്നാലും വിഷയാസക്തി കൊണ്ട് ചാടിയതാണെന്ന് പരിഹസിക്കപ്പെട്ട് സമൂഹഭ്രഷ്ട് നേരിട്ട് മരണതുല്യമായ ജീവിതം നയിക്കാം.

കന്യാസ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക പീഡനമോ ക്രമക്കേടുകളോ മാത്രമല്ല പ്രശ്‌നവല്‍ക്കരിക്കപ്പെടേണ്ടത്; അതിനും മറ്റനവധി ചൂഷണങ്ങള്‍ക്കും അടിത്തറ പാകുന്ന, സിസ്റ്റര്‍ ജെസ്മിയുടെ പ്രയോഗം കടമെടുത്താല്‍ “വെള്ളപ്പരപ്പിലെ വെള്ളത്താമര” പോലെ പുറംകാഴ്ചക്കാരെ പ്രചോദിപ്പിക്കുന്ന, കന്യാസ്ത്രീ സമ്പ്രദായം തന്നെയാണ്.

അതില്‍ അന്തര്‍ലീനമായ സ്ത്രീവിരുദ്ധതയും ലിംഗവിവേചനവും തൊഴില്‍ ചൂഷണവും സാമ്പത്തികചൂഷണവും തുറന്ന് കാട്ടപ്പെടണം. ജീവിതം എന്തെന്നറിയാത്ത പ്രായത്തില്‍, നിര്‍ബന്ധിക്കപ്പെട്ടോ സ്വമേധയോ എത്തിപ്പെടുന്ന “തെരഞ്ഞെടുപ്പ്” എന്ന കച്ചിത്തുരുമ്പില്‍ മൂടി വെക്കാവുന്നതല്ല, കന്യാസ്ത്രീ എന്ന സംജ്ഞയില്‍ തന്നെ തുടങ്ങുന്ന ഈ മാനവിക വിരുദ്ധത. സ്വശരീരത്തിന് മേലുള്ള നിര്‍ണ്ണയാവകാശവും ലൈംഗികത എന്ന വ്യക്തിഗത സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നത് കേവലം വിശ്വാസസ്വാതന്ത്ര്യത്തിന്റെ മാത്രം പ്രശ്‌നമായി ചുരുട്ടിക്കെട്ടാനും അനുവദിക്കപ്പെട്ട് കൂടാ.