സച്ചിയുടെ എഴുത്തും ബിജു മേനോന്റെ പ്രകടനവും; അനാര്‍ക്കലിയിലെ ട്വിസ്റ്റ് അവിസ്മരണീയമാക്കുന്ന ഘടകങ്ങള്‍
Malayalam Cinema
സച്ചിയുടെ എഴുത്തും ബിജു മേനോന്റെ പ്രകടനവും; അനാര്‍ക്കലിയിലെ ട്വിസ്റ്റ് അവിസ്മരണീയമാക്കുന്ന ഘടകങ്ങള്‍
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 22nd February 2026, 9:46 am

മലയാളത്തില്‍ അതുവരെയിറങ്ങിയ റൊമാന്റിക് ചിത്രങ്ങളില്‍ നിന്നും അടിമുടി വ്യത്യസ്തമായ അനുഭവമായിരുന്നു സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2015 ല്‍ തിയേറ്ററുകളിലെത്തിയ അനാര്‍ക്കലി. പൃഥ്വിരാജ്, ബിജു മേനോന്‍, പ്രിയ ഗലോര്‍, സുദേവ് നായര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ അനാര്‍ക്കലി ലക്ഷ്വദീപിന്റെ ഭംഗിയില്‍ ആത്മാര്‍ത്ഥ പ്രണയത്തിന്റെ കഥ പറയുന്ന ഹൃദയഹാരിയായ ചിത്രമാണ്.

Photo: Sun NXT

വര്‍ഷങ്ങള്‍ക്ക് മുമ്പ് നേവിയില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരായെത്തുന്ന പൃഥ്വിരാജിന്റെ കഥാപാത്രം ശാന്തനുവും ബിജു മേനോന്‍ കഥാപാത്രം സക്കറിയയും ശാന്തനുവിന്റെ പ്രണയിനിയായ നാദിറ ഇമാമിനെ അന്വേഷിക്കുന്ന കഥ പറയുന്ന ചിത്രം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാകുന്നത് തന്റെ പ്രണയിനിയിലേക്കെത്താന്‍ നായകന്‍ ചെയ്യുന്ന ത്യാഗങ്ങളാണ്. നാദിറയുടെ പിതാവ് കബീര്‍ ബേദി തീര്‍ത്ത തടസ്സങ്ങളെ മറികടന്ന് ലക്ഷദ്വീപില്‍ നിന്നും പുറത്തുകടക്കാന്‍ വേണ്ടി കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന വിഷവാതകം ശ്വസിച്ച് സ്വന്തം ജീവന്‍ തന്നെ പണയപ്പെടുത്തുന്ന ശാന്തനു സച്ചിയുടെ എക്കാലത്തെയും മികച്ച തിരക്കഥകളിലൊന്നാണ്.

ഹെലികോപ്ടറില്‍ വെച്ച് ശാന്തനു ചോര ശര്‍ദ്ദിക്കുന്ന രംഗത്തില്‍ ശാന്തനുവിനൊപ്പമുണ്ടായിരുന്നവരുടെ പോലെ തന്നെ പ്രേക്ഷകരും ഞെട്ടുന്നതിന്റെ പ്രധാന കാരണം സച്ചിയുടെ തിരക്കഥയും ബിജു മേനോന്‍ എന്ന അസാധ്യ നടന്റെ പ്രകടനവുമാണ്. സാധാരണയായി എഴുതുമ്പോള്‍ കണ്ണീരും നിലവിളിയുമായി മാറാന്‍ സാധ്യതയുണ്ടായിരുന്ന രംഗമാണ് നര്‍മത്തിന്റെ മേമ്പൊടിയില്‍ ക്ലൈമാക്‌സില്‍ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഉറ്റസുഹൃത്തയായ സക്കറിയയോട് അഭിനയമാണെന്ന് പറഞ്ഞാണ് ശാന്തനു കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിക്കുന്നത്. ഇതിനൊപ്പം കട്ടക്ക് കൂട്ടുനില്‍ക്കുന്ന സക്കറിയ ഫോണെടുത്ത് ഡയല്‍ ചെയ്യുന്ന സീന്‍ മുതല്‍ ക്ലൈമാക്‌സില്‍ അഴിഞ്ഞാടുകയാണ്. ‘നീയല്ലേടാ അനൗണ്‍സ്‌മെന്റുകാരന്‍ പോയി അനൗണ്‍സ് ചെയ്യെടാ’ എന്ന് പറയുന്നത് മുതല്‍ പ്രേക്ഷകരെ ക്ലൈമാക്‌സിന്റെ ആവേശത്തിനൊപ്പം സക്കറിയ ചിരിപ്പിക്കുകയും ചെയ്യുന്നു.

ഇടം കണ്ണിട്ട് ശാന്തനുവിനെ നോക്കുകയും മറുപുറത്ത് മറ്റുള്ളവരെ പറ്റിക്കുകയും ചെയ്യുന്ന ബിജു മോനോന്റെ മൈക്രോ എക്‌സ്പ്രഷനും ഡബ്ബ് ചെയ്യുമ്പോള്‍ ഉള്ള മൈന്യൂട്ട് ആയിട്ടുള്ള സൗണ്ട് മോഡുലേഷനുമെല്ലാം പ്രേക്ഷകരെ ത്രില്ലര്‍ സാഹചര്യത്തിലും പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. എന്നാല്‍ ശാന്തനുവിന്റെത് അഭിനയമല്ലെന്നും യഥാര്‍ത്ഥത്തില്‍ വിഷവാതകം ശ്വസിച്ചതാണെന്നും തിരിച്ചറിയുന്ന സാഹചര്യത്തില്‍ ചതിച്ചോടാ കഴുവേറിടെ മോനെ എന്ന് ചോദിക്കുന്നിടത്ത് ബിജു മേനോന്റെ മാറ്റവും പ്രേക്ഷകരെ ഞെട്ടിക്കുന്നു.

Photo: Filmibeat

താനെഴുതിവെക്കുന്ന തിരക്കഥയെ വെള്ളിത്തിരയില്‍ അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ നടന് സാധിക്കുമെന്ന സംവിധായകന്റെ വിശ്വാസമാണ് അനാര്‍ക്കലിയിലെ ബിജു മേനോന്റെ പ്രകടനം. മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ സച്ചിയുടെ തന്നെ അയ്യപ്പനും കോശിയിലെ അയ്യപ്പന്‍ നായരെ ബിജു മേനോനെ വിശ്വസിപ്പിച്ചേല്‍പ്പിക്കാന്‍ സച്ചിയെ സഹായിച്ചതും നടന്റെ കപ്പാസിറ്റിയിലുള്ള ആത്മവിശ്വാസം തന്നെയാണ്.

Content Highlight: Biju Menon’s performance in sachi directorial Anarkali movie released in 2015

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.