ഇനി നൂറ് സീറ്റുകള്‍ വെച്ചുനീട്ടിയാലും സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിനില്ല; നിലപാട് കടുപ്പിച്ച് ആസാദ്
2022 U.P Assembly Election
ഇനി നൂറ് സീറ്റുകള്‍ വെച്ചുനീട്ടിയാലും സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിനില്ല; നിലപാട് കടുപ്പിച്ച് ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th January 2022, 9:23 pm

നോയ്ഡ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി ഇനി ഒരു തരത്തിലുമുള്ള ചര്‍ച്ചകള്‍ക്കോ സഖ്യത്തിനോ ഇല്ലെന്ന് വ്യക്തമാക്കി ചന്ദ്രശേഖര്‍ ആസാദ് രാവണ്‍. രണ്ട് സീറ്റല്ല, നൂറ് സീറ്റുകള്‍ വാഗ്ദാനം ചെയ്താലും സമാജ്‌വാദി പാര്‍ട്ടിയുമായി കൈകോര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പിയുടെയും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ നിലകൊള്ളുന്ന ഏതൊരു പാര്‍ട്ടിയുമായും തങ്ങള്‍ സഖ്യത്തിന് തയ്യാറാണെന്നും ആസാദ് പറഞ്ഞു.

‘കാര്യങ്ങള്‍ ഞാന്‍ വ്യക്തമാക്കിയതാണ്. ഇന്നുവരെയായിരുന്നു (ചൊവ്വാഴ്ച) ബി.ജെ.പിയെ തോല്‍പിക്കുന്നതിനായി സഖ്യത്തിനായി സമീപിച്ച പാര്‍ട്ടിയുടെ നേതാവിന് സമയം നല്‍കിയിരുന്നത്. ഇപ്പോഴിതാ ഞാന്‍ പറയുന്നു ഇനി അവര്‍ക്കൊപ്പമില്ല (എസ്.പി). ഇത് ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണ്. ഇനിയവര്‍ നൂറ് സീറ്റുകള്‍ ഓഫര്‍ ചെയ്താലും അവര്‍ക്കൊപ്പമില്ല,’ ആസാദ് പറയുന്നു.

താന്‍ ഒരു അഭിഭാഷകനാണെന്നും ‘നിങ്ങളെ പിന്തുണയ്ക്കാന്‍ തയ്യാറാണ്, രണ്ട് സീറ്റുകള്‍ നിങ്ങള്‍ക്ക് മാറ്റിവെച്ചിരുന്നു’ എന്ന് അഖിലേഷ് യാദവ് പറഞ്ഞത് യഥാര്‍ത്ഥത്തില്‍ പിന്തുണയ്ക്കാനാണോ പരിഹസിക്കാനാണോ ഉദ്ദേശിച്ചതെന്ന് തനിക്ക് മനസിലാവുമെന്നും ആസാദ് പറഞ്ഞു.

Chandrashekhar Azad Ravan Of Azad Samaj Party REVEALS His Plan Ahead Of UP  Pollsതന്റെ സംഘടനയായ ഭീം ആര്‍മിയും താന്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ആസാദ് സമാജ് പാര്‍ട്ടിയും (എ.എസ്.പി) തെരഞ്ഞെടുപ്പിനെ നേരിടാനും വിജയിക്കാനും സജ്ജരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിലുള്ള ആര്‍.എല്‍.ഡിക്കെതിരെ എ.എസ്.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും ആസാദ് പറഞ്ഞു.

ആര്‍.എല്‍.ഡി നേതാവായ ജയന്ത് ചൗധരിയോടുള്ള ബഹുമാനം കാരണമാണ് അവര്‍ക്കെതിരെ മത്സരിക്കാത്തതെന്നും, ആര്‍.എല്‍.ഡിയാണ് നേരത്തെ അഖിലേഷ് പറഞ്ഞ സീറ്റ് നല്‍കാന്‍ തയ്യാറായതെന്നും ആസാദ് വ്യക്തമാക്കി.

ഭീം ആര്‍മിക്ക് വേണ്ടി തന്റെ മുന്നണിയില്‍ രണ്ട് സീറ്റുകള്‍ മാറ്റിവെച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ സഖ്യം പിന്‍വലിക്കുകയുമായിരുന്നു എന്നാണ് അഖിലേഷ് പറയുന്നത്.


‘ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് വേണ്ടി രണ്ട് സീറ്റുകള്‍ മാറ്റിവെച്ചിരുന്നു. എന്നാല്‍ അദ്ദേഹം തെരഞ്ഞെടുപ്പ് സഖ്യത്തില്‍ നിന്നും പിന്മാറുകയായിരുന്നു,’ അഖിലേഷ് പറയുന്നു.

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഭീം ആര്‍മിയും സമാജ്‌വാദി പാര്‍ട്ടിയും തമ്മില്‍ കൈകോര്‍ക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഇരുവരും തമ്മില്‍ സഖ്യമുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായതിന് പിന്നാലെയാണ് സമാജ്‌വാദി പാര്‍ട്ടിയുമായി തങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള സഖ്യവും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രംഗത്തു വന്നത്.

സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്താന്‍ ഏറെ നാളായി ശ്രമിച്ചെന്നും അദ്ദേഹത്തെ കാണാനായി കഴിഞ്ഞ രണ്ട് ദിവസമായി താന്‍ ലഖ്‌നൗവിലുണ്ടായിരുന്നുവെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

ആസാദിന് വേണ്ടി രണ്ട് സീറ്റുകള്‍ മാറ്റിവെച്ചിരുന്നു, പക്ഷേ അദ്ദേഹം സഖ്യത്തില്‍ നിന്നും പിന്‍മാറി; ഭീം ആര്‍മിയുടെ പിന്മാറ്റത്തിന് പിന്നാലെ അഖിലേഷ് യാദവ്

ഞാന്‍ ഇതിന്റെ ഉത്തരവാദിത്തം അഖിലേഷിന് നല്‍കും. രണ്ടു ദിവസം ഞാന്‍ അദ്ദേഹത്തിനായി കാത്തിരുന്നു. എന്നാല്‍ എന്നെ തിരിച്ചു വിളിക്കാതെ അദ്ദേഹം അപമാനിച്ചു,’ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

‘ഞങ്ങളുടെ നേതാവും സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുമെന്ന് എന്റെ ആളുകള്‍ ഭയപ്പെട്ടു. എന്നാല്‍ അഖിലേഷ്ജിക്ക് ദളിതുകളെ ആവശ്യമില്ല,’ ആസാദ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ, സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യത്തെക്കുറിച്ച് സംസാരിച്ച ചന്ദ്രശേഖര്‍ ആസാദ് ‘എസ്.പിയുമായുള്ള സഖ്യം ഉറപ്പിച്ചിരിക്കുകയാണെന്നും രാവിലെ പത്ത് മണിക്ക് വാര്‍ത്താ സമ്മേളനം നടത്തുമെന്നും അറിയിച്ചിരുന്നു.

ബി.ജെ.പിയെ തടയാന്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുമായും എസ്.പിയുമായും കൈകോര്‍ക്കാന്‍ തീരുമാനിച്ചെന്നും അഖിലേഷ് യാദവിനെ സ്വന്തം സഹോദരന്റെ സ്ഥാനത്താണ് കാണുന്നതെന്നും ആസാദ് പറഞ്ഞിരുന്നു.

‘സാമൂഹിക നീതിക്ക് വേണ്ടിയുള്ള എന്റെ പോരാട്ടം തുടരും, ഞാന്‍ പ്രതിപക്ഷത്തെ ഒന്നിപ്പിക്കും, അല്ലെങ്കില്‍ ഞാന്‍ സ്വയം പോരാടും,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസാണ് ഭരണകക്ഷി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Bhim Army Chief Chandrasekhar Azad on no alliance with Samajwadi Party in UP even if they offer 100 seats