ന്യൂദല്‍ഹി: ബീഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കിയാല്‍ വിഷയത്തില്‍ ഇടപെടുമെന്ന് സുപ്രീം കോടതി പറഞ്ഞു.
ബീഹാറില്‍ നിലവില്‍ എസ്.ഐ.ആര്‍ (സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍) പ്രക്രിയയുടെ ആദ്യഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പുറത്തുവിടാനിരിക്കുന്ന കരട് പട്ടികയില്‍ നിന്ന് 65 ലക്ഷത്തോളം വോട്ടര്‍മാര്‍ ഒഴിവാക്കപ്പെടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത് 65.2 ലക്ഷം വോട്ടര്‍മാരില്‍ 22 ലക്ഷം പേര്‍ മരിച്ചു, 35 ലക്ഷം പേര്‍ ബീഹാറിന് പുറത്ത് സ്ഥിരതാമസമാക്കി, ഏഴ് ലക്ഷം പേര്‍ ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടര്‍മാരായി ചേര്‍ന്നിട്ടുണ്ട്, 1.2 ലക്ഷം പേര്‍ ഇതുവരെ ഫോമുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നുമാണ്.
ജൂണ്‍ 24ന് ആരംഭിച്ച എസ്.ഐ.ആര്‍ പ്രക്രിയയില്‍ ബീഹാറിലെ 99.8% വോട്ടര്‍മാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. നേരത്തെ 35.68 ലക്ഷം പേര്‍ മറ്റ് സ്ഥലങ്ങളില്‍ സ്ഥിരതാമസമാക്കിയവരോ മരിച്ചുപോയവരോ ഒന്നിലധികം സ്ഥലങ്ങളില്‍ പേരുചേര്‍ത്തവരോ ആണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നത്.
എന്നാല്‍ എസ്.ഐ.ആര്‍ പൂര്‍ത്തിയായതോടെ പുറത്താക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ എണ്ണം കൂടുകയും 65.2 ലക്ഷം ആയി വര്‍ധിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കുന്നത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് മുന്നറിയിപ്പ്. ബീഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ ചോദ്യം ചെയ്‌തുള്ള ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. പ്രസ്തുത ഹരജികള്‍ ഓഗസ്റ്റ് 12,13 തീയതികളില്‍ വീണ്ടും പരിഗണിക്കും.
അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ആര്‍.ജെ.ഡി എം.പി മനോജ് ഝായുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ ഉള്‍പ്പെടെ എല്ലാവരെയും തങ്ങള്‍ കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനാ സ്ഥാപനമായ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, തങ്ങള്‍ ഇവിടെ തന്നെയുണ്ടെന്നും പറഞ്ഞു.
2025 ജനുവരിയിലെ പട്ടികയാണ് ഇപ്പോള്‍ നിലവിലുള്ളത്. എസ്.ഐ.ആര്‍ പൂര്‍ത്തിയായ നിലയ്ക്ക് ഇ.സി.ഐ കരട് പട്ടിക പ്രസിദ്ധീകരിക്കും. 65 ലക്ഷം വോട്ടര്‍മാര്‍ ഒഴിവാക്കപ്പെടുന്നവരിൽ ഉണ്ടാകില്ലെന്നാണ് കരുതുന്നത്. അഥവാ കൂട്ടത്തോടെ ഒഴിവാക്കല്‍ ഉണ്ടായാല്‍ സുപ്രീം കോടതി ഉടന്‍ ഇടപെടുമെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി പറഞ്ഞു.
Content Highlight: Bihar voter list revision; Supreme Court says it will intervene if voters are excluded en masse