ഡിജിറ്റല്‍ മീഡിയ മേധാവി സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് ബല്‍റാം; പുറത്താക്കിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ്
Kerala
ഡിജിറ്റല്‍ മീഡിയ മേധാവി സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് ബല്‍റാം; പുറത്താക്കിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th September 2025, 1:01 pm

തിരുവനന്തപുരം: വിവാദമായ ബീഹാർ- ബീഡി എക്‌സ് പോസ്റ്റ് വിഷയത്തിൽ കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിഭാഗം മേധാവി സ്ഥാനം വി.ടി ബൽറാം രാജി വെച്ചിട്ടല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്.

വി.ടി ബൽറാമിനെതിരെ നടപടി എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നിലയ്ക്ക് പോസ്റ്റുകൾ വേണ്ടെന്നും നേതൃത്വവുമായി കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ ഇത്തരം നീക്കങ്ങൾ നടത്താവൂ എന്നും ബൽറാമിന് കെ.പി.സി.സി നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ഡിജിറ്റൽ മീഡിയ ചെയർമാൻ സ്ഥാനത്ത് നിന്ന് താൻ ഇതുവരെയും രാജിവെക്കുകയോ മാറിനിൽക്കുകയോ ചെയ്തിട്ടില്ലെന്ന് വി.ടി. ബൽറാമും അറിയിച്ചു.

മന്ത്രി എം.ബി. രാജേഷിനുൾപ്പടെയുള്ള മറുപടിയായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താൻ രാജിവെച്ചിട്ടില്ലെന്ന് വി.ടി ബൽറാം വ്യക്തമാക്കിയത്. വിവാദ എക്‌സ് പോസ്റ്റ് തന്റെ അറിവോടെയല്ലെന്നും അറിഞ്ഞയുടൻ താൻ തിരുത്താൻ നിർദേശിച്ചെന്നും വി.ടി ബൽറാം പറഞ്ഞു.

താൻ നേരത്തെ തന്നെ സമൂഹ മാധ്യമ ചെയർമാൻ സ്ഥാനം രാജിവെക്കാൻ ആഗ്രഹിച്ചതാണെന്നും എന്നാൽ നേതൃത്വം അത് അംഗീകരിച്ചില്ലെന്നും ബൽറാം പറയുന്നു. തന്റെ രാജി എത്രയും വേഗം അംഗീകരിച്ച് പരസ്യപ്പെടുത്തണമെന്നായിരുന്നു ആവശ്യമെങ്കിലും അതുണ്ടായില്ലെന്നും അദ്ദേഹം കെ.പി.സി.സി യോഗത്തിൽ അറിയിച്ചതായാണ് റിപ്പോർട്ട്.

പലവിധ ജോലികൾ ചെയ്യുന്ന ഒരുകൂട്ടം പ്രൊഫഷനലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വിങ് കൈകാര്യം ചെയ്യുന്നത്. എന്നാൽ അതുപോരായെന്നും ഈ മേഖലയിൽ പ്രാവീണ്യമുള്ള ആളുകളെ കൊണ്ടുവരണമെന്നുള്ള നിർദ്ദേശവും റിപ്പോർട്ടും വി.ടി ബൽറാം നൽകിയിരുന്നു.

ബൽറാമിനെതിരെ സമൂഹമാധ്യമങ്ങളിൽ ആരോപണം ശക്തമായതിനെ തുടർന്നാണ് വിശദീകരണവുമായി കെ.പി.സി.സി നേതൃത്വം മുന്നോട്ട് വന്നത്. പാർട്ടി ഒരു തരത്തിലുള്ള നടപടിയും ബൽറാമിനെതിരെ എടുത്തില്ലെന്നും അദ്ദേഹം സ്വയം ഒഴിയുന്നു എന്നറിയിച്ചതാണെന്നും നേതൃത്വം പറഞ്ഞു.

വിവാദ പോസ്റ്റുമായി വി.ടി ബൽറാമിന് പങ്കില്ലെന്നും അത് അറിഞ്ഞയുടൻ അദ്ദേഹം തിരുത്താൻ നിർദേശം നൽകിയെന്നും നേതൃത്വത്തെ അത് അറിയിച്ചിരുന്നെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. അതേസമയം, സമൂഹ മാധ്യമ വിഭാഗം പുനസംഘടിപ്പിക്കാനുള്ള ചർച്ചകളും കെ.പി.സി.സി നടത്തുന്നുണ്ട്.

വിവാദ ബീഡി-ബിഹാർ പോസ്റ്റിന് പിന്നാലെ മന്ത്രിമാരടക്കം വി.ടി ബൽറാമിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. വിവാദ പോസ്റ്റ് ബിഹാറിലെ തെരഞ്ഞെടുപ്പിനെയും പ്രതിപക്ഷ സഖ്യത്തെയും പ്രതിസന്ധിയിലാക്കിയിരുന്നു.

ജി.എസ്.ടി പരിഷ്‌കരണത്തിൽ ബീഡിക്കും, ബീഡിയുടെ ഇലയ്ക്കും ജിഎസ്ടി കുറച്ചതിനെ പരിഹസിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. കോൺഗ്രസിന്റെ ബിഹാർ വിരുദ്ധ മനസ് വ്യക്തമായെന്ന് ചൂണ്ടിക്കാട്ടി പോസ്റ്റിനെതിരെ ബി.ജെ.പി രംഗത്ത് എത്തിയിരുന്നു.

കോൺഗ്രസ് ബീഹാറിനെ അടച്ചാക്ഷേപിക്കുകയാണ് എന്ന തരത്തിലേക്ക് പോസ്റ്റിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയായിരുന്നു ബി.ജെ.പി.

Content Highlight: Bihar- BD ex-post; Balram says he has not resigned from the post of Digital Media Head