ഭീമ കൊറേഗാവ് കേസ്: ഡോ. ഹാനി ബാബു ഇന്ന് ജയില്‍ മോചിതനാകും
India
ഭീമ കൊറേഗാവ് കേസ്: ഡോ. ഹാനി ബാബു ഇന്ന് ജയില്‍ മോചിതനാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th December 2025, 8:18 am

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ അഞ്ച് വര്‍ഷം വിചാരണത്തടവിലിട്ട ദല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസറായിരുന്ന ഡോ. ഹാനി ബാബു ഇന്ന് (ശനിയാഴ്ച) ജയില്‍ മോചിതനാകും.

നവി മുംബൈയിലെ തലോജ ജയിലില്‍ തടവില്‍ കഴിയുന്ന ഹാനി ബാബുവിന് വ്യാഴാഴ്ച ബോബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന ഹാനി ബാബുവിനെ പങ്കാളി ജെനി റൊവേന ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കും.
മുംബൈ നഗരം വിട്ടുപോകരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് എന്നതിനാല്‍ തന്നെ അദ്ദേഹം മുബൈയില്‍ തന്നെ തുടരും.

2018ലെ ഭീമ കൊറേഗാവ് കേസില്‍ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ആരോപിച്ചായിരുന്നു ഹാനി ബാബുവിനെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്.

എന്‍.ഐ.എ 2020 ജൂലൈയില്‍ ഹാനി ബാബുവിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു.

2022 ഫെബ്രുവരിയില്‍ ഹാനി ബാബുവും മറ്റ് മൂന്ന് പേരും സമര്‍പ്പിച്ച ജാമ്യാപേക്ഷ മഹാരാഷ്ട്രയിലെ വിചാരണ കോടതി തള്ളിയിരുന്നു.

ഇതേ വര്‍ഷം സെപ്റ്റംബറില്‍ ബാബുവിന്റെ ജാമ്യാപേക്ഷ തള്ളാനുള്ള വിചാരണ കോടതിയുടെ തീരുമാനം ബോംബെ ഹൈക്കോടതിയും ശരിവെച്ചിരുന്നു.

ഇതിനെ ബാബു സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഈ വര്‍ഷം ജനുവരിയില്‍, ബാബുവിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി എന്‍.ഐ.എയുടെ പ്രതികരണം തേടിയിരുന്നു.

തുടര്‍ന്ന്, സുപ്രീം കോടതിയിലുള്ള ജാമ്യാപേക്ഷ പിന്‍വലിക്കുകയും ബോംബെ ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.

വിചാരണയിലെ അമിതമായ കാലതാമസം കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ
അഭിഭാഷകന്‍ യുഗ് മോഹിത് ചൗധരി വാദിച്ചിരുന്നു. ഈ ഹരജി പരിഗണിച്ച ജസ്റ്റിസ് എ.എസ്. ഗഡ്ഗരി, ജസ്റ്റിസ് രഞ്ജിത് സിംഹ രാജ ബോണ്‍സലെ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യമനുവദിച്ചത്.

Content Highlight: Bhima Koregaon case: Dr. Hani Babu to be released from jail today