കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര വാഹനങ്ങള്‍ കേരളത്തിലെത്തിയത് അന്വേഷിക്കുമെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍. ആഡംബര വാഹനങ്ങള്‍ ഇന്ത്യയിലെത്തിയത് അനധികൃതമായിട്ടാണെന്ന് ഭൂട്ടാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വിലയിരുത്തി. വാഹനങ്ങളുടെ വിവരങ്ങള്‍ ഇന്ത്യന്‍ ഭരണകൂടം പങ്കുവെച്ചാല്‍ ആദ്യ ഉടമസ്ഥനെ കണ്ടെത്താന്‍ സാധിക്കുമെന്നും ഭൂട്ടാന്‍ കസ്റ്റംസ് വിഭാഗം വ്യക്തമാക്കി.
ഭൂട്ടാനില്‍ ഡി രജിസ്‌ട്രേഷന്‍ ചെയ്ത വാഹനങ്ങളാണ് മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുകയെന്നും ഭൂട്ടാന്‍ ട്രോന്‍സ്‌പോര്‍ട്ട് അതോറിറ്റി പറഞ്ഞു. ഭൂട്ടാനില്‍ നിന്ന് എക്‌സ് യുവി ലക്ഷ്വറി വാഹനങ്ങള്‍ അത്തരത്തില്‍ ഡി രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. ഇതോടെ വിശദമായ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
നേരത്തെ വാര്‍ത്ത പുറത്ത് വന്നതോടെ പലരും വാഹനങ്ങളുടെ നിറവും നമ്പറും മാറ്റിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തിന്റെ പുറത്തേക്ക് വാഹനങ്ങള്‍ കടത്തുന്നത് തടയാന്‍ ചെക്ക് പോസ്റ്റില്‍ ചെക്കിങ് കര്‍ശനമാക്കുമെന്നും സൂചനയുണ്ട്.
കൂടാതെ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനത്തിന്റെ രേഖകള്‍ എത്രയും പെട്ടന്ന് ശേഖരിക്കാനും കസ്റ്റംസിന്റെ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. നടന്‍ അമിത് ചക്കാലക്കല്‍ തന്റെ ഒരു വാഹനം മാത്രമെ പിടിച്ചെടുത്തിട്ടുള്ളൂ എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അമിത്തിന്റെ ഏഴ് വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് 15ഓളം വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
നടന്‍ പൃഥ്വിരാജിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ 36 വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇപ്പോഴും ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി അന്വേഷണം തുടരുകയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മോഷ്ടിക്കപ്പെട്ട വാഹനങ്ങളടക്കം വ്യാജരേഖകളുണ്ടാക്കി ഭൂട്ടാന്‍ വഴി ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെ സംബന്ധിച്ചാണ് കസ്റ്റംസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ഭൂട്ടാന്‍ റോയല്‍ ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥനാണ് വാഹനക്കടത്തിലെ മുഖ്യകണ്ണിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.
Content Highlight: Bhutan government says it will investigate the arrival of luxury vehicles from Bhutan in Kerala