ഇവിടെ സഖ്യങ്ങള്‍ കരുത്തുറ്റതാണ്; ബീഹാര്‍ ശൈലിയിലുള്ള തന്ത്രങ്ങള്‍ കേരളത്തിലും തമിഴ്‌നാട്ടിലും നടപ്പാവില്ല: പി. ചിദംബരം
India
ഇവിടെ സഖ്യങ്ങള്‍ കരുത്തുറ്റതാണ്; ബീഹാര്‍ ശൈലിയിലുള്ള തന്ത്രങ്ങള്‍ കേരളത്തിലും തമിഴ്‌നാട്ടിലും നടപ്പാവില്ല: പി. ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th September 2025, 10:38 am

ന്യൂദല്‍ഹി: ബീഹാറില്‍ നടത്തിയതുപോലെയുള്ള വോട്ടര്‍പട്ടിക പരിഷ്‌കരണവും ഗൂഢാലോചനയും കേരളത്തിലും തമിഴ്‌നാട്ടിലും വിലപ്പോവില്ലെന്ന് മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ഇരുതെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും ഭരണ-പ്രതിപക്ഷ സഖ്യങ്ങള്‍ കരുത്തുറ്റതാണെന്നും ഇത്തരം ഗൂഢാലോചനകള്‍ നടപ്പാകില്ലെന്നും ചിദംബരം പറഞ്ഞു.

‘ബീഹാറില്‍ നടത്തിയതുപോലെ വോട്ടര്‍ പട്ടിക പരിഷ്‌കരിച്ചുള്ള ഗൂഢാലോചനകള്‍ കേരളത്തിലും തമിഴ്‌നാട്ടിലും നടത്താന്‍ സാധിക്കില്ല. കാരണം ഈ സംസ്ഥാനങ്ങളിലെ രണ്ട് സഖ്യങ്ങളും മണ്ണില്‍ ആഴത്തില്‍ വേരൂന്നിയവയാണ്.’ പി. ചിദംബരം കേരളത്തിലെ എല്‍.ഡി.എഫ്-യു.ഡി.എഫ് സഖ്യത്തെയും തമിഴ്‌നാട്ടിലെ ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ സഖ്യത്തെയും പരാമര്‍ശിച്ചു.  ഒരു പിഴവും അനുവദിക്കാത്ത തരത്തില്‍ ആഴത്തില്‍ പടര്‍ന്നിരിക്കുന്ന സഖ്യങ്ങളാണ് ഇവര്‍.

 

തമിഴ്‌നാട്ടിലും കേരളത്തിലും പ്രധാനപാര്‍ട്ടികളുടെ കേഡര്‍മാര്‍ അറിയാതെ ഒരു പേരുപോലും കൃത്രിമമായി ചേര്‍ക്കാനോ വെട്ടിക്കളയാനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈയിലാണ് ബീഹാറിലെ വോട്ട് മോഷണത്തെ കുറിച്ച് ഇന്ത്യാ സഖ്യം ആരോപണം ഉന്നയിച്ചത്. 2 കോടിയോളം പേരുടെ വോട്ടവകാശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചെന്നാണ് അന്ന് മാധ്യമങ്ങളെ കണ്ട ഇന്ത്യാ സഖ്യത്തിലെ നേതാക്കള്‍ ആരോപിച്ചത്. കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സി.പി.ഐ(എം.എല്‍), സി.പി.ഐ.എം നേതാക്കള്‍ ചേര്‍ന്നാണ് ബീഹാറില്‍ നടത്തിക്കൊണ്ടിരിക്കുന്ന എസ്.ഐ.ആര്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

പിന്നാലെ, ആരോപണങ്ങളുന്നയിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും വോട്ടര്‍ അധികാര്‍ യാത്ര നടത്തുകയും ചെയ്തിരുന്നു.

ഇതിനിടെ, ബീഹാറില്‍ 65 ലക്ഷം വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്നും അനധികൃതമായി നീക്കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

സംസ്ഥാനത്താകമാനമുള്ള 90,540 ബൂത്തുകളിലെ 65 ലക്ഷം വോട്ടുകളാണ് പട്ടികയില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തതെന്നാണ് തെളിവുകള്‍ സഹിതം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആരോപിച്ചത്.

ജീവിച്ചിരിപ്പില്ലെന്ന് കാണിച്ച് 22 ലക്ഷം പേരെ പട്ടികയില്‍ നിന്നും ഒഴിവാക്കിയപ്പോള്‍, നല്‍കിയ അഡ്രസ് തെറ്റാണെന്ന് കാണിച്ച് 9.7 ലക്ഷം വോട്ടര്‍മാരെയും പട്ടികയില്‍ നിന്നും നീക്കം ചെയ്തെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. വോട്ട് ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ച് 89 ലക്ഷം പരാതികള്‍ കോണ്‍ഗ്രസ് നല്‍കിയിട്ടും ഒരു പരാതിയില്‍ പോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ബീഹാറിലെ വോട്ടര്‍ പട്ടികയിലെ പരാതികള്‍ പരിഹരിക്കുന്നതിനായി തീവ്ര പുനപരിശോധന (എസ്.ഐ.ആര്‍ – സ്‌പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍)) സംഘടിപ്പിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ ബൂത്ത് ലെവല്‍ പ്രവര്‍ത്തകര്‍ പരാതികള്‍ ഉന്നയിച്ചിരുന്നെങ്കിലും ഇത് ചെവിക്കൊള്ളാതെയാണ് വോട്ടര്‍പട്ടിക പരിഷ്‌കരണം പൂര്‍ത്തിയാക്കിയതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ഇന്ത്യാ സഖ്യത്തിന്റെ വിമര്‍ശനത്തിന് പിന്നാലെ, രാജ്യവ്യാപകമായി എസ്.ഐ.ആര്‍ നടത്താനുള്ള സാധ്യതകള്‍ തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെപ്റ്റംബര്‍ 10ന് ചര്‍ച്ച സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മുഴുവന്‍ കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും ദല്‍ഹിയില്‍ ചര്‍ച്ചക്ക് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്.ഐ.ആര്‍ സംബന്ധിച്ച് വിശദമായ നിര്‍ദേശങ്ങള്‍ നല്‍കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് നിലവിലുള്ള വോട്ടര്‍മാരുടെ എണ്ണം, അവസാനമായി എസ്.ഐ.ആര്‍ നടന്ന കാലയളവിലെ ഡാറ്റയും സമയക്രമവും, വോട്ടര്‍ പട്ടികയുടെ ഡിജിറ്റലൈസേഷന്റെ സ്ഥിതിഗതികള്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ലഭ്യമായിട്ടുള്ള പരിശീലനം, പോളിങ് സ്റ്റേഷനുകളുടെ നിലവിലെ ഘടന തുടങ്ങിയ കാര്യങ്ങളാണ് സി.ഇ.ഒമാര്‍ യോഗത്തില്‍ അവതരിപ്പിക്കേണ്ടത്. ഈ വര്‍ഷം അവസാനമോ 2026ന്റെ തുടക്കത്തിലോ രാജ്യത്തുടനീളമായി എസ്.ഐ.ആര്‍ നടത്തുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം.

Content Highlight: Alliances are strong here; Bihar-style tactics will not work in Kerala and Tamil Nadu: P. Chidambaram