ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. എസ്.ആര്‍.എച്ചിന്റെ തട്ടകമായ ഉപ്പല്‍ സ്‌റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
നിലവില്‍ ആദ്യ ബാറ്റിങ് അവസാനിച്ചപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഹൈദരാബാദ് അടിച്ചെടുത്തത്. ബംഗളൂരുവിന്റെ ബൗളര്‍മാരെ തലം വിലങ്ങും അടിച്ചുപറത്തിയാണ് ഹൈദരാബാദ് കൂറ്റന്‍ സ്‌കോറില്‍ എത്തിയത്.
മൂന്ന് ബൗളര്‍മാരാണ് 50 റണ്‍സിന് മുകളില്‍ വഴങ്ങിയത്. ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ നിന്ന് വിക്കറ്റ് ഒന്നും നേടാതെ 51 റണ്‍സാണ് വിട്ടു നല്‍കിയത്. 12.75 എന്ന എക്കണോമിയിലാണ് താരം പന്തെറിഞ്ഞത്. ഇതോടെ ഒരു നാണംകെട്ട റെക്കോഡും ഭുവനേശ്വര്‍ സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് വഴങ്ങുന്ന താരമായി മാറിയിരിക്കുകയാണ് ബെംഗളൂരുവിന്റെ സൂപ്പര്‍ പേസര്‍. ഈ നാണക്കേടില്‍ ഭുവിക്കൊപ്പം മുഹമ്മദ് ഷമിയും ഉണ്ട്.
ഭുവനേശ്വർ കുമാർ. Photo: IndianPremierLeague/x.com
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് വഴങ്ങുന്ന താരം
ഇഷാന്‍ കിഷന്റെയും അഭിഷേക് ശര്‍മയുടെയും ഹെന്റിക് ക്ലാസന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഹൈദരാബാദ് വമ്പന്‍ ടോട്ടല്‍ സ്വന്തമാക്കിയത്.
ഇഷാന്‍ കിഷന്‍ 46 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 8 ഫോറും ഉള്‍പ്പെടെ 79 റണ്‍സ് നേടി ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടി. അഭിഷേക് ശര്‍മ 22 പന്തില്‍ നിന്ന് അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 56 റണ്‍സ് ആണ് അടിച്ചെടുത്തത്. ക്ലാസന്‍ 24 പന്തില്‍ നിന്ന് 5 സിക്‌സും രണ്ട് ഫോര്‍മുള്‍പ്പെടെ 51 റണ്‍സ് നേടിയാണ് മടങ്ങിയത്.