ന്യൂദല്‍ഹി: അമേരിക്കയെ നിശ്ചലമാക്കിയ 9/11 ആക്രമണത്തിന് ശേഷം അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന അല്‍ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദനെ കീഴടക്കിയതിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍.
യു.എസ് ആക്രമണത്തിനിടെ കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ടോറ ബോറ കുന്നുകളില്‍ നിന്നും പാകിസ്ഥാനിലേക്ക് രക്ഷപ്പെടാനായി ബിന്‍ ലാദന്‍ സ്ത്രീ വേഷം ധരിച്ചുവെന്ന് ജോണ്‍ കിരിയാക്കോ എ.എന്‍.ഐയ്ക്ക് നല്‍കി പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
അല്‍ഖ്വയ്ദ അംഗമായിരുന്നൊരു തീവ്രവാദി സെന്‍ട്രല്‍ കമാന്‍ഡില്‍ നുഴഞ്ഞുകയറിയതിനെ കുറിച്ചും കിരിയാക്കോ വെളിപ്പെടുത്തുണ്ട്. പാകിസ്ഥാനിലെയും അഫ്ഗാനിലെയും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്ന യു.എസ് സെന്‍ട്രല്‍ കമാന്റിലെ കമാന്‍ഡറുടെ വിവര്‍ത്തകനായി നിയോഗിക്കപ്പെട്ടയാള്‍ യഥാര്‍ത്ഥത്തില്‍ ഒരു അല്‍ഖ്വയ്ദ അംഗമായിരുന്നു. അക്കാര്യം തിരിച്ചറിഞ്ഞില്ലെന്നും അതാണ് ബിന്‍ ലാദന്‍ കടന്നുകളയാന്‍ ഇടയാക്കിയതെന്നും കിരിയാക്കോ തുറന്നുപറഞ്ഞു.
2001 സെപ്റ്റംബറില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ആക്രമണത്തിന് ശേഷം അല്‍ഖ്വയ്ദയ്‌ക്കെതിരെ ഒരു മാസത്തോളം യു.എസ് നടപടികളുണ്ടായില്ല. ഇത് മനപൂര്‍വമായിരുന്നെന്നും അവസരത്തിനായി കാത്തിരിക്കുകയായിരുന്നെന്നും മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പിന്നീട് ഒക്ടോബറില്‍ പ്രമുഖമായ അല്‍ഖ്വയ്ദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. ഒസാമ ബിന്‍ലാദനും മറ്റ് അല്‍ഖ്വയ്ദ നേതാക്കളും അഫ്ഗാനിലെ ടോറ ബോറയിലുണ്ടെന്ന് വ്യക്തമായതോടെ അവിടം വളഞ്ഞു.
അന്ന് സെന്‍ട്രല്‍ കമാന്‍ഡിനൊപ്പമുണ്ടായിരുന്ന വിവര്‍ത്തകന്‍ അല്‍ഖ്വയ്ദ അംഗമായിരുന്നെന്ന് അറിഞ്ഞിരുന്നില്ല. അയാള്‍ വഴി ബിന്‍ ലാദനായി വലവിരിച്ച വിവരം അവരറിഞ്ഞു.
ടോറ ബോറ മലയില്‍ നിന്നും ഇറങ്ങാന്‍ കമാന്‍ഡര്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ നേരം പുലരുവോളം സമയം അനുവദിക്കാനായി അപേക്ഷിച്ചു. സ്ത്രീകളേയും കുട്ടികളേയും ഒഴിപ്പിക്കാന്‍ സാവകാശം ചോദിച്ചു.
ഇക്കാര്യം വിവര്‍ത്തകനാണ് ജനറല്‍ ഫ്രാങ്ക്‌സിനെ ബോധിപ്പിച്ചത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഈ സമയം ബിന്‍ ലാദന്‍ സ്ത്രീ വേഷം ധരിച്ച് ഇരുട്ടിന്റെ മറവില്‍ ട്രക്കില്‍ കയറി പാകിസ്ഥാനിലേക്ക് കടക്കുകയായിരുന്നു.
നേരം പുലര്‍ന്നപ്പോള്‍ മല മുകളില്‍ ആരും അവശേഷിച്ചിരുന്നില്ല. പാകിസ്ഥാനിലേക്ക് അല്‍ഖ്വയിദ തീവ്രവാദികള്‍ കടന്നതോടെ യുദ്ധം അവിടേക്ക് മാറ്റേണ്ടി വന്നെന്നും കിരിയാക്കോ പറഞ്ഞു.
2011ല്‍ വടക്കന്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ വെച്ച് പിന്നീട് യു.എസ് ഒസാമ ബിന്‍ ലാദനെ കണ്ടെത്തുകയും മേയ് രണ്ടിന് വസതിയില്‍ നടത്തിയ റെയ്ഡില്‍ യു.എസിന്റെ പ്രത്യേക സംഘം ലാദനെ കൊലപ്പെടുത്തുകയുമായിരുന്നു. ബിന്‍ ലാദന്റെ മൃതദേഹം കടലില്‍ സംസ്‌കരിച്ചെന്നാണ് യു.എസ് അറിയിച്ചിരിക്കുന്നത്.
Content Highlight: Bin Laden escaped disguised as a woman; helped by an Al-Qaeda member who infiltrated the US military: Former CIA officer