കേക്കെല്ലാം വാങ്ങിയാണ് ജയേട്ടന്‍ വീട്ടില്‍ വന്നത്, ആസിഫുമായി എടാ പോടാ ബന്ധമാണ്: ഭാവന
Film News
കേക്കെല്ലാം വാങ്ങിയാണ് ജയേട്ടന്‍ വീട്ടില്‍ വന്നത്, ആസിഫുമായി എടാ പോടാ ബന്ധമാണ്: ഭാവന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th December 2022, 9:01 am

സിനിമയില്‍ നിന്നും ലഭിച്ച സൗഹൃദങ്ങളെ പറ്റി തുറന്ന് സംസാരിക്കുകയാണ് ഭാവന. സിനിമയുമായി ഏത് പ്രായം വരെ മുന്നോട്ട് പോകുമെന്ന് അറിയില്ലെന്നും എങ്കിലും സിനിമ സമ്മാനിച്ച സൗഹൃദങ്ങള്‍ വിലപ്പെട്ടതാണെന്നും ഭാവന പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമ നല്‍കിയ സൗഹൃദങ്ങളെ പറ്റി ഭാവന സംസാരിച്ചത്.

‘എനിക്ക് കുറെ നല്ല സൗഹൃദങ്ങളുണ്ട്. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അവര്‍ നല്‍കിയ കരുത്തും കരുതലും വലുതാണ്. എത്രകാലം സിനിമയില്‍ നില്‍ക്കും, സിനിമയുമായി ഏത് പ്രായം വരെ മുന്നോട്ട് പോകാന്‍ കഴിയും എന്നൊന്നും അറിയില്ല. എങ്കിലും സിനിമ സമ്മാനിച്ച സൗഹൃദങ്ങള്‍ വിലപ്പെട്ടതാണ്. ഞാനിവിടെ നിന്ന് വിട്ട് നിന്നപ്പോഴും നീ എവിടെയാ, നീ ഓക്കെയല്ലേ എന്നൊക്കെ വിളിച്ച് അന്വേഷിച്ചവരും മുടങ്ങാതെ എല്ലാ വര്‍ഷവും പിറന്നാള്‍ ആശംസകള്‍ അറിയിച്ചവരുമുണ്ട്. അതെല്ലാം സിനിമ നല്‍കിയ സ്‌നേഹമാണ്.

ഞാന്‍ അഭിനയിക്കാനെത്തും മുമ്പേ സിനിമയിലുള്ളവരാണ് ചാക്കോച്ചനും ജയേട്ടനുമെല്ലാം. അവരോടൊക്കെ സ്‌നേഹം കലര്‍ന്നൊരു ബഹുമാനമാണ്. കേക്കെല്ലാം വാങ്ങിയാണ് ഒരിക്കല്‍ ജയേട്ടന്‍ വീട്ടില്‍ വന്നത്. ആസിഫുമായി എന്തും പറയാവുന്ന എടാ പോടാ ബന്ധമുണ്ട്. സുപ്രിയയും പൃഥ്വിയുമായി സൗഹൃദമാണ്.

മഞ്ജു ചേച്ചി, സംയുക്ത ചേച്ചി, ഗീതു ചേച്ചി, പാര്‍വതി, ശില്‍പ, മൃദുല, ഷഫ്‌ന, രമ്യ, സയനോര, നന്ദുച്ചേട്ടന്‍, ബാബുച്ചേട്ടന്‍, മിയ, കൃഷ്ണ പ്രഭ അങ്ങനെ അടുപ്പം സൂക്ഷിക്കുന്ന ഒരുപാട് പേരുണ്ട്,’ ഭാവന പറഞ്ഞു.

‘വീണ്ടും വീണ്ടും കാണാനിഷ്ടം പഴയ സിനിമകളും പാട്ടുകളുമാണ്. നാടോടിക്കാറ്റ്, ഗോഡ്ഫാദര്‍, തേന്‍മാവിന്‍ കൊമ്പത്ത്, ദി കിങ് തുടങ്ങിയ സിനിമകളൊക്കെ ഇന്നും ഇഷ്ടമാണ്. മമ്മൂക്ക, ജയറാമേട്ടന്‍, ശ്രീനിയേട്ടന്‍ എന്നിവരുടെ 1980-90 കാലത്തെ സിനിമകളോട് ഒരു ഇഷ്ടക്കൂടുതലുണ്ട്. സമ്മര്‍ ഇന്‍ ബേത്‌ലഹേം പ്രിയപ്പെട്ട സിനിമകളുടെ പട്ടികയിലുണ്ട്. ഞാന്‍ അഭിനയിച്ച സീനുകള്‍ കാണുമ്പോള്‍ ഇന്നുമൊരു ചമ്മലാണ്. ചാനലുകളില്‍ എന്റെ സിനിമ വരുമ്പോള്‍ അമ്മ വിളിക്കും. എത്ര തവണ കണ്ടതാണെന്ന് പറഞ്ഞ് ഞാന്‍ മാറിക്കളയും,’ ഭാവന കൂട്ടിച്ചേര്‍ത്തു.

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു ആണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന ഭാവനയുടെ ചിത്രം. ആദില്‍ മൈമുനാത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ദീനാണ് നായകനാവുന്നത്.

Content Highlight: bhavana talks about her friendship in cinema