നെഹ്‌റു പിന്തുണച്ച ഗാന്ധിയുടെ പ്രമേയത്തിന് ഭേദഗതി അവതരിപ്പിച്ച കെ. ദാമോദരന്‍
DISCOURSE
നെഹ്‌റു പിന്തുണച്ച ഗാന്ധിയുടെ പ്രമേയത്തിന് ഭേദഗതി അവതരിപ്പിച്ച കെ. ദാമോദരന്‍
ബിബിത്ത് കോഴിക്കളത്തില്‍
Thursday, 3rd July 2025, 8:14 pm
മാര്‍ക്‌സിസത്തിന്റെ ആത്മാവന്വേഷിച്ച സത്യാന്വേഷിയും ധിഷണാശാലിയുമായിരുന്ന ദാമോദരന്റെ ധൈഷണിക ജീവിതത്തോട് കേരളവും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളും എത്രമാത്രം നീതിയോടെ പെരുമാറിയെന്ന സ്വയംവിമര്‍ശനംകൂടി ഈ അവസരത്തില്‍ നടത്താവുന്നതാണ്. മുള്ളുകളില്‍ക്കൂടി കടന്നുവന്ന അനേകം ജീവിതപ്പെരുംതണലുകളിലിരുന്നാണ് നമുക്കിപ്പോള്‍ പൂക്കളെക്കുറിച്ചെഴുതാന്‍ കഴിയുന്നത് | ബിബിത് കോഴിക്കളത്തില്‍ എഴുതുന്നു

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇതിഹാസസമാനമായ ചരിത്രത്തിലെ അതികായനാണ് കീഴേടത്ത് ദാമോദരന്‍ എന്ന സഖാവ് കെ. ദാമോദരന്‍. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്ന ആദ്യത്തെ മലയാളികൂടിയാണ് കേരള മാര്‍ക്സ് എന്നറിയപ്പെടുന്ന സഖാവ് കെ ദാമോദരന്‍. സഖാവ് കെ.ദാമോദരന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേയ്ക്ക് അമ്പത്തിയൊന്നു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ബോംബെയെപ്പോലെ വ്യവസായവല്‍കൃതമല്ലാത്ത കേരളത്തില്‍ എന്തുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായതെന്ന ചോദ്യത്തിന് കെ. ദാമോദരന്‍ നല്‍കുന്ന മറുപടി, ”1930-33 കാലഘട്ടത്തില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്ലായിരുന്നു” എന്നാണ്.

K DAMODARAN

കെ. ദാമോദരന്‍

പത്രപ്രവര്‍ത്തകന്‍ താരിഖ് അലിയുമായുള്ള വിഖ്യാത അഭിമുഖത്തിലാണ് സഖാവ് ദാമോദരന്‍ ഇത്തരമൊരു അഭിപ്രായം പങ്കുവെക്കുന്നത്. ഇത് ഇന്നത്തെ വിവിധ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടവും തന്ത്രവുമായി ബന്ധപ്പെടുത്തിയാണ് പരിശോധിക്കേണ്ടത്.

കോഴിക്കോട്ടെ പാളയത്തുള്ള ഒരു പച്ചക്കറി പീടികയുടെ മുകളില്‍ വളരെ രഹസ്യമായി പി. കൃഷ്ണപിള്ള, ഇ.എം.എസ് നമ്പൂതിരിപ്പാട്, കെ. ദാമോദരന്‍, എന്‍.സി. ശേഖര്‍, എസ്.വി. ഘാട്ടെ എന്നിവര്‍ ചേര്‍ന്ന് അഖിലേന്ത്യാ പാര്‍ട്ടിയുടെ ഉപഘടകമെന്ന നിലയില്‍ കേരളത്തിലെ പാര്‍ട്ടി രൂപീകരിക്കുന്നത് 1937ല്‍ ആണ്. അതിനും രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് കെ. ദാമോദരന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി കഴിഞ്ഞിരുന്നു.

‘ഏകാന്തവും പരിത്യക്തവുമായിരുന്നു ദാമോദരന്റെ ജീവിതാന്ത്യം.’ എന്ന സുനില്‍ പി. ഇളയിടത്തിന്റെ അഭിപ്രായത്തെ പൂര്‍ണമായും ശരിവെക്കുന്നതായിരുന്നു സംഘടനാപരവും അല്ലാത്തതുമായ അനുഭവങ്ങള്‍ ദാമോദരന് നല്‍കിയതെന്നു മനസ്സിലാകും.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രൊഫസര്‍ കെ.എന്‍. പണിക്കരുടെ ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ അബോധാവസ്ഥയില്‍ വീണു കിടക്കുകയായിരുന്ന ദാമോദരനെക്കുറിച്ച് പണിക്കര്‍ ഇങ്ങനെ പറയുന്നുണ്ട്: ‘ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ ജീവിതം മുഴുവന്‍ ഉപയോഗിച്ച് കെട്ടിപ്പടുക്കാന്‍ ശ്രമിച്ച പ്രസ്ഥാനത്തില്‍ നിന്ന് ദാമോദരന്‍ ഒട്ടേറെ ഒറ്റപ്പെട്ടു പോയിരുന്നു. അതില്‍ വളരെ ദുഃഖിതനും നിരാശനുമയിരുന്നു അദ്ദേഹം. മുന്‍ സഹപ്രവര്‍ത്തകരും അനുയായികളും ആരാധകരും എല്ലാം അദ്ദേഹത്തെ കൈവെടിഞ്ഞുവെങ്കിലും ആ സന്ദര്‍ഭത്തിലും കാലുഷ്യമില്ലാത്ത മനസ്സുമായി ശുഭാപ്തി വിശ്വാസത്തോടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭൂതകാലം തിട്ടപ്പെടുത്തി ആഖ്യാനം ചെയ്യുന്നതിലും ഭാവിയെ കരുപ്പിടിപ്പിക്കുന്ന സൈദ്ധാന്തിക ചിന്തയിലും അദ്ദേഹം മുഴുകി.

ഒരാഴ്ചയിലേറെ ദാമോദരന്‍ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടന്നു. അദ്ദേഹത്തിന്റെ മുന്‍കാല സഹപ്രവര്‍ത്തകരും ശിഷ്യന്മാരും അനുചരന്മാരും ഒക്കെ ദല്‍ഹിയില്‍ ധാരാളമുണ്ടായിരുന്നു. കേരളത്തിലെ ഭരണം ഇടതുപക്ഷ നേതൃത്വത്തില്‍ ആയിരുന്നു. അവരില്‍ നിന്നു പോലും അര്‍ഹിക്കുന്ന ശ്രദ്ധ ഉണ്ടായില്ല. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അനിഷേധ്യമായ സംഭാവന നല്‍കിയ ഈ ധിഷണാശാലി ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ ഒരുപക്ഷേ ആവശ്യമായ വൈദ്യസഹായം ലഭിക്കാതെ തന്റെ പത്‌നിയുടെ മാത്രം സാന്നിധ്യത്തില്‍ വിടവാങ്ങി’ എന്ന് കെ.എന്‍. പണിക്കര്‍ കുറിക്കുകയുണ്ടായി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബുദ്ധിജീവിയായ പാര്‍ട്ടി സെക്രട്ടറിമാരില്‍ ഒരാളായിരുന്ന പി.സി. ജോഷിയോടൊപ്പം 1970 ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ദാമോദരന്‍ അന്തരിക്കുന്നത്. അറിവുകളെ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ നിരന്തരം പുതുക്കിപ്പണിതുകൊണ്ടിരുന്ന അദ്ദേഹത്തിന് സംഘടനയുടെ ഔപചാരിക ധാരണകളുമായി പരിപൂര്‍ണമായി ഒത്തുപോകാന്‍ കഴിഞ്ഞില്ല.

പി.സി. ജോഷി

പി.സി. ജോഷി

ബ്ലഡി റാസ്‌ക്കല്‍, ഇഡിയറ്റ് എന്നൊക്കെയാണ് ജോഷി ദാമോദരനെ വിളിക്കുക. ദാമോദരന്‍ മരിക്കുമ്പോള്‍ ജോഷി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. അതുകൊണ്ടുതന്നെ മരണവിവരം അറിയിച്ചിരുന്നില്ല. ആ ഇഡിയറ്റിനെ പെട്ടെന്നുതന്നെ ഇങ്ങോട്ടയക്കണമെന്നു മരണമറിയാതെ ഭാര്യോട് ജോഷി പറയുന്നുണ്ട്.

ദാമോദരന്റെ ജീവിതത്തിന് ഒരു ദുരന്ത കഥയുടെ സ്വഭാവമാണുള്ളതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തിന്റെ ആമുഖത്തില്‍ ഗോവിന്ദപ്പിള്ള എഴുതുന്നുണ്ട്. കേരളംകണ്ട എക്കാലത്തേയും വലിയ ധിഷണാശാലിയും കമ്യൂണിസ്റ്റുമായിരുന്ന അനേകവര്‍ഷം വിദേശാധിപത്യത്തിലും സ്വദേശാധിപത്യത്തിലും ജയിലില്‍ക്കിടന്ന ദാമോദരന്‍.

പാസ്റ്റര്‍നാക്കിനോട് പാര്‍ട്ടി ചെയ്തത് ശരിയല്ലെന്നു ക്രൂഷ്‌ചേവിനോട് നേരിട്ടും സോവിയറ്റ് യൂണിയന്‍ ചെക്ലോസോവാക്യയെ ആക്രമിച്ചപ്പോള്‍ അത് തെറ്റാണെന്നു പറയാനുള്ള മാര്‍ക്‌സിസ്റ്റ് അവബോധം അദ്ദേഹത്തെ തടസ്സപ്പെടുത്തിയില്ല. വിജയന്റെ ഗുരുസാഗരമുള്‍പ്പെടെയുള്ള നോവലുകളിലും കഥകളിലും ലേഖനങ്ങളിലും ഇവ നിരന്തരമായി കടന്നുവരുന്നുണ്ട്.

ഒന്നാം ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്ത് കുണ്ടറയില്‍ നടന്ന വെടിവെപ്പില്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടപ്പോള്‍ അതില്‍ പ്രതിഷേധിച്ച ദാമോദരനെത്തന്നെയായിരുന്നു അത് വിശദീകരിക്കാന്‍ ഏല്‍പ്പിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റേറ്റ് കൗണ്‍സില്‍ കൂടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അമ്പത്തിയേഴില്‍ കുണ്ടറയില്‍ സമരക്കാര്‍ക്കുനേരെ പോലീസ് വെടിവെക്കുകയും തൊഴിലാളികള്‍ കൊല്ലപ്പെടുകയും ചെയ്യുന്നത്.

EMS

ഇ.എം.എസ്.

ഞങ്ങള്‍ അന്തംവിട്ടുപോയി എന്നാണ് ദാമോദരന്‍ പറയുന്നത്. പിന്നീട്, വെടിവെപ്പിനെ ന്യായീകരിച്ച് പ്രസംഗിക്കേണ്ടിവന്നതും പിന്നീടും നിര്‍ബന്ധിച്ചപ്പോള്‍ വയ്യെന്നു പറഞ്ഞതും ആ സമരജീവിതത്തിന്റെ സങ്കീര്‍ണതകളേയും വൈജാത്യങ്ങളേയും വെളിപ്പെടുത്തുന്ന സംഭവങ്ങളായിരുന്നു.

ജീവിതത്തെ തന്നെ കടപുഴക്കിയ സംഘടനാപരവും ആശയപരവുമായ ഘട്ടങ്ങളില്‍ ദാമോദരന്‍ പാര്‍ട്ടിക്കുള്ളില്‍ ധൈഷണികമായ ഏകാന്തത അനുഭവിച്ചുവെന്ന കൊളാടി ഗോവിന്ദന്‍കുട്ടിയുടെ പ്രസ്താവന ശരിവെക്കുന്നതരത്തിലായിരുന്നു ദാമോദരന്റെ പില്‍ക്കാല ജീവിതം.

നിരന്തരവും വഴങ്ങാത്തതുമായ വിമര്‍ശനാവബോധമാണ് ദാമോദരന്റെ ജീവിതത്തിന് ഇത്തരമൊരു ദുരന്തശോഭ നല്‍കിയത്. ജീവിതകാലത്തുടനീളം ഈ വിമര്‍ശനാവബോധവും വിമതതത്വവും ദാമോദരനൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ട് നിന്നിടങ്ങളില്‍ നിന്നെല്ലാം ദാമോദരന്‍ പുറത്താക്കപ്പെട്ടുകൊണ്ടിരുന്നുവെന്നും മെരുങ്ങാത്ത ഈ ജീവിതാവബോധത്തിന് നല്‍കേണ്ടി വരുന്ന വില ഇതാണെന്നാവുമോ ജീവിതം നല്‍കുന്ന പാഠം എന്നും സുനില്‍ പി ഇളയിടം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

സുനില്‍ പി ഇളയിടം

സുനില്‍ പി ഇളയിടം

ആധുനിക കേരളീയ ജീവിതത്തിലെ മഹാ സംരംഭങ്ങളിലെല്ലാം തുടക്കക്കാരന്‍ ദാമോദരന്‍ തന്നെയായിരുന്നു. കേരള വിദ്യാര്‍ഥിസംഘം രൂപംകൊണ്ടപ്പോള്‍ അതിന്റെ സെക്രട്ടറി. ഈ കാലയളവില്‍ തന്നെയാണ് തന്റെ പത്തൊമ്പതാമത്തെ വയസ്സില്‍ ദാമോദരന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജീവചരിത്രം എഴുതുന്നത്. ദേശീയ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങളുടെ മുന്‍നിരയിലും ദാമോദരന്‍ ഉണ്ടായിരുന്നു.

അബ്ദുറഹിമാന്‍ സാഹിബിനേയും സ്വാതന്ത്ര്യസമരസേനാനികളേയും മര്‍ദ്ദിച്ച വാര്‍ത്തകള്‍ കേട്ട് കോളേജ് വിദ്യാഭ്യാസത്തിനിടെ തിരൂരില്‍നിന്നും കോഴിക്കോട്ടേക്ക് വണ്ടികയറിയ വിദ്യാര്‍ഥിയാണ് പിന്നീട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ കേരളാ പാര്‍ട്ടി രൂപീകരണത്തിലേക്ക് നയിച്ച കഠിനപാതകള്‍ വെട്ടിത്തെളിക്കുന്നത്.

പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ നേതാവും സൈദ്ധാന്തികനുമായി ദാമോദരന്‍ വളര്‍ന്നുവന്നു. കേരള നാടക വേദിയുടെ ചരിത്രത്തിലെ ആദ്യ ചുവടുവെപ്പ് ‘പാട്ടബാക്കി’ മുതല്‍ മാര്‍ക്‌സിസ്റ്റ് വിജ്ഞാന ചരിത്ര ശാഖകള്‍ക്ക് മുതല്‍ക്കൂട്ടാവുന്ന തരത്തില്‍ എഴുതപ്പെട്ട ഒട്ടേറെ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഈടുവയ്പ്പുകളാണ്.

18 വയസ്സ് തികഞ്ഞതിനുശേഷം ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത ദാമോദരന്‍ അറസ്റ്റിലായി. അതിനുമുമ്പും അദ്ദേഹം അറസ്റ്റിലായിരുന്നു. 18 വയസ്സ് തികയാത്ത കാരണം മടക്കി അയക്കുകയായിരുന്നു. ജയിലില്‍ നിന്നും പരീക്ഷ പാസാകുന്നു. കാശി വിദ്യാപീഠത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായ ആചാര്യ നരേന്ദ്ര ദേവ് ദാമോദരന്റെ അധ്യാപകനായിരുന്നു.

കെ. ദാമോദരന്‍ എഴുതിയ ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മക്കുറിപ്പുകള്‍

പില്‍ക്കാലത്ത് പ്രധാനമന്ത്രിയായ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുള്‍പ്പെടെ സഹപാഠിയും. അവിടെ നിന്നാണ് ഗാന്ധിയന്‍ ആശയങ്ങളുമായ വേര്‍പെട്ടു ദാമോദരന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്. കാശിവിദ്യാപീഠത്തിലെ സീനിയറായിരുന്ന ഓംകാര്‍നാഥിന് അക്കാലത്തെ നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്നു. അയാളാണ് ദാമോദരനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് നയിക്കുന്നത്.

പാര്‍ട്ടികേന്ദ്രത്തില്‍നിന്നും ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദാമോദരന്‍ തന്റെ പ്രവര്‍ത്തകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റുന്നത്. അന്നിവിടെ കമ്യൂണിസ്റ്ര് പാര്‍ട്ടിയില്ലായിരുന്നു. എ.ഐ.സി.സി അംഗമായിരിക്കെ 1940ല്‍ പൂനാസമ്മേളനത്തില്‍ ഗാന്ധി അവതരിപ്പിച്ചതും നെഹ്‌റു പിന്താങ്ങിയതുമായ പ്രമേയത്തിന് ഭേദഗതിയവതരിപ്പിച്ച് ആദ്യം ഇംഗ്ലീഷിലും പിന്നീട് ഹിന്ദിയിലും സംസാരിച്ച് ദാമോദരന്‍ ശ്രദ്ധപിടിച്ചുപറ്റുന്നുണ്ട്.

മലബാറിന്റെ പോരാട്ടവീര്യം മലബാര്‍ കലാപത്തിനും ജാലിയന്‍വാലാബാഗിനുംശേഷം ഉയര്‍ന്നത്ദാ മോദരനു വേണ്ടിയായിരുന്നു.

കേവലം ഇരുപത്തിയെട്ടു വയസ്സുമാത്രമുള്ള ദാമോദരന്റെ വിമര്‍ശനം പലരിലും എതിര്‍പ്പുണ്ടാക്കിയെങ്കിലും ഗാന്ധിജിയുടേയും നെഹ്‌റുവിന്റേയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട് ദാമോദരന്‍. എ.ഐ.സി.സിയുടെ അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മറ്റിയിലേക്കും പ്രവര്‍ത്തകസമിതിയിലേക്കും തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഏറ്റവും പ്രായകുറഞ്ഞ വ്യക്തിയായിരുന്നു ദാമോദരന്‍.

കോണ്‍ഗ്രസിന്റേതായാലും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയതായാലും നടക്കുന്ന പഠനക്യാമ്പുകളുടെ ചുമതല ദാമോദരനായിരുന്നു. പള്ളിപ്പുറത്ത് ഒരു മാസക്കാലം നീണ്ടുനിന്ന പഠനക്യാമ്പില്‍നിന്നും പോയവരാണ് പില്‍ക്കാലത്ത് കേരളരാഷ്ട്രീയത്തിലെ ഇടതുപക്ഷമായി വളരുന്നത്. ചെറുകാട് ആര്യാപ്പള്ളം തുടങ്ങിയവരുള്‍പ്പെടെ ഇത്തരം പഠനക്യാമ്പിലെ വിദ്യാര്‍ഥികളായിരുന്നു.

ആധുനിക കേരളീയ ജീവിതത്തിലെ മഹാ സംരംഭങ്ങളിലെല്ലാം തുടക്കക്കാരന്‍ ദാമോദരന്‍ തന്നെയായിരുന്നു

കേരളത്തിലെത്തി കോഴിക്കോട് പ്രവര്‍ത്തനകേന്ദ്രമാകുന്നു. ഓട്ടുതൊഴിലാളി, ബീഡിത്തൊഴിലാളി പണിമുടക്ക് ഉള്‍പ്പെടെ നിരവധി സമരങ്ങള്‍. കോഴിക്കോട് രാത്രി കാലങ്ങളില്‍ കടത്തിണ്ണകളില്‍ ഉറങ്ങുന്നവര്‍, ലൈംഗിക തൊഴിലാളികള്‍, കുറ്റിച്ചിറയിലെ ദരിദ്ര ജനവിഭാഗങ്ങളുടെ ജീവിതത്തെക്കുറിച്ചും മറ്റും ദാമോദരന്‍ നടത്തിയ പഠനം പുതിയൊരു പ്രവര്‍ത്തനരീതി തന്നെയായി മാറി.

പിണറായി പാറപ്പുറം സമ്മേളനത്തിനുശേഷം ദാമോദരന്‍ അറസ്റ്റിലാവുന്നുണ്ട്. അനേകം ജയില്‍വാസങ്ങളിലൂടെയാണ് ആ കമ്യൂണിസ്റ്റ് ജീവിതം കടന്നുപോകുന്നത്. പ്രതിവര്‍ഷം 4500 രൂപ നികുതി അടക്കുന്ന തിരൂരിലെ പ്രഭു കുടുംബത്തില്‍ ജനിച്ച ദാമോദരന് അവസാനകാലം മകന്റെ ഫീസ് അടക്കാന്‍ പോലും പൈസ തികഞ്ഞിരുന്നില്ല. യഥാര്‍ത്ഥ മാര്‍ക്‌സിന് ഉണ്ടായ അനുഭവം കേരള മാര്‍ക്‌സിനും ഉണ്ടായി എന്ന് സുനില്‍ പി ഇളയിടം പറയുന്നത്.

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതിനും ഒരു വര്‍ഷം മുമ്പാണ് ദാമോദരന്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്നത്. മലബാറിലെ പ്രധാന പ്രസ്സുകള്‍ ഒന്നും ഈ പുസ്തകം അച്ചടിക്കാന്‍ തയ്യാറാകാതിരുന്നപ്പോള്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബാണ് അതച്ചടിച്ചുകൊടുക്കുന്നത്. സമഷ്ടിവാദ വിജ്ഞാപനം എന്ന പേരിലാണ് അത് പ്രസിദ്ധീകരിച്ചത്. പ്രസ്സുകാര്‍ ഭയപ്പെടാതിരിക്കാന്‍ കമ്മ്യൂണിസം എന്ന വാക്കുതന്നെ ഒഴിവാക്കിയതായി ദാമോദരന്‍ പറയുന്നുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ്, കോണ്‍ഗ്രസിനോടുള്ള സമീപനം, ദേശീയ പ്രസ്ഥാനത്തോടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്, സാഹിത്യം, ക്വിറ്റിന്ത്യാ സമരം, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം, സ്റ്റാലിന്‍, സ്വാതന്ത്ര്യസമരകാലത്ത് എടുത്ത നിരവധി സമീപനങ്ങള്‍, സോവിയറ്റ് റഷ്യ ദൂപ് ചെക്കിനെ അധികാര ഭ്രഷ്ട്ടനാക്കിയ പ്രാഗ് വസന്തം സംബന്ധിച്ച്, ഒന്നാം കേരള സര്‍ക്കാരിന്റെ തൊഴിലാളികളെ വെടിവെച്ചു കൊന്നത് സംബന്ധിച്ച് ഉള്‍പ്പെടെ സഖാവ് ദാമോദരന്‍ എടുത്ത നിലപാടുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം മാത്രമല്ല കേരള ചരിത്രവും സാഹിത്യചരിത്രവും ഇന്ത്യന്‍ തത്വചിന്ത സംബന്ധമായും പഠിക്കാന്‍ ആഗ്രഹിക്കുന്നവരും ഗൗരവപൂര്‍വ്വം സമീപിക്കേണ്ടുന്ന വിഷയങ്ങളാണ്.

തന്റെ പത്തൊമ്പതാംവയസില്‍ നെഹ്‌റുവിന്റെ ജീവചരിത്രത്തില്‍ തുടങ്ങി മനുഷ്യന്‍, ഇന്ത്യയുടെ ആത്മാവ് ഭാരതീയ ചിന്ത തുടങ്ങി അനേകം കൃതികള്‍ ഉള്‍പ്പെടെ വിവിധ വിജ്ഞാനശാഖകളില്‍ പരന്നുകിടക്കുന്ന നാല്‍പ്പതിലധികം കൃതികള്‍.

മാര്‍ക്‌സിസം സംബന്ധിച്ച ദാമോദരന്റെ ആദ്യകാല ലേഖനം പ്രസിദ്ധീകരിക്കുന്നത് മാതൃഭൂമിയായിരുന്നു. ഇന്ത്യയുടെ ദാര്‍ശനിക ചരിത്രത്തിലെ മാര്‍ക്‌സിസ്റ്റ് ഇടപെടലുകള്‍ ദാമോദരനിലൂടെ അര്‍ത്ഥവത്തായി തീരുന്നുണ്ട്. കവിതകളും കഥകളും ആ സാഹിത്യ ജീവിതത്തിന്റെ ഭാഗങ്ങള്‍തന്നെയായിരുന്നു.

യഥാര്‍ത്ഥ മാര്‍ക്‌സിന് ഉണ്ടായ അനുഭവം കേരള മാര്‍ക്‌സിനും ഉണ്ടായി എന്ന് സുനില്‍ പി ഇളയിടം പറയുന്നത്

താരിഖ് അലിയുമായുള്ള അഭിമുഖത്തില്‍ താന്‍ കണ്ട എക്കാലത്തെയും വലിയ കമ്മ്യൂണിസ്റ്റ് നേതാവ് വിയറ്റ്‌നാമിലെ ഹോചിമിന്‍ ആയിരുന്നു എന്നു പറയുന്നുണ്ട് ദാമോദരന്‍. ചൈനീസ്, റഷ്യന്‍, വിയറ്റ്‌നാം, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ ഭാഷകളില്‍ അദ്ദേഹം ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചത് തന്നെ അത്ഭുതപ്പെടുത്തിയതായി ദാമോദരന്‍ വെളിപ്പെടുത്തുന്നുണ്ട്.

ഹോചിമിനേക്കാള്‍ ഭാഷാപാണ്ഡിത്യമുണ്ടായിരുന്നു ദാമോദരന്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, അറബി, ഉറുദു, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഇത്രയും ഭാഷകളില്‍ അവഗാഹമുണ്ടായിരുന്ന ദാമോദരന്‍ റഷ്യനില്‍നിന്ന് കൃതികള്‍ നേരിട്ട് മലയാളത്തിലേക്ള്‍ വിവര്‍ത്തനംചെയ്യുകയും ചെയ്യുന്നുണ്ട്.

ഗുരുവായൂരിനടുത്ത വൈലത്തൂരില്‍ നടക്കുന്ന കര്‍ഷകസമ്മേളനത്തിനുവേണ്ടി കലാപരിപാടികള്‍ നടത്തണമെന്ന ആലോചനയ്ക്കിടയിലാണ് തനിക്ക് നാടകമെഴുതിക്കൂടെയെന്ന് ഇ.എം.എസ് ചോദിക്കുന്നത്. അങ്ങനെയാണ് പാട്ടബാക്കിയെന്ന നാടകം ജനിക്കുന്ന്.

മുഖ്യപ്രാസംഗികരില്‍ ദാമോദരനുമുണ്ടായിരുന്നു. പ്രസംഗത്തിനുശേഷം വേഷം മാറി നാടകത്തില്‍ അമ്മയായി അഭിനയിക്കുകയായിരുന്നു. നാടകത്തില്‍ അഭിനയിച്ചതിന് ഒരു നടനെ ജന്മി കഴകം ജോലിയില്‍നിന്നും ഒഴിപ്പിച്ചപ്പോള്‍ ”മുമ്പ് പാട്ടം ബാക്കിവെച്ചാലേ ഒഴിപ്പിക്കുകയുള്ളൂ, ഇപ്പോള്‍ പാട്ടബാക്കി കളിച്ചാലും ഒഴിപ്പിക്കു”മെന്നു പറയുന്നുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അണികള്‍ സൈദ്ധാന്തികമായി കൈവരിക്കുന്ന ഉയര്‍ച്ചയും സംവാദങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള കെല്‍പ്പും നേടാന്‍ കഴിയുന്നതുവരെ പ്രസ്ഥാനത്തിന് വളര്‍ച്ച ഉണ്ടാകില്ല എന്നു പറഞ്ഞാണ് കെ. ദാമോദരന്‍ താരിഖ് അലിയുമായുള്ള സംഭാഷണം അവസാനിപ്പിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയില്‍ എ.കെ.ജി ജയിലിലായിരുന്നുവെന്ന ചരിത്ര സത്യത്തിന് അനുരോധമായി ഇന്ത്യയുടെ എക്കാലത്തേയും മഹാനായ ഈ സ്വാതന്ത്ര്യ സമര പോരാളിയെ വിട്ടയയ്ക്കുന്നത് സ്വാതന്ത്ര്യത്തിന് ഇരുപത്തിനാല് മണിക്കൂര്‍മുമ്പ് മാത്രമണെന്ന സത്യവും ചരിത്രത്തിന്റെ ഭാഗമായിനില്‍ക്കുന്നുണ്ട്.

ആള്‍ ഇന്ത്യാ പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്റെയും അതിന്റെ കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിന്റേയും അമരക്കാരില്‍ ദാമോദരനുണ്ടായിരുന്നു. സര്‍സിപിയുടെ സ്വേഛാധിപത്യ വാഴ്ചയ്‌ക്കെതിരായ പോരാട്ടത്തിനു പിന്നിലും ദാമോദരന്റെ പങ്കു നിസ്തുലമായിരുന്നു.

ദാമോദരന്റെ ജീവിതവുമായി ബന്ധപ്പെട്ട് ഈയിടെ മനസ്സിലാക്കിയ രണ്ടു കാര്യങ്ങള്‍ ശരിക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അതിലൊന്ന് ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ വളരെ പ്രശസ്തമായ ഒരു രംഗത്തോട് ദാമോദരന്റെ സമരജീവിതത്തിനുള്ള സാമ്യതയായിരുന്നു. വേവട പിടിപ്പിച്ച ഖുറാന്റെയും സ്റ്റാലിന്റേയും വര്‍ണപടങ്ങള്‍ പേറി നൈസാമലി നയിച്ച യാത്രപോലെ ഇന്‍ക്വിലാബിനൊപ്പം അല്ലാഹുഅക്ബര്‍ വിളികള്‍ മുഴങ്ങിയതായി ദാമോദരന്റെ ജീവചരിത്രം വെളിപ്പെടുത്തുന്നുണ്ട്.

ഖസാക്കിനും വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പൊന്നാനിയില്‍ നടന്ന ബീഡിത്തൊഴിലാളി സമരം.സമരത്തെത്തുടര്‍ന്ന് അറസ്റ്റിലായ ദാമോദരനെ പാലക്കാട്ടേക്ക് മാറ്റാന്‍ ശ്രമിച്ച വാര്‍ത്ത വന്നപ്പോള്‍ തറവാട്ടു കാരണവര്‍ ആക്ഷേപിച്ചത്, ഉമ്മച്ചിപെണ്ണുങ്ങളാണത്രേ തടുത്തത്, അശ്രീകരം, അവന് അവരുമായി സേവയുണ്ടായിരിക്കുമെന്നാണ് കാരണവരുടെ ആക്ഷേപം.

മുള്ളുകളില്‍ക്കൂടി കടന്നുവന്ന അനേകം ജീവിതപ്പെരുംതണലുകളിലിരുന്നാണ് നമുക്കിപ്പോള്‍ പൂക്കളെക്കുറിച്ചെഴുതാന്‍ കഴിയുന്നത്.

മലബാറിന്റെ പോരാട്ടവീര്യം മലബാര്‍ കലാപത്തിനും ജാലിയന്‍വാലാബാഗിനുംശേഷം ഉയര്‍ന്നത്ദാ മോദരനു വേണ്ടിയായിരുന്നു. ”കിഴക്കേടത്ത് തറവാട്ടില്‍ ഇങ്ങനെയും ഒരസത്ത് ജനിച്ചല്ലോ, തോട്ടം മുടിയാന്‍കാലത്ത് മുച്ചീര്‍പ്പന്‍ കുലച്ചതുമാതിരി. കുരുത്തംകെട്ടവന്‍”

ഇതേ വാചകങ്ങള്‍ തന്നെയാണ് യാതൊരു മാറ്റവുമില്ലാതെ അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയെ വിശേഷിപ്പിക്കാന്‍ അവന്റെ അമ്മ ഉപയോഗിക്കുന്നത്. തറവാട്ടിലെ കോഴിവെട്ട് തടഞ്ഞ ദാമോദരന്‍, എംടിയുടെ വിത്തുകളെന്ന കഥയിലേയും സിനിമയിലേയും ഉണ്ണിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

”സമരമാണ് ജീവിതത്തിന് മൂല്യമുണ്ടാക്കുന്നത് ആ സമരത്തില്‍ നിന്നുണ്ടാവുന്ന അന്തിമമായ ഫലമല്ല” എന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആത്മകഥയിലെ അവസാനഭാഗമാണ് ദാമോദരനെക്കുറിച്ചാലോചിക്കുമ്പോള്‍ തനിക്കോര്‍മ്മവരുന്നതെന്ന് എം. റഷീദ് പറയുന്നുണ്ട്.

മാര്‍ക്‌സിസത്തിന്റെ ആത്മാവന്വേഷിച്ച സത്യാന്വേഷിയും ധിഷണാശാലിയുമായിരുന്ന ദാമോദരന്റെ ധൈഷണിക ജീവിതത്തോട് കേരളവും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളും എത്രമാത്രം നീതിയോടെ പെരുമാറിയെന്ന സ്വയംവിമര്‍ശനംകൂടി ഈ അവസരത്തില്‍ നടത്താവുന്നതാണ്. മുള്ളുകളില്‍ക്കൂടി കടന്നുവന്ന അനേകം ജീവിതപ്പെരുംതണലുകളിലിരുന്നാണ് നമുക്കിപ്പോള്‍ പൂക്കളെക്കുറിച്ചെഴുതാന്‍ കഴിയുന്നത്.

content highlights: Bibith kozhikkalathil writes about Communist leader K. Damodaran