ബിഗ്ബി 2വില്‍ ഫഹദ് ഫാസിലും?; കാതറിന്‍ ട്രീസ നായിക വേഷത്തിലെത്തും, ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
Bigb
ബിഗ്ബി 2വില്‍ ഫഹദ് ഫാസിലും?; കാതറിന്‍ ട്രീസ നായിക വേഷത്തിലെത്തും, ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
ന്യൂസ് ഡെസ്‌ക്
Sunday, 30th June 2019, 12:05 am

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും സ്‌റ്റൈലിസ്റ്റ് മാസ് കഥാപാത്രം ഏതെന്ന് ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു ബിലാല്‍ ജോണ്‍ കുരിശിങ്കല്‍. ഛായാഗ്രഹണത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി മലയാള സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് ഉയര്‍ത്തിയ സംവിധായകനാണ് അമല്‍ നീരദ്. ബിലാല്‍ ജോണ്‍ കുരിശിങ്കലായി വീണ്ടും മമ്മൂട്ടി എത്തുകയാണ്. ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ചേര്‍ന്നാണ് രണ്ടാം ഭാഗത്തിന്റെ തിരക്കഥയൊരുക്കുന്നത്. കാതറീന്‍ ട്രീസ ചിത്രത്തില്‍ നായികയാവും.

ചിത്രത്തില്‍ ഫഹദ് ഫാസിലും അഭിനയിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇത് വരെ വന്നിട്ടില്ല. ഇതിന് മുമ്പ് മമ്മൂട്ടിയും ഫഹദും മൂന്നു ചിത്രങ്ങളിലാണ് ഒരുമിച്ചത്. കൈ എത്തും ദൂരത്ത്, പ്രമാണി, ഇമ്മാനുവല്‍ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചെന്ന് സൂചിപ്പിച്ച് സൗബിന്‍ ഷാഹിര്‍ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ണി ആറിന്റെയും അമല്‍നീരദിന്റെയും ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഉണ്ണി ആറും ഇതേ ചിത്രം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.