ബിനീഷിനെ കാണാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിനോയ് കോടിയേരി
Kerala News
ബിനീഷിനെ കാണാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിനോയ് കോടിയേരി
ന്യൂസ് ഡെസ്‌ക്
Saturday, 31st October 2020, 7:55 am

ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ അനുമതി തേടി സഹോദരന്‍ ബിനോയ് കോടിയേരി ഇന്ന് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെത്തി ഹരജി നല്‍കാന്‍ ശ്രമിച്ചെങ്കിലും മടക്കി അയച്ച സാഹചര്യത്തിലാണ് ശനിയാഴ്ച ഹൈക്കോടതിയില്‍ നേരിട്ടെത്തുന്നത്.

ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും ബിനീഷിനെ കാണാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബിനോയ് ഹൈക്കോടതിയെ സമീപിക്കുക.

കഴിഞ്ഞ ദിവസം ബിനീഷിനെ കാണാന്‍ അനുമതി തേടി ബിനോയ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എത്തിയിരുന്നെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു.

രണ്ട് അഭിഭാഷകര്‍ക്കും 3 സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ബിനോയ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയത്. ജാമ്യാപേക്ഷയിലും മറ്റും ബിനീഷിന്റെ ഒപ്പ് വെക്കാനുണ്ടെന്ന് അറിയിച്ചെങ്കിലും ചോദ്യം ചെയ്യുന്നതിനിടെ ബിനീഷിനെ കാണാന്‍ അനുവദിക്കില്ലെന്ന് ഇ. ഡി അറിയിച്ചു.

തുടര്‍ന്നാണ് ബിനോയ് കഴിഞ്ഞ ദിവസം രാത്രി കര്‍ണാട ജഡ്ജിയുടെ വസതിയില്‍ നേരിട്ടെത്തി ഹരജി നല്‍കാന്‍ ശ്രമിച്ചത്. ജസ്റ്റിസ് അഭയ് ശ്രീനിവാസയുടെ വസതിയില്‍ എത്തി കാണാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാര്‍ മടക്കി അയക്കുകയായിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റിന്റെ ബെംഗളൂരു ഓഫീസില്‍ വെച്ചാണ് ബിനീഷിനെ ചോദ്യം ചെയ്തത്. കള്ളപ്പണ നിരോധന നിയമപ്രകാരവും ബിനീഷിനെതിരെ കേസെടുത്തിട്ടുണ്ട്.

കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചേര്‍ത്താണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

നേരത്തെ കേസില്‍ പിടിയിലായ അനൂപിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയ ബിനീഷ് ബിസിനസിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നും എന്‍ഫോഴ്സ്മെന്റ് പറഞ്ഞു.

വിവിധ അക്കൗണ്ടുകളില്‍ നിന്ന് നിരവധി തവണ അനൂപിന്റെ അക്കൗണ്ടിലേക്ക് പണം വന്നെന്നും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് പറഞ്ഞു.

അനൂപ് മുഹമ്മദിന് ലഭിച്ച പണത്തില്‍ ഭൂരിഭാഗവും ബിനീഷുമായി ബന്ധമുള്ളവരാണ് നല്‍കിയതെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. പരപ്പന അഗ്രഹാര ജയിലില്‍ വെച്ച് നടന്ന എന്‍ഫോഴ്സ്മെന്റ് ഡയരക്ട്രേറ്റ് ചോദ്യം ചെയ്യലില്‍ ഭൂരിഭാഗം പണവും ബിനീഷുമായി ബന്ധമുള്ളവരാണ് നല്‍കിയതെന്ന് അനൂപ് മുഹമ്മദ് പറഞ്ഞിരുന്നു.

ലഹരി മരുന്ന് ഇടപാട് നടത്താനുള്ള പണം എവിടെ നിന്ന് വന്നു, ബിനീഷിന് അതിലുള്ള പങ്ക് തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും എന്‍ഫോഴ്സ്മെന്റ് തിരക്കുന്നത്. അനൂപിന്റെ ബിസിനസ് കമ്പനികളും എന്‍ഫോഴ്സിന്റെ അന്വേഷണ പരിധിയില്‍ പെടും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Binoy Kodiyeri will approach high court today to meet Bineesh Kodiyeri