മമ്മൂക്കയുടെ പടത്തിലേക്ക് ആന്റോ ചേട്ടന്‍ വിളിച്ചു, ആദ്യത്തെ രണ്ട് പ്രാവിശ്യവും ഞാന്‍ റിജെക്ട് ചെയ്തു; ആദ്യ സിനിമയുടെ അനുഭവം പങ്കുവെച്ച് ബിജുക്കുട്ടന്‍
Malayalam Cinema
മമ്മൂക്കയുടെ പടത്തിലേക്ക് ആന്റോ ചേട്ടന്‍ വിളിച്ചു, ആദ്യത്തെ രണ്ട് പ്രാവിശ്യവും ഞാന്‍ റിജെക്ട് ചെയ്തു; ആദ്യ സിനിമയുടെ അനുഭവം പങ്കുവെച്ച് ബിജുക്കുട്ടന്‍
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 8th July 2026, 4:47 pm

കുറഞ്ഞ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളത്തിലെ അഭിനേതാക്കള്‍ക്കിടയില്‍ തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ച അഭിനേതാവാണ് ബിജുക്കുട്ടന്‍. മിമിക്രിയില്‍ നിന്നും സിനിമയിലെത്തിയ താരം കരിയറിന്റെ ആദ്യകാലങ്ങളില്‍ ഹാസ്യവേഷങ്ങളിലായിരുന്നു പ്രത്യക്ഷപ്പെട്ടതെങ്കിലും പിന്നീട് ട്രാക്ക് മാറ്റി സീരിയസ് വേഷങ്ങളും അവതരിപ്പ് പ്രേക്ഷകരെ അമ്പരപ്പിക്കുകയായിരുന്നു.

ഇത്തരത്തില്‍ താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തുവന്ന ചിത്രമായിരുന്നു സവിന്‍ സാ സംവിധാനം ചെയ്ത് ഇന്‍ഡസ്ട്രി ഹിറ്റടിച്ച വാഴ 2. ഹാഷിര്‍, അലന്‍, അജിന്‍, വിനായക് തുടങ്ങി ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ ശ്രദ്ധേയരായവര്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രത്തില്‍ വിനായകിന്റെ അച്ഛന്‍ കഥാപാത്രമായിട്ടായിരുന്നു ബിജുക്കുട്ടന്‍ വേഷമിട്ടത്. ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളും ഇമോഷണല്‍ സീനുകളും വര്‍ക്കാക്കുന്നതില്‍ ബിജുക്കുട്ടന്റെ പ്രകടനം നിര്‍ണായ പങ്ക് വഹിച്ചിരുന്നു.

വാഴ 2. Photo: X.com

അടുത്തിടെ ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ ചിത്രമായ പോത്തന്‍ വാവയിലേക്ക് എത്തിച്ചേരാനിടയായ അനുഭവത്തെ കുറിച്ച് ബിജുക്കുട്ടന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ അവസരമുണ്ടെന്ന് പറഞ്ഞ് നിര്‍മാതാവ് ആന്റോ ജോസഫ് വിളിച്ചപ്പോള്‍ ആദ്യത്തെ രണ്ട് തവണയും താന്‍ നിഷേധിച്ച കൗതുകകരമായ അനുഭവമാണ് ബിജുക്കുട്ടന്‍ പങ്കുവെച്ചത്.

‘ഫൈവ് സ്റ്റാര്‍ തട്ടുകടയുടെ മിമിക്രി ട്രൂപ്പിലുള്ളപ്പോള്‍ നാല്‍പ്പത്തിയഞ്ച് പരിപാടികള്‍ ചെയ്യാന്‍ ഒരു സീസണില്‍ ചെയ്യാനുണ്ടായിരുന്നു. ഫൈവ് സ്റ്റാര്‍ കോമഡി ഷോ എന്ന് പറഞ്ഞാണ് അന്ന് പോകുന്നത്, ഞാനില്ലെങ്കില്‍ പരിപാടി നടക്കില്ല. അത്രയും കാലം ഞാന്‍ എഗ്രിമെന്റ് ചെയ്തിരുന്നില്ല. ടിനി വിളിക്കുമ്പോള്‍ ഞാന്‍ പോയി പ്രോഗ്രാം ചെയ്ത് തിരിച്ച് വരാറാണ് പതിവ്. പക്ഷേ അന്ന് ആദ്യമായി എന്നെ കൊണ്ട് എഗ്രിമെന്റ് ചെയ്യിപ്പിച്ചു. അതെല്ലാം കണ്ടപ്പോള്‍ കൊള്ളാമല്ലോ എന്ന് തോന്നി ഞാനും എഗ്രിമെന്റില്‍ ഒപ്പിട്ടു.

അങ്ങനെ റിഹേഴ്‌സലെല്ലാം കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് ആന്റോ ജോസഫ് ചേട്ടന്‍ വിളിക്കുന്നത്. അദ്ദേഹം ആരാണെന്ന് എനിക്കറിയില്ല. നമുക്ക് സിനിമയായിട്ട് വലിയ ബന്ധമില്ലല്ലോ. ഒരു സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇങ്ങനെയൊരു ഷോയ്ക്ക് പോകുകയാണെന്നും ആ ദിവസങ്ങളില്‍ ഉണ്ടാകില്ലെന്നും പറഞ്ഞ് ഞാന്‍ റിജക്ട് ചെയ്തു. സാധാരണ മിമിക്രികാര്‍ക്ക് കിട്ടുന്ന പോലെ ഒരു പ്യൂണിന്റെയോ, ചായ കൊടുക്കുന്ന ആളുടെയോ റോളാകുമെന്നാണ് ഞാന്‍ കരുതിയത്. മാത്രമല്ല ഷോയിലെ നമ്മുടെ കോമ്പോയും അത്യാവിശ്യമാണ്. ഫോണ്‍ വെച്ച ശേഷം രണ്ട് മൂന്ന് ദിവസം കഴിഞ്ഞ ടിനി എന്നെ വിളിച്ചു. ആന്റോ ജോസഫ് ചേട്ടന്‍ വിളിച്ചിട്ട് ചെല്ലാത്തതെന്ന് ടിനി എന്നോട് ചോദിച്ചു. പ്രോഗാമിന്റെ കാര്യമെല്ലാം പറഞ്ഞപ്പോള്‍ ടിനിയ്ക്കും കാര്യം മനസിലായി.

പോത്തന്‍ വാവ

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ആന്റോ ചേട്ടന്‍ വീണ്ടും വിളിച്ചു. നിങ്ങള്‍ വിചാരിക്കുന്ന പോലെയല്ല ഇത് വലിയ സിനിമയാണെന്നും പറഞ്ഞു. വലിയ സിനിമയില്‍ ചെറിയ റോളാകുമെന്ന് കരുതി ഞാന്‍ ഉണ്ടാകില്ലെന്ന് തന്നെ പറഞ്ഞു. നിര്‍ബന്ധിക്കാതെ പുള്ളി വീണ്ടും കട്ട് ചെയ്തു. മൂന്നാമത്തെ പ്രാവിശ്യം പുള്ളി വിളിച്ചപ്പോള്‍ ഇത് മമ്മൂക്കയുടെ സിനിമയാണെന്നും മമ്മൂക്ക സീനില്‍ എവിടെയെല്ലാം വരുന്നുണ്ടോ അവിടെയെല്ലാം ബിജുക്കുട്ടനും വരുന്നുണ്ടെന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ ഞാന്‍ ആകെ സ്റ്റക്ക് ആയി. അതിന്റെ ഡയറക്ടര്‍ ജോഷി സാറാണെന്ന് കൂടെ കേട്ടപ്പോള്‍ ഞാന്‍ ഓഫായി പോയി. അവിടെ നിന്ന് അദ്ദേഹം ഹലോ ഹലോ എന്ന് രണ്ട് മൂന്ന് തവണ വിളിച്ചതിന് ശേഷം കോള്‍ കട്ടായി. അദ്ദേഹത്തിന് ഏകദേശം കാര്യം മനസിലായി. അങ്ങനെയാണ് സിനിമയിലേക്കെത്തുന്നത്,’ ബിജുക്കുട്ടന്‍ പറഞ്ഞു.

 

Content Highlight: Bijukuttan Talks about his experience acting in his first movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.