പാട്ന: ബീഹാർ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) പ്രക്രിയയുടെ ആദ്യ ഘട്ടം പൂർത്തിയാത്തിന് പിന്നാലെ 65.2 ലക്ഷം വോട്ടർമാർ കരട് പട്ടികയിൽ നിന്നും പുറത്താകാൻ സാധ്യതയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
പാട്ന: ബീഹാർ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) പ്രക്രിയയുടെ ആദ്യ ഘട്ടം പൂർത്തിയാത്തിന് പിന്നാലെ 65.2 ലക്ഷം വോട്ടർമാർ കരട് പട്ടികയിൽ നിന്നും പുറത്താകാൻ സാധ്യതയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
ഇന്നലെയായിരുന്നു (വെള്ളിയാഴ്ച) എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള അവസാന ദിവസം. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകളിൽ പറയുന്നത് 65.2 ലക്ഷം വോട്ടർമാരിൽ 22 ലക്ഷം പേർ മരിച്ചു, 35 ലക്ഷം പേർ സ്ഥിരമായി ബീഹാറിന് പുറത്തേക്ക് മാറി, ഏഴ് ലക്ഷം പേർ ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടർമാരായി ചേർന്നിട്ടുണ്ട്, 1.2 ലക്ഷം പേർ ഇതുവരെ ഫോമുകൾ സമർപ്പിച്ചിട്ടില്ല എന്നാണ്.
ജൂൺ 24 ന് ആരംഭിച്ച എസ്.ഐ.ആർ പ്രക്രിയയിൽ ബീഹാറിലെ 99.8% വോട്ടർമാരെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. നേരത്തെ 35.68 ലക്ഷം പേർ മറ്റ് സ്ഥലങ്ങളിൽ സ്ഥിരതാമസമാക്കിയവരോ മരിച്ചുപോയവരോ ഒന്നിലധികം സ്ഥലങ്ങളിൽ പേരുചേർത്തവരോ ആണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്.
ഇപ്പോൾ ആളുകളുടെ എണ്ണം കൂടുകയും 65.2 ലക്ഷം ആയി വർധിക്കുകയും ചെയ്തു. ഈ 65.2 ലക്ഷം വോട്ടർമാരിൽ 22 ലക്ഷം പേർ മരിച്ചുവെന്നും 35 ലക്ഷം പേർ സ്ഥിരമായി ബീഹാറിന് പുറത്തേക്ക് മാറിയെന്നുമാണ് കമ്മീഷൻ പറയുന്നത്.
ബീഹാർ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ പ്രക്രിയയിൽ വിമർശനം ഉന്നയിച്ച് നിരവധി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ ബീഹാറിൽ വോട്ടർപ്പട്ടികയുടെ പുനപരിശോധന പ്രക്രിയ തുടങ്ങുന്നതിന് മുമ്പുതന്നെ ന്യൂനപക്ഷ വോട്ടർമാർ പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു.
എസ്.ഐ.ആർ ആരംഭിക്കുന്നതിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയുടെ ഒരു സംഗ്രഹ പരിഷ്കരണം നടത്തിയിരുന്നു. ഇത് 2025 ജൂണിൽ അവസാനിച്ചു. സംഗ്രഹ പരിഷ്കരണം എല്ലാ വർഷവും നടക്കാറുള്ളതാണ്. അതിലൂടെ വോട്ടർമാർക്ക് എൻട്രികൾ ചേർക്കാനോ ശരിയാക്കാനോ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കാനോ കഴിയും. ഇതിലാണ് 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ന്യൂനപക്ഷ വോട്ടർമാരെ പുറംതള്ളിയത്. ജൂണിൽ തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പുനപരിശോധന നടത്തി ഫേസ് വൺ അവസാനിച്ചിരിക്കുന്നത്.
പല ന്യൂനപക്ഷ വോട്ടർമാരും വോട്ടർ പട്ടികയിൽ നിന്ന് തങ്ങളുടെ പേരുകൾ ഒഴിവാക്കിയതായി പറയുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ പൂർണിയയിലെ ചിംനി ബസാറിലെ 400 ഓളം പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തതായി വാർഡ് മെമ്പർ സിതാബ് ഇന്ത്യ ടുഡേയോട് പറഞ്ഞിരുന്നു. പിന്നാലെയാണ് ഫേസ് വൺ പൂർത്തിയായതോടെ 65 ലക്ഷം വോട്ടർമാർ പുറത്താകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ വരുന്നത്.
ഇതിന് മുമ്പ് ബീഹാറിൽ വോട്ടർപട്ടിക പുതുക്കലിനിടെ വ്യാപക ക്രമക്കേട് നടക്കുന്നതായുള്ള തെളിവുകൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്ത് വിട്ടിരുന്നു. അദ്ദേഹം പുറത്തുവിട്ട വീഡിയോയിൽ വോട്ടർ ഫോമുകൾ ആളുകളുടെ അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തന്നെ പൂരിപ്പിക്കുന്നത് കാണാം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടുകൾ തട്ടിയെടുക്കുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.
സുപ്രീം കോടതി നിർദേശവും പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പ്രതിഷേധവും അവഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി മുന്നോട്ടുപോയത്. ഭൂരിഭാഗം സാധാരണക്കാരുടെയും കൈവശമുള്ള ആധാർ, വോട്ടർ ഐ.ഡി, റേഷൻ കാർഡ് തുടങ്ങിയവയ തിരിച്ചറിയൽ രേഖയായി പരിഗണിക്കാത്തതും കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചു. ഓഗസ്റ്റ് ഒന്നിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെയാണ് ഭൂരിഭാഗം വോട്ടർമാരുടെയും വോട്ടവകാശം ലംഘിച്ചുകൊണ്ട് പരിശോധന പ്രക്രിയകൾ ബീഹാറിൽ പൂർത്തീകരിക്കുന്നത്.
Content Highlight: Bihar SIR Phase 1 concludes, 65 lakh voters likely to be dropped from draft rolls