എന്നോട് ആ ചോദ്യം ചോദിച്ച ഏക വ്യക്തി മമ്മൂക്കയാണ്; പടച്ചോന്റെ മനസ്സാണ് അദ്ദേഹത്തിന്; സിനിമാ വിശേഷങ്ങളുമായി ബിബിന്‍ ജോര്‍ജ്
Entertainment news
എന്നോട് ആ ചോദ്യം ചോദിച്ച ഏക വ്യക്തി മമ്മൂക്കയാണ്; പടച്ചോന്റെ മനസ്സാണ് അദ്ദേഹത്തിന്; സിനിമാ വിശേഷങ്ങളുമായി ബിബിന്‍ ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th September 2021, 12:01 pm

ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച താരമാണ് ബിബിന്‍ ജോര്‍ജ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങി ഒരുപാട് ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്ത് എന്ന നിലയിലും മികച്ച ഒരു നടന്‍ എന്ന നിലയിലും കയ്യടികളേറ്റുവാങ്ങിയാണ് ബിബിന്‍ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പമുള്ള അനുഭവങ്ങളും അദ്ദേഹത്തിന്റെ എഴുപതാം പിറന്നാളിന് താന്‍ ആശംസയര്‍പ്പിച്ച വിശേഷങ്ങളും പങ്കുവെക്കുകയാണ് ബിബിന്‍ ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറക്കുന്നത്.

മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിന് താന്‍ പോസ്റ്റ് ഇടുകയോ സ്റ്റാറ്റസുകള്‍ ഷെയര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് ബിബിന്‍ പറയുന്നത്. പകരം താന്‍ മമ്മൂക്കയ്ക്ക് പേഴ്‌സണലായി മെസേജ് അയക്കുകയാണ് ചെയ്തതെന്നും, അതിന് പ്രത്യേക കാരണമുണ്ടെന്നും ബിബിന്‍ പറയുന്നു.

‘ഞാനെത്ര നന്ദി പറഞ്ഞാലും കരഞ്ഞ് കാലു പിടിച്ചാലും മമ്മൂക്കയോടുള്ള നന്ദി പറഞ്ഞറിയിക്കാന്‍ പറ്റില്ല, ചിലപ്പോള്‍ മമ്മൂക്ക കരുതിയിട്ടുണ്ടാവും ഇവന്‍ എന്തിനാണ് എന്നോട് നന്ദി പറയുന്നത്, ഇവന് ഞാനൊന്നും ചെയ്ത് കൊടുത്തിട്ടില്ലല്ലോ എന്നൊക്കെ.

ഇന്നുവരെ സിനിമാ ഫീല്‍ഡില്‍ എന്നോട് ആ ചോദ്യം ചോദിച്ച ഏക വ്യക്തി, അത് മമ്മൂക്കയാണ്. ഷൈലോക്കിന്റെ സെറ്റില്‍ വെച്ചാണ് മമ്മൂക്ക അത് ചോദിച്ചത്. ബിബിനേ നിന്റെ കാല് നമുക്ക് ശരിയാക്കാന്‍ പറ്റുമോടാ, നമുക്കത് ശരിയാക്കിക്കൂടെ, ശരിയാക്കിയാല്‍ നിനക്കിനിയും ഒരുപാട് സിനിമകളില്‍ അഭിനയിക്കാമല്ലോ എന്ന് എന്നോട് ചോദിച്ച ആളാണ് മമ്മൂക്ക,’ ബിബിന്‍ പറയുന്നു.

എല്ലാവരും മമ്മൂക്കയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് അദ്ദേഹത്തിനോട് ചോദിക്കാറുണ്ടെന്നും എന്നാല്‍ മമ്മൂക്കയുടെ സൗന്ദര്യത്തിന്റെ രഹസ്യം ആ ഹൃദയത്തിന്റെ നന്മയാണെന്നുമാണ് ബിബിന്‍ പറയുന്നത്.

താന്‍ ആദ്യമായി കണ്ട സിനിമ വാത്സല്യമാണെന്നും ആ നടന്റെ കൂടെ അഭിനിക്കാന്‍ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യമാണെന്നും താന്‍ മനസില്‍ വെച്ച് ആരാധിക്കുന്ന ആ മനുഷ്യന്‍ തന്നോട് അങ്ങനെ ചോദിച്ചത് ഈ ജന്മത്ത് മറക്കാന്‍ സാധിക്കില്ലെന്നും ബിബിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BIBIN GEORGE ABOUT MAMMOOTTY