സ്റ്റാര്‍ മാജിക് അങ്ങനെയുള്ള ഷോ അല്ല, എല്ലാം അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണ്; സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചെന്നാരോപണത്തില്‍ ബിനീഷ് ബാസ്റ്റിന്‍
Entertainment news
സ്റ്റാര്‍ മാജിക് അങ്ങനെയുള്ള ഷോ അല്ല, എല്ലാം അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണ്; സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചെന്നാരോപണത്തില്‍ ബിനീഷ് ബാസ്റ്റിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th September 2021, 6:29 pm

സന്തോഷ് പണ്ഡിറ്റിനെ ചാനല്‍ ഷോയില്‍ അപമാനിച്ചെന്ന ആരോപണത്തില്‍ പരിപാടിയെ ന്യായീകരിച്ച് സിനിമാ താരം ബിനീഷ് ബാസ്റ്റിന്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം പരിപാടിയെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ആണെന്നും, സന്തോഷ് പണ്ഡിറ്റിന് ഇപ്പോള്‍ ഉള്ളത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും ബിനീഷ് പറഞ്ഞു.

‘സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ആണ്. അവിടെ നടക്കുന്നതെല്ലാം തമാശയ്ക്ക് വേണ്ടി മാത്രം ഉള്ളതാണ്. സന്തോഷ് ജിയെ ആരും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇപ്പോള്‍ സന്തോഷ് ജിയ്ക്ക് ഉള്ളത് വെറും തെറ്റിദ്ധാരണയാണ്.

അവിടെ നടക്കുന്ന ഒരു കാര്യവും സ്‌ക്രിപ്റ്റഡല്ല. അതൊരു ചാറ്റ് ഷോ ആണ്. പരിപാടിയില്‍ ആളുകള്‍ പങ്കെടുക്കുന്നു, ചാറ്റ് ചെയ്യുന്നു, തമാശ പറയുന്നു ഇതൊക്കെയാണ് അവിടെ നടക്കുന്നത്.

സന്തോഷ് ജി അവിടെ വന്ന് പാട്ടൊക്കെ പാടി നല്ല എന്‍ജോയ്‌മെന്റായിരുന്നു. ഒരുപാട് പാട്ടുകള്‍ സന്തോഷ് ജി അവിടുന്ന് പാടി. അവിടെ വെച്ച് ഓരോ തമാശയും ആസ്വദിച്ച സന്തോഷ് ജി ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് മനസിലാവുന്നില്ല. എല്ലാം ജിയുടെ തെറ്റിദ്ധാരണയാണ്,’ ബിനീഷ് ബാസ്റ്റിന്‍ പറയുന്നു.

സ്റ്റാര്‍ മാജിക്കില്‍ ഇങ്ങനെ ആരെയും അപമാനിക്കാറില്ലെന്നും സ്റ്റാര്‍ മാജിക് അങ്ങനെയുളള പരിപാടി അല്ലെന്നും ബിനീഷ് പറയുന്നു. കോടിക്കണക്കിന് ആളുകളാണ് ഈ പരിപാടി ഇഷ്ടപ്പെടുന്നത്. വളരെ കുറച്ച് ആളുകള്‍ക്കേ ഈ പരിപാടി ഇഷ്ടമല്ലാത്തതുള്ളൂ. അവരാണ് സോഷ്യല്‍ മീഡിയയില്‍ ഈ പ്രശ്്‌നങ്ങള്‍ ഒക്കെ ഉണ്ടാക്കുന്നത്. അവരോടും സ്‌നേഹം മാത്രം, എന്നും ബിനീഷ് പറയുന്നു.

നേരത്തെ വിവാദത്തെ തുടര്‍ന്ന് നടന്‍ നിര്‍മല്‍ പാലാഴി പരിപാടിയില്‍ നിന്നും പിന്‍മാറുകയാണെന്ന് അറിയിച്ചിരുന്നു. സ്‌കിറ്റ് ചെയ്യാന്‍ അല്ലാതെ ചാറ്റിനോ ഗെയിം ചെയ്യാനോ പോകില്ല എന്നാണ് നിര്‍മല്‍ പാലാഴി പറഞ്ഞത്.

ഒരു സ്വകാര്യ ചാനല്‍ അവരുടെ കോമഡി പരിപാടിയിലേക്ക് വിളിച്ചുവരുത്തി തന്നെ അപമാനിച്ചെന്ന പരാതിയുമായി കഴിഞ്ഞ ദിവസം നടന്‍ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരുന്നു.

അതിഥിയായി ചെന്ന പരിപാടിയില്‍വെച്ച് തന്നെ മറ്റ് അതിഥികള്‍ അപമാനിക്കുകയായിരുന്നെന്നും ഇത് പരിപാടിയുടെ ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ തടഞ്ഞില്ല എന്നുമായിരുന്നു സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്

തന്നെ മനപൂര്‍വ്വം അപമാനിക്കുന്നതിനായാണ് അങ്ങനെ ചെയ്തതെന്ന് സംശയിക്കുന്നുണ്ടെന്ന് പറഞ്ഞ പണ്ഡിറ്റ് ഇനിയെങ്കിലും റേറ്റിംഗിനുവേണ്ടി ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. സംഭവത്തില്‍ പരിപാടിക്കെതിരെയും പരിപാടിയില്‍ പങ്കെടുത്ത മറ്റു താരങ്ങള്‍ക്കെതിരെയും വിമര്‍ശനമുയരുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Bineesh Bastin About Star Magic – Santhosh Pandit controversy