
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം. യോഗത്തില്‍ സംസ്ഥാന മൃഗ സംരക്ഷണ വകുപ്പാണ് പക്ഷിപ്പനി നിയന്ത്രണ വിധേയമാണെന്നറിയിച്ചത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലും പക്ഷിപ്പനി നേരിടാനുള്ള മുന്‍ കരുതല്‍ തുടരാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
സംസ്ഥാനത്ത് ഇത് വരെ പക്ഷിപ്പനി ബാധിച്ച് 20000 താറാവുകള്‍ ചത്തതായാണ് കണക്കുകള്‍. രോഗം മൂലം ചത്ത മുഴുവന്‍ മുഴുവന്‍ താറാവുകള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. രോഗം ബാധിച്ച 1,82,469 താറാവുകളെയാണ് ഇത് വരെ കൊന്നിട്ടുള്ളത്. നേരത്തെ പക്ഷിപ്പനി ബാധിച്ചു ചത്ത് വീണിരുന്ന താറാവുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായിരുന്നില്ല.
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് പക്ഷിപ്പനി നിവാരണത്തിനായുള്ള ചിലവഴിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തിയിട്ടുണ്ട്. തനത് ഫണ്ടില്ലാത്ത സ്ഥാപനങ്ങള്‍ക്ക് മറ്റ് ഫണ്ടുകള്‍ വക മാറ്റി ചിലവഴിക്കാനും അനുമതിയുണ്ട്. ബോധ വത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആശ പ്രവര്‍ത്തകര്‍ക്ക് 500 വീതം ആനുകൂല്യമായി നല്‍കും.
അതേ സമയം അലപ്പുഴ ജില്ലയിലെ ചെന്നിത്തലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ പക്ഷികള്‍ ചത്തത് പനി കാരണമല്ലന്നായിരുന്നു ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം.
