ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം ഏഴാം സീസണ്‍ കഴിഞ്ഞദിവസമാണ് അവസാനിച്ചത്. മുന്‍ സീസണുകളിലേത് പോലെ ഒരുപാട് വിവാദങ്ങളും ആരാധകര്‍ തമ്മിലുള്ള പോര്‍വിളികളും ഈ സീസണിലും ഉണ്ടായിരുന്നു. 25 പേരുമായി ആരംഭിച്ച ഏഴാം സീസണ്‍ 100 ദിവസം പിന്നിട്ടപ്പോള്‍ വിജയിയായത് അനുമോളാണ്.
രണ്ടാം സ്ഥാനത്തെത്തിയ അനീഷാണ് ശരിക്കും വിജയിക്കേണ്ടതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ആരുടെയും പിന്‍ബലമില്ലാതെ വന്ന് 100 ദിവസം പിടിച്ചുനിന്ന സാധാരണക്കാരന്‍ എന്ന് പലരും അനീഷിനെക്കുറിച്ച് പറയുമ്പോള്‍ അയാളുടെ സ്ത്രീവിരുദ്ധ പരാമര്‍ശം വീണ്ടും ചര്‍ച്ചയാവുകയാണ്. താന്‍ സ്ത്രീവിരുദ്ധനാണെന്ന് പറഞ്ഞുകൊണ്ടാണ് അനീഷ് ബിഗ് ബോസിലേക്ക് പ്രവേശിച്ചത്.
സ്ത്രീകള്‍ക്ക് സമൂഹത്തില്‍ അനാവശ്യമായി ചില പ്രിവിലേജുകള്‍ ലഭിക്കുന്നുണ്ടെന്നും അതിനോട് തനിക്ക് യോജിപ്പില്ലെന്നും അനീഷ് പറഞ്ഞിരുന്നു. 100 ദിവസം ബിഗ് ബോസ് ഹൗസില്‍ താമസിച്ചതിന് ശേഷവും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് തന്നെയാണ് അനീഷ് പറയുന്നത്. ബിഗ് ബോസ് അവസാനിച്ചതിന് ശേഷം ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം അനീഷ് എടുത്തുപറയുകയും ചെയ്തു.
‘സ്ത്രീകള്‍ക്ക് സമൂഹത്തില്‍ അനാവശ്യമായി ചില പ്രിവിലേജുകള്‍ ലഭിക്കുന്നുണ്ടെന്ന് ഞാന്‍ ഇപ്പോഴും പറയും. അത് ശരിയല്ലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ആറ് മാസം മെറ്റേണിറ്റി ലീവെടുക്കുന്നത് പ്രിവിലേജായാണ് ചില സ്ത്രീകള്‍ കാണുന്നത്. അവര്‍ക്ക് ലീവ് ഒട്ടും കൊടുക്കരുത് എന്ന് ഞാന്‍ പറയില്ല. ഡെലിവറിയുടെ സമയത്ത് ലീവ് കൊടുത്തല്ലേ പറ്റുള്ളൂ.
ഞാന്‍ ചോദിക്കുന്നത് എന്താണെന്ന് വെച്ചാല്‍ ആറ് മാസം സ്ത്രീകള്‍ക്ക് ലീവ് കൊടുക്കുന്നുണ്ടെങ്കില്‍ പുരുഷന്മാര്‍ക്കും ലീവ് കൊടുക്കണം. അത് എന്തുകൊണ്ട് ചെയ്യുന്നില്ല എന്നാണ് ചോദ്യം. ഇക്കാര്യം ഷോയില്‍ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ മറന്നുപോയി. മറ്റ് പല കാര്യങ്ങളും അഡ്രസ് ചെയ്യാന്‍ സാധിച്ചെന്നാണ് വിശ്വാസം’ അനീഷ് പറയുന്നു.
ഇക്കാര്യം ബിഗ് ബോസ് ഹൗസില്‍ വെച്ച് പറഞ്ഞിരുന്നെങ്കില്‍ അടുത്ത ആഴ്ച തന്നെ എവിക്ട് ആയേനെയെന്നും മെറ്റേണിറ്റി ലീവ് എന്താണെന്ന് റിസര്‍ച്ച് ചെയ്യുന്നത് നന്നാകുമെന്നും വീഡിയോയുടെ താഴെ കമന്റുകളുണ്ട്. ഗവണ്മെന്റ് ജോലിയില്‍ നിന്ന് ലീവെടുത്ത് ബിഗ് ബോസിലേക്കെത്തിയ കോമണര്‍ അനീഷ് രണ്ടാം സ്ഥാനമാണ് നേടിയത്. അവസാന നിമിഷം വരെ പലരും കരുതിയത് അനീഷ് വിജയിയാകുമെന്നായിരുന്നു.
Content Highlight: Bigg Boss Runner up Aneesh’s misogynistic statement viral