ന്യൂദല്‍ഹി: ബീഹാര്‍ വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണത്തില്‍ (എസ്.ഐ.ആര്‍) തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി.
എന്തിന്റെ അടിസ്ഥാനത്തിലാണ് ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയുടെ കരടില്‍ നിന്ന് 65 ലക്ഷം ആളുകളെ വെട്ടിമാറ്റിയതെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു.
ചൊവ്വാഴ്ചക്കകം ഒഴിവാക്കപ്പെട്ട ആളുകളുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റേതാണ് ഈ നിര്‍ണായകമായ ഉത്തരവ്. 65 ലക്ഷം ആളുകളെ ഒഴിവാക്കാനുള്ള കാരണം സഹിതം പട്ടിക പ്രസിദ്ധീകരിക്കാനാണ് കോടതിയുടെ നിര്‍ദേശം.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിപക്ഷ നേതാക്കളും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്, നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ ഇന്ത്യന്‍ വുമൺ തുടങ്ങിയ സംഘടനകളും നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.
നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, വോട്ടര്‍ലിസ്റ്റില്‍ പേരുണ്ടാകുകയും പിന്നീട് എസ്.ഐ.ആറിന് ശേഷം ഒഴിവാക്കപ്പെടുകയും ചെയ്ത 65 ലക്ഷം ആളുകളുടെ പട്ടികയാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓരോ ജില്ലാ ഇലക്ടറല്‍ ഓഫീസറുടെയും വെബ്‌സൈറ്റില്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് നിർദേശിച്ചത്.
കൂടാതെ വോട്ടര്‍മാരുടെ മുഴുവന്‍ വിവരങ്ങളും ബൂത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുകയും വേണം. ഈ വിവരങ്ങള്‍ വോട്ടര്‍മാര്‍ക്ക് പരിശോധിക്കാന്‍ സാധിക്കണമെന്നും സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്. വിവരങ്ങള്‍ വോട്ടര്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച് കണ്ടെത്താനും കഴിയണം. കരട് പട്ടികയില്‍ നിന്ന് എന്തുകൊണ്ട് ഒഴിവാക്കിയെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്തണമെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കി.
മാത്രമല്ല, സംസ്ഥാനത്തെ ഏറ്റവും പ്രചാരമുള്ള പത്രമാധ്യമങ്ങളില്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ദൂരദര്‍ശനിലും മറ്റ് റേഡിയോകളിലും ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രക്ഷേപണം ചെയ്യണം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കണമെന്നും കോടതി പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ 65 ലക്ഷം ആളുകളിൽ 22 ലക്ഷം പേര്‍ മരിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. 22 ലക്ഷം പേര്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ പേരുകള്‍ എന്തുകൊണ്ട് വെളിപ്പെടുത്തിക്കൂടാ എന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.
ഇതിനുപുറമെ ആധാര്‍ പൗരത്വ രേഖയായി അംഗീകരിക്കണമെന്നും ഉത്തരവുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച കോടതി, ആധാര്‍ പൗരത്വ രേഖയായി കണക്കാക്കാനാകില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിവെച്ചിരുന്നു. അതേസമയം ആധാറില്‍ സ്വതന്ത്രമായ പരിശോധന വേണ്ടിവരുമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
Content Highlight: Aadhaar should be accepted; list of 65 lakh excluded people should be published with reasons: Supreme Court