ന്യൂയോര്‍ക്: ന്യൂയോര്‍ക് മേയര്‍ തെരഞ്ഞെടുപ്പില്‍ സോഹ്‌റാന്‍ മംദാനിയുടെ വിജയത്തിന് പിന്നാലെ നാടുവിടാനൊരുങ്ങി ശതകോടീശ്വരന്‍ ബാരി സ്‌റ്റേണ്‍ലിച്ച്. ന്യൂയോര്‍ക്കില്‍ നിന്നും തന്റെ വ്യവസായവും സ്ഥാപനവും മാറ്റുമെന്ന് സ്റ്റേണ്‍ലിച്ച് പറഞ്ഞു.
തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാര്‍ ഭ്രാന്തന്‍മാരാണെന്നും ന്യൂയോര്‍ക് വൈകാതെ മുംബൈ നഗരത്തെ പോലെ ആയിത്തീരുമെന്നും സ്‌റ്റേണ്‍ലിച്ച് പറഞ്ഞു.
തനിക്ക് പിന്നാലെ കൂടുതല്‍ കമ്പനികളും ന്യൂയോര്‍ക് ഉപേക്ഷിക്കുമെന്നും സി.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ സ്‌റ്റേണ്‍ലിച്ച് കൂട്ടിച്ചേര്‍ത്തു.
‘തീവ്ര ഇടത് ചിന്താഗതിക്കാര്‍ തീര്‍ത്തും ഭ്രാന്തമായ പ്രവൃത്തികളിലേക്കാണ് കടക്കുന്നത്. കുടിയേറ്റക്കാര്‍ ഇനി വാടക നല്‍കേണ്ട ആവശ്യമില്ല എന്നാണ് അവര്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ വാടക നല്‍കാതിരിക്കുന്നതിന്റെ പേരില്‍ കുടിയേറ്റക്കാരെ ഒരിക്കലും പടിയിറക്കിവിടാന്‍ സാധിക്കില്ല.
അയല്‍വാസിയായ ഒരാള്‍ വാടക നല്‍കുന്നില്ല എന്ന് കണ്ടാല്‍ അടുത്തുള്ളവരും ഇത് തുടരും. അടിസ്ഥാനപരമായി ന്യൂയോര്‍ക് മുംബൈ നഗരത്തെപ്പോലെയായി മാറും,’ സ്‌റ്റേണ്‍ലിച്ച് പറഞ്ഞു.
ഇതൊരു റിപ്പിള്‍ ഇഫക്ടിന് കാരണമാകുമെന്നും ഇത് നഗരത്തിന്റെ സാമ്പത്തിക സ്ഥിതിയടക്കം അവതാളത്തിലാക്കുമെന്നും സ്റ്റേണ്‍ലിച്ച് പറഞ്ഞു.
8.4 ദശലക്ഷത്തിലധികം ജനങ്ങളുള്ള ന്യൂയോര്‍ക്ക് നഗരത്തിന്റെ ആദ്യ മുസ്‌ലിം മേയറായി ചരിത്രം തിരുത്തിയതോടെയാണ് സൊഹ്‌റാന്‍ മംദാനിയെന്ന 34കാരന്റെ പേര് ലോകമെമ്പാടും ചര്‍ച്ചയായത്. ഇന്ത്യന്‍ വംശജരായ മഹ്‌മൂദ് മംദാനിയുടെയും മീര നായരുടെയും മകനാണ് ഈ ഡെമോക്രാറ്റ് നേതാവ്.