ന്യൂദല്‍ഹി: 2011ലെ മതാടിസ്ഥാനത്തിലുള്ള സെന്‍സസിന്റെ വിശദാംശങ്ങള്‍ ഇന്ത്യന്‍ രജിസ്ട്രാര്‍ ജനറല്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഈ വിവരങ്ങള്‍ പുറത്തുവിട്ട സമയത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ബീഹാറില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നില്‍കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോള്‍ പുറത്തുവിട്ട സാമുദായിക സെന്‍സസ് വിശദാംശങ്ങള്‍ പ്രകാരം 2001-2011നും ഇടയില്‍ ബീഹാറിലെ മുസ്‌ലിം ജനസംഖ്യ 28% വര്‍ധിച്ചിട്ടുണ്ട്. ഹിന്ദു ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് 24% വും ആണെന്നാണ് സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2001ല്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ 83.3% ആയിരുന്നു. പുതിയ സെന്‍സസ് പ്രകാരം അത് കുറഞ്ഞ് 82.7% ആയി. ഈ കാലഘട്ടത്തില്‍ മുസ്‌ലിം ജനസംഖ്യം ചെറിയ തോതില്‍ വര്‍ധിക്കുകയും ചെയ്തു. 2001 വരെ 16.5% ആയിരുന്നത് 16.9% ആയി.
ബീഹാറിലെ മുസ്‌ലിം ജനസംഖ്യ 2001ല്‍ 1.32 കോടിയായിരുന്നു. 2011ല്‍ അതു 1.76 കോടി ആയി ഉയര്‍ന്നിട്ടുണ്ട്. പത്തുവര്‍ഷത്തിനുള്ളില്‍ 38 ലക്ഷം മുസ്‌ലീങ്ങള്‍ വര്‍ധിച്ചു.
ഈ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നതിനുള്ള ഒരു കാരണം ബീഹാര്‍ തെരഞ്ഞെടുപ്പാണെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഹിന്ദുക്കള്‍ക്കും മുസ്‌ലീങ്ങള്‍ക്കും ഇടയില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുളള ശ്രമമാണ് ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടതിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്.
” വിവിധ ജാതികളുടെ സാമൂഹ്യ സാമ്പത്തിക അവസ്ഥ വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവിടുന്നതിനു പകരം മതാടിസ്ഥാനത്തിലുള്ള സെന്‍സസ് വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. അജണ്ട വ്യക്തമാണ്: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഹിന്ദുക്കള്‍ക്കും മുസ് ലീങ്ങള്‍ക്കും ഇടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍.” ബീഹാറിലെ കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് ചൗധരി പറഞ്ഞു.
ബി.ജെ.പിക്കൊപ്പമുണ്ടായിരുന്നു ജനതാദള്‍ യുനൈറ്റഡ് അവരില്‍ നിന്നുവേര്‍പെട്ട് ആര്‍.ജെ.ഡിക്കൊപ്പം ചേര്‍ന്നാണ് ബീഹാറില്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസും ജെ.ഡി.യുവും ആര്‍.ജെ.ഡിയുമൊക്കെ ചേര്‍ന്നുള്ള ശക്തമായ സഖ്യത്തെയാണ് ബി.ജെ.പിക്കു ബീഹാറില്‍ നേരിടേണ്ടത്.
ഈ സാഹചര്യത്തില്‍ വര്‍ഗീയ ചേരിതിരുവുണ്ടാക്കി ബീഹാര്‍ സ്വന്തമാക്കുകയെന്ന മാര്‍ഗം പരീക്ഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആരോപിച്ചിരുന്നു. ബീഹാറില്‍ നടന്ന ചെറിയ വര്‍ഗീയ സംഘര്‍ഷങ്ങളുടെ കാരണം ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിനെ വര്‍ഗീയ വത്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്് വര്‍ഗീയ ചേരിതിരിവിനെക്കുറിച്ചുള്ള സംവാദങ്ങള്‍ക്ക് ശക്തികൂട്ടിയിട്ടുണ്ട്. നേരത്തെ ഇവര്‍ മുംബൈയില്‍ മത്സരിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ബീഹാറിലേക്കുള്ള ഇവരുടെ വരവ് ബി.ജെ.പിയുമായി ചേര്‍ന്നു നടത്തുന്ന വഞ്ചനാപരമായ നീക്കമാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം.
ഈ തെരഞ്ഞെടുപ്പ് നിതീഷ്‌കുമാരും നരേന്ദ്രമോദിയും തമ്മിലുള്ളതായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിനെ ഉയര്‍ത്തിക്കാട്ടി ബീഹാറില്‍ ഹിന്ദുക്കള്‍ കുറയുന്നുവെന്നതും മുസ്‌ലീങ്ങള്‍ വര്‍ധിക്കുന്നതുവെന്നതും തെരഞ്ഞെടുപ്പു പ്രചരണ വേളയില്‍ ശക്തമായി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
