‘ഗഗയില്‍ ഒരു ഡോക്ടറെയാണ് വെടിവെച്ച് കൊന്നത്. പാട്നയില്‍ രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ തുറന്ന വെടിവെപ്പുണ്ടായി. പാട്നയില്‍ തന്നെ ഒരു സ്ത്രീയെയും വെടിവെച്ചു. റോഹ്താസില്‍ ഒരു ബിസിനസുകാരന്‍ കൊല്ലപ്പെട്ടു. ഇത്രയധികം വിഷയങ്ങളുണ്ടായിട്ടും ഇതിനെല്ലാം മുന്നില്‍ മോദിയുടെയും നിതീഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ നിസഹായരാണ്,’ തേജസ്വി യാദവ് പറഞ്ഞു.
സംസ്ഥാനത്ത് നികുതി സംരക്ഷിക്കുന്ന കൊള്ളക്കാരും കുറ്റവാളികളും കൂടുകയാണെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ പാട്‌നയില്‍ മാത്രമായി മൂന്ന് പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ചായ കുടിച്ച് മടങ്ങുന്നതിനിടെ അഭിഭാഷകനായ ജിതേന്ദ്ര കുമാര്‍ മഹ്‌തോയെ വെടിവെച്ച് കൊലപ്പെടുത്തിയതായിരുന്നു ഒരു സംഭവം.
ജൂലൈ 13 നാണ് അഭിഭാഷകന് നേരെ ആക്രമണമുണ്ടായത്. 24 മണിക്കൂറിനുള്ളില്‍ പാട്നയില്‍ നടന്ന മൂന്നാമത്തെയും ബീഹാറില്‍ നടന്ന നാലാമത്തെയും കൊലപാതകമായിരുന്നു ഇത്. ഇതിനുമുമ്പ് ഒരു റൂറല്‍ ഹെല്‍ത്ത് ഓഫീസറും കച്ചവടക്കാരനും സമാന രീതിയില്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയവരെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വിവരം.
ജൂലൈ നാലിന് തന്റെ വീടിന് സമീപത്തുവെച്ച് വെടിയേറ്റ് മരിച്ച ബിസിനസുകാരനും ബി.ജെ.പി പ്രവര്‍ത്തകനുമായ ഗോപാല്‍ ഖേംകയുടെ കൊലപാതകത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് ഒരു കൊലപാതക പരമ്പര തന്നെ അരങ്ങേറുന്നത്. ഗോപാല്‍ ഖേംകയുടെ മരണത്തെ കുറിച്ചാണ് തന്റെ എക്സ് പോസ്റ്റില്‍ തേജസ്വി യാദവ് പരാമര്‍ശിച്ചിരിക്കുന്നതെന്നാണ് അനുമാനം.
തേജസ്വി യാദവിന് പുറമെ കേന്ദ്രമന്ത്രിയും എന്‍.ഡി.എ കക്ഷിയായ ലോകജന ശക്തി പാര്‍ട്ടിയുടെ മേധാവിയുമായ ചിരാഗ് പസ്വാനും നിതീഷ് സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തി.
സംസ്ഥാനത്തെ ക്രമസമാധാനം വഷളാകുന്നതിന് കാരണം നിതീഷ് സര്‍ക്കാരാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം, പരോളിലിറങ്ങിയ ശേഷം ചികിത്സയില്‍ കഴിയുകയായിരുന്ന പ്രതിയെ ആശുപത്രിയില്‍ അതിക്രമിച്ചെത്തി കൊലപ്പെടുത്തിയ സംഭവം ഉദ്ധരിച്ചായിരുന്നു പസ്വാന്റെ വിമര്‍ശനം.
Content Highlight: BJP government has turned Bihar into Taliban: Tejashwi Yadav