കോടിയേരിയുടെ മകനായത് കൊണ്ട് ഇ.ഡി വേട്ടയാടുന്നു; കര്‍ണാടക ഹൈക്കോടതിയില്‍ ബിനീഷ്
Kerala News
കോടിയേരിയുടെ മകനായത് കൊണ്ട് ഇ.ഡി വേട്ടയാടുന്നു; കര്‍ണാടക ഹൈക്കോടതിയില്‍ ബിനീഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd September 2021, 7:35 pm

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തനിക്കെതിരായ ഇ.ഡി അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് കര്‍ണാടക ഹൈക്കോടതിയില്‍ ബിനീഷ് കോടിയേരി. കോടിയേരി ബാലകൃഷ്ണന്റെ മകനായതുകൊണ്ട് തന്നെ വേട്ടയാടുകയാണെന്നും ബിനീഷ് പറഞ്ഞു.

‘കെട്ടിച്ചമച്ച കഥകള്‍ അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുകയാണ്. കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഢാലോചനയാണ് പിന്നില്‍,’ ബിനീഷ് കൂട്ടിച്ചേര്‍ത്തു.

അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം മാത്രമാണ്. ലാഭവിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചതാണെന്നും ബിനീഷ് പറഞ്ഞു.

എന്നാല്‍ ഇ.ഡിക്ക് ഇത് ബോധ്യപ്പെടാത്തത് രാഷ്ട്രീയസമ്മര്‍ദ്ദം കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഡ്രൈവര്‍ അനിക്കുട്ടനും അരുണുമായി ഇടപാടുകളില്ലെന്നും ബിനീഷ് പറഞ്ഞു.

‘അനിക്കുട്ടനെ നിയന്ത്രിക്കുന്നത് താനല്ല. ഏഴുലക്ഷം മാത്രമാണ് തനിക്ക് വേണ്ടി അനിക്കുട്ടന്‍ നിക്ഷേപിച്ചത്. മറ്റ് ഇടപാടുകള്‍ ഒന്നും തന്റെ അറിവോടെയല്ല,’ ബിനീഷ് പറഞ്ഞു.

നേരത്തെ ബിനീഷിന്റെ ജാമ്യാപേക്ഷയെ ഇ.ഡി എതിര്‍ത്തിരുന്നു. ബിസിനസ് സംരംഭങ്ങളെ മറയാക്കി ബിനീഷ് വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചുവെന്നും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാതെ കോടികള്‍ ഒഴുക്കിയെന്നതുമാണ് പ്രധാന ആരോപണങ്ങള്‍.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഈ കേസില്‍ ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Bineesh Kodiyeri Black Money Kodiyeri Balakrishnan