അസുഖമാണ്, മറ്റൊരു ദിവസം അനുവദിക്കണം; ഡി.എന്‍.എ പരിശോധനയ്ക്കുള്ള രക്തസാമ്പിള്‍ നല്‍കാതെ ബിനോയ്
Kerala
അസുഖമാണ്, മറ്റൊരു ദിവസം അനുവദിക്കണം; ഡി.എന്‍.എ പരിശോധനയ്ക്കുള്ള രക്തസാമ്പിള്‍ നല്‍കാതെ ബിനോയ്
ന്യൂസ് ഡെസ്‌ക്
Monday, 15th July 2019, 2:28 pm

മുംബൈ: ലൈംഗിക പീഡനകേസില്‍ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധയ്ക്ക് രക്തസാമ്പിള്‍ നല്‍കിയില്ല. അസുഖമാണെന്നും രക്തസാമ്പിള്‍ എടുക്കുന്നത് മറ്റൊരു ദിവസത്തേക്കും മാറ്റണമെന്നും ബിനോയ് ആവശ്യപ്പെട്ടു.

പരിശോധനയ്ക്കായി ഇന്ന് സാമ്പിള്‍ നല്‍കണമെന്നായിരുന്നു കഴിഞ്ഞ ആഴ്ച പൊലീസ് ആവശ്യപ്പെട്ടിരുന്നത്. കോടതി നിര്‍ദ്ദേശപ്രകാരം മുന്‍കൂര്‍ ജാമ്യവ്യവസ്ഥ അനുസരിച്ചാണ് ബിനോയ് കോടിയേരി ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയത്.

ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ച്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് നേരത്തെ ഡിന്‍ഡോഷി സെഷന്‍സ് കോടതി ബിനോയ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്.

അരമണിക്കൂര്‍ സ്റ്റേഷനില്‍ കാത്തിരുന്ന ശേഷമാണ് ബിനോയ് കോടിയേരിയെ അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിപ്പിച്ചത്. അസുഖമാണെന്നും അതിനാള്‍ രക്തസാമ്പിളെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ബിനോയ് കോടിയേരി ആവശ്യപ്പെടുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്കായി രക്തസാംപിള്‍ കൈമാറണമെന്ന് കോടതിയും ബിനോയ് കോടിയേരിയോട് നിര്‍ദേശിച്ചിരുന്നു.

ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയില്‍ ജാമ്യത്തില്‍ കഴിയുകയാണ് ബിനോയ് ഇപ്പോള്‍. ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്ന യുവതിയുടെ പരാതി ബിനോയ് അംഗീകരിച്ചിരുന്നു.