ഭീമ കൊറേഗാവ്: സമാനമായ മാല്‍വെയര്‍ നേരത്തെ ഉപയോഗിച്ചത് തുര്‍ക്കിയില്‍ എര്‍ദോഗന്‍
World News
ഭീമ കൊറേഗാവ്: സമാനമായ മാല്‍വെയര്‍ നേരത്തെ ഉപയോഗിച്ചത് തുര്‍ക്കിയില്‍ എര്‍ദോഗന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th February 2021, 12:57 pm

ന്യൂയോര്‍ക്ക്: ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ റോണ വില്‍സണെതിരെ കൃത്രിമ തെളിവുകളുണ്ടാക്കാനായി ഉപയോഗിച്ച മാല്‍വെയര്‍ നേരത്തെ ഉപയോഗിച്ചത് തുര്‍ക്കിയിലെ മാധ്യമപ്രവര്‍ത്തകന് നേരെയെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്. റോണ വില്‍സന്റെ കമ്പ്യൂട്ടറില്‍ ഫയലുകള്‍ സ്ഥാപിക്കാന്‍ ഉപയോഗിച്ചതിന് സമാനമായ മാല്‍വെയറാണ് 2016ല്‍ തുര്‍ക്കി മാധ്യമപ്രവര്‍ത്തകനെ കുടുക്കാനായി ഉപയോഗിച്ചതെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നത്.

വാഷിംഗ്ടണ്‍ പോസ്റ്റിന് വേണ്ടി ഫോറന്‍സിക് അന്വേഷണം നടത്തിയ ആഴ്‌സനലിന്റെ പ്രസിഡന്റ് സ്‌പെന്‍സറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. റോണ വില്‍സനെതിരെ തെളിവുകളുണ്ടാക്കാനായി ഉപയോഗിച്ച മാല്‍വെയര്‍ വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന തരത്തിലുള്ളതാണ്. തീവ്രവാദബന്ധം ആരോപിച്ച് 2016ല്‍ തുര്‍ക്കി അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ കമ്പ്യൂട്ടറിലാണ് ഇത്തരം മാല്‍വെയര്‍ കണ്ടെത്തിയിരുന്നത്. ഈ മാധ്യമപ്രവര്‍ത്തകനെയും ഒപ്പം അറസ്റ്റിലായവരെയും പിന്നീട് വിട്ടയക്കുകയായിരുന്നു.

റിപ്പോര്‍ട്ടിലെ ഈ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയിലെ മോദി സര്‍ക്കാരിനെയും തുര്‍ക്കിയിലെ എര്‍ദോഗന്‍ ഭരണത്തെയും താരതമ്യം ചെയ്യുകയാണ് നിരവധി പേര്‍. ഭീമ കൊറേഗാവ് സംഭവം, പൗരത്വ ഭേദഗതി പ്രതിഷേധം, ദല്‍ഹി കലാപം എന്നീ സംഭവങ്ങളില്‍ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെ ബി.ജെ.പി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതിന് സമാനമായ രീതിയിലാണ് എര്‍ദോഗനും തനിക്കെതിരെ സംസാരിക്കുന്നവരെ തടവിലിടുന്നതെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

2013ല്‍ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, കലാകാരന്മാര്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമപ്രവര്‍ത്തര്‍ തുടങ്ങി സര്‍ക്കാര്‍ നയങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ നിരവധി പേരെ എര്‍ദോഗന്‍ ജയിലടച്ചിരുന്നു.

അതേസമയം വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് വലിയ കോളിളക്കമാണ് ഇന്ത്യയില്‍ സൃഷ്ടിച്ചിരിക്കുന്നത്. തെളിവുകള്‍ വ്യാജമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പി സര്‍ക്കാരും എന്‍.ഐ.എയും വെട്ടിലായിരിക്കുകയാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയതോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെയും എന്‍.ഐ.എയുടെയും നില പരുങ്ങലിലായത്.

ഭീമ കൊറഗാവ് കേസില്‍ അറസ്റ്റിലായ സാമൂഹികപ്രവര്‍ത്തകരുടെ പേരില്‍ എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടിരുന്നു. സാമൂഹികപ്രവര്‍ത്തകന്‍ റോണ വില്‍സന്റെ ലാപ്‌ടോപ്പില്‍ നിന്നും കണ്ടെത്തിയ രേഖകള്‍ ഹാക്കര്‍മാര്‍ മുഖാന്തരം സ്ഥാപിച്ചതാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് സി.പി.ഐ.എം പി.ബി ഇത് സംബന്ധിച്ച് നിലപാട് എടുത്തത്. സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് പി.ബി ആവശ്യപ്പെട്ടു.

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദല്‍ഹി സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഹാനി ബാബുവിന്റെ ലാപ്ടോപില്‍ നിന്ന് ലഭിച്ച ഫയലുകള്‍ മുന്‍പരിചയമില്ലാത്തവയെന്ന് അദ്ദേഹത്തിന്റെ ഭാര്യ ജെനി റോവിനയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സംഭവത്തില്‍ അന്വേഷണം വേണമെന്നും റോവിന ആവശ്യപ്പെട്ടു. ഹാനിബാബുവിന്റെ ലാപ്ടോപ്പില്‍ നിന്ന് കണ്ടെത്തിയെന്ന് എന്‍.ഐ.എ പറഞ്ഞ 62 ഫയലുകളും ഇതുവരെ കണ്ടിട്ടേയില്ലെന്ന് ജെനി റോവിന പറഞ്ഞു.

ഭീമ കൊറേഗാവ് കേസില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയാണ് റോണ വില്‍സണ്‍. വില്‍സണ് പുറമെ 15 മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് ഇതുവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. റോണ വില്‍സണ്‍ കുറ്റവാളിയാണെന്ന് തെളിയിക്കുന്നതിന് അദ്ദേഹത്തിന്റെ ലാപ്‌ടോപില്‍ നിന്ന് കണ്ടെത്തിയ പത്തോളം കത്തുകള്‍ അനധികൃതമായി തിരുകി കയറ്റിയതെന്നാണ് അമേരിക്കന്‍ ഫോറന്‍സിക് ഫേം പറയുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

റോണ വില്‍സണ്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ഒരു ഹാക്കര്‍ പത്തോളം കത്തുകള്‍ അദ്ദേഹത്തിന്റെ ലാപ്‌ടോപില്‍ നിക്ഷേപിക്കുകയായിരുന്നു എന്നാണ് ആഴ്‌സണല്‍ കണ്‍സള്‍ട്ടിംഗ് പറയുന്നത്. അതേസമയം ഹാക്കറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആഴ്‌സണലിന് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. തെളിവ് തട്ടിയെടുക്കുന്നതുമായി ബന്ധപ്പട്ട് നടന്നിട്ടുള്ള ഏറ്റവും ഗുരുതരമായ കേസുകളില്‍ ഒന്നാണ് ഇതെന്നാണ് ഫോറന്‍സിക് ഏജന്‍സി പറയുന്നത്.

ഈ കത്തുകളാണ് റോണ വില്‍സണെതിരായ പ്രാഥമിക തെളിവുകളായി പൂണെ പൊലീസ് കണക്കാക്കിയിരുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് റോണ വില്‍സണ്‍ ഉള്‍പ്പെടെ നിരവധി സാമൂഹ്യ പ്രവര്‍ത്തകരെ പൂണെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. റോണയുടെ ലാപ്‌ടോപില്‍ നിന്ന് നരേന്ദ്രമോദിയെ വധിക്കാനുള്ള ഗൂഢാലോചന സംബന്ധിച്ച കത്തും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞിരുന്നു. ‘രാജീവ് ഗാന്ധി വധത്തിനു സമാനമായ ഓപ്പറേഷനിലൂടെ’ മോദിയെ കൊല്ലാന്‍ പദ്ധതിയിട്ടു എന്നാണ് ആരോപണം.

2018ല്‍ ദല്‍ഹിയിലെ മുനീര്‍ക്കയിലെ ഒറ്റമുറി ഫ്‌ളാറ്റില്‍ നിന്ന് നിന്നും പൂനെ പൊലീസും ദല്‍ഹി പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപറേഷന്റെ ഭാഗമായാണ് റോണ വില്‍സണെ അറസ്റ്റ് ചെയ്ത് യു.എ.പി.എ നിയമപ്രകാരം തടവിലാക്കുന്നത്.

റോണാ വില്‍സണോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മറ്റു നാല് സാമൂഹിക പ്രവര്‍ത്തകരെയും പ്രസ്തുത നിയമത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയും തടവില്‍ വയ്ക്കുകയും ചെയ്തിരുന്നു. ദളിത് സാമൂഹിക പ്രവര്‍ത്തകനായ
സുധീര്‍ ധാവ്ളെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്ലിംഗ്, സാമൂഹിക പ്രവര്‍ത്തകനായ മഹേഷ് റാവുത്, സര്‍വകലാശാല അധ്യാപകനായ ഷോമ സെന്‍ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവര്‍.

2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തിന് പിറകില്‍ മാവോയിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഈ അഞ്ചു പേരാണ് എന്നാണ് പൊലീസ് ഇവര്‍ക്കെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Bhima Koregaon case malware was earlier used by Erdogan in Turkey against journalist