എന്നെ കണ്ടാല്‍ ആളുകള്‍ കരയുമോ എന്ന സംശയമുണ്ടായിരുന്നു; പറഞ്ഞാല്‍ അവസരം നഷ്ടപ്പെടുമോയെന്ന് വിചാരിച്ചു: ബിജു കുട്ടന്‍
Malayalam Cinema
എന്നെ കണ്ടാല്‍ ആളുകള്‍ കരയുമോ എന്ന സംശയമുണ്ടായിരുന്നു; പറഞ്ഞാല്‍ അവസരം നഷ്ടപ്പെടുമോയെന്ന് വിചാരിച്ചു: ബിജു കുട്ടന്‍
ഐറിന്‍ മരിയ ആന്റണി
Tuesday, 14th April 2026, 10:35 pm

റിലീസ് ചെയ്ത് രണ്ട് ആഴ്ച്ചകള്‍ക്ക് ശേഷവും തിയേറ്റില്‍ അതിഗംഭീര കുതിപ്പ് തുടരുകയാണ് വാഴ2. ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ വൈറലായി മാറിയ ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സവിന്‍ സാ അണിയിച്ചൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ ഇതിനോടകം 160 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി കഴിഞ്ഞു.

ചിത്രത്തിലെ ഒരോ അഭിനേതാക്കളുടെ പെര്‍ഫോമന്‍സും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറയുന്നത് വിനായകിന്റെ അച്ഛനായെത്തിയ ബിജു കുട്ടന്‍ അവതരിപ്പിച്ച കഥാപാത്രമാണ്. കോമഡി റോളുകളില്‍ മാത്രം തിളങ്ങിയ ബിജു കുട്ടന്‍ വാഴിയിലെ പ്രകടനത്തിലൂടെ പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു.

ഇപ്പോഴിതാ മീഡിയ വണ്ണുമായുള്ള അഭിമുഖത്തില്‍ വാഴയില്‍ താന്‍ ചെയ്ത കഥാപാത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് ബിജു കുട്ടന്‍.

‘കൂട്ടുകാരെയൊക്കെ ഒരുപാട് പിന്തുണയ്ക്കുന്ന, മക്കളെ കൂട്ടുകാരെ പോലെ കാണുന്ന ഒരു അച്ഛന്‍ കഥാപാത്രമാണ് എന്റേതെന്നാണ് സവിനും വിപിനും പറഞ്ഞത്. മകനേ ഒരു കൂട്ടുകാരനെ പോലെ കാണുന്ന, ഒരുപാട് സ്‌നേഹം കൊടുക്കുന്നയാള്‍ മരിച്ചാല്‍ ഉണ്ടാകുന്ന ഒരു പെയിന്‍ അതാണ് പ്രേക്ഷകര്‍ക്ക് കൊടുക്കേണ്ടതെന്നും പറഞ്ഞു. അത്രയും കാര്യങ്ങളാണ് പറഞ്ഞത്, മറ്റൊന്നും പറഞ്ഞിട്ടില്ല.

കഥ കേട്ടപ്പോള്‍ ഞാനും കരുതി ഒരുപാട് കരയിപ്പിക്കേണ്ട എന്ന്. അവസാനം മാത്രം ഒന്ന് കരഞ്ഞാല്‍ മതിയെന്ന് വിചാരിച്ചു. എന്നെ കണ്ടാല്‍ ആളുകള്‍ക്ക് കരയാന്‍ പറ്റുമോ എന്ന സംശയം എനിക്ക് ആദ്യം മുതല്‍ക്കേ ഉണ്ടായിരുന്നു. അത് പുറത്ത് പറഞ്ഞാല്‍ അവസരം നഷ്ടപ്പെടുമോ എന്ന് വിചാരിച്ച് ആ സംശയവും പറയാന്‍ പോയില്ല. ഷൂട്ടിങ്ങ് തുടങ്ങിയപ്പോഴും ആ സംശയം ഉള്ളില്‍ ഉണ്ടായിരുന്നു. ഷൂട്ടിങ് പകുതിയൊക്കെ ആയപ്പോഴാണ് കുറച്ചെങ്കിലും സമാധാനമായത്,’ ബിജു കുട്ടന്‍ പറയുന്നു.

സിനിമയുടെ ആദ്യ ഭാഗം മനസില്‍ തങ്ങി നില്‍ക്കുന്നത് കൊണ്ടാണ് തനിക്ക് അത്തരത്തിലൊരു വേഷം ചെയ്യാന്‍ കഴിയുമോ എന്ന സംശയമുണ്ടായതെന്നും രണ്ടാം ഭാഗത്തിന് ഇത്ര ഇംപാക്ട് ഉണ്ടാക്കാന്‍ കഴിയുമെന്ന് മനസിലായത് റിലീസിന് ശേഷമാണെന്നും ബിജു കുട്ടന്‍ പറഞ്ഞു.

രണ്ടാം ഭാഗത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ തിരക്കഥാകൃത്ത് വിപിന്‍ദാസ് ചിത്രത്തിന്റെ മൂന്നാം ഭാഗം ഇന്ന് പ്രഖ്യാപിക്കുകയുണ്ടായി. രണ്ട് ഭാഗങ്ങളില്‍ ബയോപിക് ഓഫ് ബോയ്‌സിന്റെ കഥ പറഞ്ഞ സിനിമ ഇക്കുറി ഗേള്‍സിന്റെ ബയോപിക്കുമായാണ് എത്തുന്നത്. നവാഗതനായ വിശ്വന്‍ ശ്രീജിത്താണ് സിനിമ സംവിധാനം ചെയ്യുന്നത്.

Content Highlight:  Biju Kuttan says he had doubts about whether his character in Vazha could make an emotional impact

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.