ബീഹാർ തെരഞ്ഞെടുപ്പ്; ആർ.ജെ.ഡിയുടെ പരാജയം; കുടുംബവും രാഷ്ട്രീയവും വിട്ട് ലാലു പ്രസാദിന്റെ മകൾ രോഹിണി ആചാര്യ
India
ബീഹാർ തെരഞ്ഞെടുപ്പ്; ആർ.ജെ.ഡിയുടെ പരാജയം; കുടുംബവും രാഷ്ട്രീയവും വിട്ട് ലാലു പ്രസാദിന്റെ മകൾ രോഹിണി ആചാര്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th November 2025, 7:54 pm

പട്ന: ബീഹാർ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി യുടെ പരാജയത്തിന് പിന്നാലെ കുടുംബവും രാഷ്ട്രീയവും വിട്ട് ലാലു പ്രസാദിന്റെ മകൾ രോഹിണി ആചാര്യ.

കഴിഞ്ഞ ദിവസം ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റുകൾ മാത്രം നേടി പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് രോഹിണി ആചാര്യയുടെ പ്രതികരണം.

സഞ്ജയ് യാദവും റമീസും തന്നോട് ആവശ്യപ്പെട്ടതനുസരിച്ച് കുടുംബത്തെയും രാഷ്ട്രീയത്തെയും താൻ ഉപേക്ഷിക്കുകയാണെന്നും എല്ലാ കുറ്റങ്ങളും താൻ ഏറ്റെടുക്കുന്നുവെന്നും രോഹിണി ആചാര്യ എക്സിൽ പറഞ്ഞു.

കഴിഞ്ഞ വർഷമാണ് ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബീഹാറിലെ സരൺ മണ്ഡലത്തിൽ മത്സരിച്ച് രോഹിണി രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.

കുടുംബ മൂല്യങ്ങളുടെയും പൊതു പെരുമാറ്റത്തിന്റെയും ലംഘനങ്ങൾ ചൂണ്ടിക്കാട്ടി തന്റെ പിതാവും പാർട്ടി മേധാവിയുമായ ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ രാഷ്ട്രീയ ജനതാദളിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കാനുള്ള തീരുമാനത്തെ രോഹിണി ആചാര്യ ശക്തമായി പിന്തുണച്ചിരുന്നു.

വെള്ളിയാഴ്ചയായിരുന്നു ബീഹാറിലെ വോട്ടെണ്ണല്‍. 22.79 ശതമാനം വോട്ട് വിഹിതമാണ് ഇത്തവണ ആര്‍.ജെ.ഡി നേടിയത്.

അതേസമയം ബി.ജെ.പിക്ക് 20.08 ശതമാനവും ജെ.ഡി.യുവിന് 19.25 ശതമാനവുമാണ് വോട്ട് വിഹിതം. ബി.ജെ.പി 89 സീറ്റും ജെഡിയു 85 സീറ്റും എന്‍.ഡി.എ സഖ്യം ആകെ 202 സീറ്റുകളുമാണ് നേടിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വൻ തിരിച്ചടിയാണ് ആർ.ജെ.ഡിക്ക് നേരിടേണ്ടി വന്നത്. 75 സീറ്റിൽ നിന്നും 25 സീറ്റിലേക്ക് ചുരുങ്ങിയെങ്കിലും പാർട്ടിയുടെ അടിത്തറ സംരക്ഷിക്കാൻ തേജസ്വി യാദവിന് സാധിച്ചു.

പരമ്പരാഗത വോട്ടുബാങ്കുകളിൽ കാര്യമായ കൊഴിഞ്ഞുപോക്കുകളില്ലാതെ വോട്ടുവിഹിതം നിലനിർത്താൻ ആർ.ജെ.ഡിക്ക് കഴിഞ്ഞു.

Content Highlight: Bihar elections; RJD’s defeat; Lalu Prasad’s daughter Rohini Acharya leaves family and politics