ബിനി കള്ളക്കേസ്; ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്ക് 5 ലക്ഷം പിഴ വിധിച്ച് ഹൈക്കോടതി
Kerala
ബിനി കള്ളക്കേസ്; ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്ക് 5 ലക്ഷം പിഴ വിധിച്ച് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th August 2025, 10:12 am

തൃശൂര്‍: ബിനി ടൂറിസ്റ്റ് ഹോം വാടകയ്ക്ക് നല്‍കിയ കൗണ്‍സില്‍ തീരുമാനം നിമയപരമല്ലെന്ന ഹരജി തള്ളി ഹൈക്കോടതി. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയത്. കോര്‍പറേഷന്റെ ഉടമസ്ഥയിലുള്ള ഈ ടൂറിസ്റ്റ് ഹോം വാടകയ്ക്ക് നല്‍കിയത് നിയമപരമല്ലന്നാണ് ഹരജിക്കാരുടെ വാദം. കോര്‍പ്പറേഷന് വരുമാനം ലഭിക്കുന്നതും നല്ല ഉദ്ദേശ്യത്തോടെയുള്ളതുമായ ഒരു നടപടിയെ, പ്രതികാര മനോഭാവത്തോടെ തടസപ്പെടുത്തുന്ന സമീപനമാണ് ഹരജിക്കാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു.

ഹരജിക്കാരായ വിനോദ് പൊള്ളഞ്ചേരി, പൂര്‍ണിമ സുരേഷ്, വി. ആതിര, എം.വി രാധിക, കെ.ജി. നിജി, എന്‍ പ്രസാദ് എന്നിവരും അഭിഭാഷകനായ അ ഡ്വ. പ്രമോദും അഞ്ച് ലക്ഷം രൂപ വീതം പിഴയടക്കാന്‍ കോടതി വിധിച്ചു. ഒരു മാസത്തിനകം പിഴ അടച്ച് രസീത് ഹാജരാക്കാന്‍ കോടതി പറഞ്ഞു.

ഓമന അശോകനായിരുന്നു 1990 മുതല്‍ 2020 വരെ ബിനി ഹോം സ്‌റ്റേ കരാറെടുത്തിരുന്നത്. 2020ല്‍ കെട്ടിടം കോര്‍പറേഷന് തിരിച്ചേല്‍പ്പിച്ചു. പിന്നീട് 2020 ഒക്ടോബര്‍, നവംബര്‍, 2021 ഫെബ്രുവരി, മാര്‍ച്ച്, നവംബര്‍, 2022ലും ടെന്‍ഡര്‍ വിളിച്ചു. എന്നാല്‍ ആരും കെട്ടിടം ഏറ്റെടുക്കാന്‍ തയ്യാറായില്ല.

2020ന് പൊതു ലേലം ക്ഷണിച്ചപ്പോള്‍ പി.എസ് ജനീഷ് ഇത് ഏറ്റെടുക്കുകയും 7.25 ലക്ഷം മാസ വാടക രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് കോര്‍പറേഷനുമായുള്ള ചര്‍ച്ചയില്‍ രൂപ 7.50 ലക്ഷമാക്കി ഉയര്‍ത്തി. വാടക വര്‍ധനവ് മൂന്നുവര്‍ഷത്തിലൊരിക്കല്‍ വരുത്താനും തീരുമാനിച്ചു. മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് ജനീഷ് കെട്ടിടം പുതുക്കി പണിയുകയും ബിനി ഹെറിറ്റേജാക്കി മാറ്റുകയും ചെയ്തു.

മേയര്‍ക്കും ഭരണപക്ഷത്തിനുമെതിരായുള്ള വ്യക്തിപരമായ അജന്‍ണ്ടകളും കരാറുകാരനായ ജനീഷിനോടുള്ള വ്യക്തിവൈരാഗ്യങ്ങളും വിദ്വേഷവുമാണ് ഇത്തരം ഹരജികള്‍ക്ക് പുറകിലുള്ളതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കരാറുകാരന് അനുകൂലമായ വിധിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടായത്. എന്നിട്ടും  അഡ്വ കെ. പ്രമോദ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ പ്രത്യേകം ഹരജി നല്‍കി. ഇത് പിഴ വിധിക്കാന്‍ കാരണമായി.

Content Highlight: Bini fake case; High Court imposes Rs 5 lakh fine on BJP councillors