26 വര്‍ഷമായി സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച മലങ്കര ജാതിഗേറ്റ് പൊളിച്ചുമാറ്റി ഭീം ആര്‍മി
Kerala News
26 വര്‍ഷമായി സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച മലങ്കര ജാതിഗേറ്റ് പൊളിച്ചുമാറ്റി ഭീം ആര്‍മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th March 2021, 8:22 pm

ഇടുക്കി: ഇടുക്കിയിലെ തൊടുപുഴയ്ക്കടുത്തുള്ള മുട്ടം പാമ്പാനി ദളിത് കോളനിയിലേക്കുള്ള റോഡിന് കുറുകെ മലങ്കര എസ്റ്റേറ്റ് മാനേജ്മെന്റ് സ്ഥാപിച്ച ജാതി ഗേറ്റ് ഭീം ആര്‍മി പൊളിച്ചുമാറ്റി.

ഭീം ആര്‍മി സംസ്ഥാന പ്രസിഡന്റ് റോബിന്‍ ആലപ്പുഴ, ജനറല്‍ സെക്രട്ടറി പ്രൈസ് കണ്ണൂര്‍, വൈസ് പ്രസിഡന്റ് മന്‍സൂര്‍ കൊച്ചുകടവ്, സി.പി.ഐ.എം തോണിക്കുഴി ബ്രാഞ്ച് സെക്രട്ടറി രാജു തങ്കപ്പന്‍ എന്നിവരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

നിരവധി കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് മലങ്കര എസ്റ്റേറ്റ് മാനേജ്മെന്റ് സ്ഥാപിച്ച ഗേറ്റ് 26 വര്‍ഷമായി പ്രദേശത്തുണ്ട്. കളക്ടര്‍ അടക്കമുള്ളവര്‍ ഗേറ്റ് മാറ്റണമെന്ന് ഉത്തരവിട്ടിട്ടും എസ്റ്റേറ്റ് മാനേജ്‌മെന്റ് കേട്ടിരുന്നില്ല.

‘കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രദേശത്ത് താമസിക്കുന്ന ഒരാള്‍ വീട്ടില്‍ കിടന്ന് മരിച്ചത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മരണവിവരം പുറംലോകമറിയുന്നത്’, ഭീം ആര്‍മി നേതാവ് അനുരാജി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സ്ത്രീകളും കുട്ടികളുമടക്കം പ്രായമായ ആള്‍ക്കാര്‍ വരെ മതില്‍ ചാടിക്കടന്നായിരുന്നു റോഡിലേക്ക് പോയിരുന്നതെന്നും അനുരാജി പറയുന്നു.

1993-ല്‍ പട്ടിക ജാതി വിഭാഗങ്ങളില്‍ നിന്നുള്ള 30 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഇവിടെ ഭൂമി അനുവദിച്ചിരുന്നു. എന്നാല്‍ കോളനിയിലേക്കുള്ള വഴിയുടെ പ്രശ്നം കൊണ്ട് 11 കുടുംബങ്ങളാണ് താമസിക്കാനെത്തിയത്

ഇവരില്‍ കുറച്ചുപേര്‍ വഴിയില്ലാത്തത് കൊണ്ട് മാത്രം സ്ഥലം ഉപേക്ഷിച്ച് പോയിരുന്നു. ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്ന നാല്‍പ്പത് കുടുംബങ്ങള്‍ക്ക് പുറത്തേക്കുപോകാനുള്ള വഴി തടഞ്ഞാണ് മലങ്കര മാനേജ്മെന്റ് ജാതിഗേറ്റ് സ്ഥാപിച്ചത്.

അടിയന്തിരമായി ഹോസ്പിറ്റലില്‍ പോകേണ്ടി വന്നാല്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് എസ്റ്റേറ്റ് വാച്ചറുടെ റൂമില്‍ പോയി ഗേറ്റിന്റെ താക്കോല്‍ വാങ്ങി ഗേറ്റ് തുറന്ന് വേണം പുറത്തേക്ക് കടക്കാന്‍. അല്ലാത്തപക്ഷം മതിലിനു മുകളിലൂടെ ചാടിക്കടക്കണമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bhim Army Malankara Caste Gate Idukki