മലയാളികള്‍ക്കെന്നും പ്രിയങ്കരിയായ നടിയാണ് ഭാവന. 2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രമായി അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച താരം രണ്ട് പതിറ്റാണ്ടിനിടയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ പലതും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രമാണ് 2010 ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഹാപ്പി ഹസ്‌ബെന്‍ഡ്‌സ്.
മള്‍ട്ടിസ്റ്റാറര്‍ ചിത്രമായി ഒരുക്കിയ ഹാപ്പി ഹസ്ബന്‍ഡ്‌സില്‍ ജയറാം അവതരിപ്പിച്ച മുകുന്ദന്‍ മേനോന്‍ എന്ന കഥാപാത്രത്തിന്റെ പങ്കാളിയായ കൃഷ്‌ണേന്ദു എന്ന കഥാപാത്രമായിട്ടായിരുന്നു ഭാവന വേഷമിട്ടത്. ഇരുവര്‍ക്കും പുറമെ ഇന്ദ്രജിത്ത് സുകുമാരന്‍, ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്. സംവൃത സുനില്‍ റീമ കല്ലിങ്കല്‍, സലീം കുമാര്‍, മണിയന്‍പിള്ള രാജു തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രം ഔട്ട് ആന്‍ഡ് ഔട്ട് കോമഡി എന്റര്‍ടെയിനറായിട്ടായിരുന്നു സംവിധായകന്‍ ഒരുക്കിയിരുന്നത്.
കേരളത്തിന് പുറമെ മലേഷ്യയിലും തായ്‌ലാന്‍ഡിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഉണ്ടായ അനുഭവത്തെ കുറിച്ച് ഭാവന പങ്കുവെച്ച ഓര്‍മകളാണ് ഇപ്പോള്‍ പ്രേക്ഷകരില്‍ ചിരി ഉണര്‍ത്തുന്നത്. ഫ്രെയിം എക്‌സ് സ്റ്റുഡിയോസിന് നല്‍കിയ അഭിമുഖത്തില്‍ ഹാപ്പി ഹസ്ബന്‍ഡ്‌സിലെ ടേക്ക് ഇറ്റ് ഈസി എന്ന ഗാനം ചിത്രീകരിക്കുന്നതിനിടയില്‍ തായ്‌ലന്‍ഡില്‍ വെച്ചുണ്ടായ അനുഭവത്തെ കുറിച്ച് പറയുകയാണ് ഭാവന.
‘ജയറാമേട്ടനും ഞാനും അത്യാവിശ്യം അറിയപ്പെടുന്ന അഭിനേതാക്കളാണല്ലോ. പക്ഷേ ഇതൊന്നും ആലോചിക്കാതെ ഞങ്ങള്‍ ഒരു കാര്യം ചെയ്തിരുന്നു. ഒരു ദിവസം ലൊക്കേഷനില്‍ ഇരിക്കുമ്പോള്‍ കുറച്ച് നേരം ഫ്രീയാണ് നമുക്ക് പിച്ച് തെണ്ടാന്‍ പോയാലോ എന്ന് ചോദിച്ചു. ഒരു ക്രേസി ഐഡിയ പറഞ്ഞ ഉടനെ അവിടെ ഉള്ളവരെല്ലാവരും എന്താണെന്ന് ചോദിക്കുന്നതിന് മുമ്പ് തന്നെ ഞാന്‍ ചാടി എഴുന്നേറ്റ് ഓക്കെ എന്ന് പറഞ്ഞ് കൂടെ പോയി.
എന്നിട്ട് അവിടെ റോഡ് സൈഡില്‍ ഇരുന്ന് കൈയില്‍ കിട്ടിയ സാധനമെല്ലാം മുട്ടി പാട്ട് പാടാന്‍ തുടങ്ങി. ഞങ്ങള്‍ കാണിക്കുന്നതും പാടുന്ന പാട്ടും ഒരു രസവുമില്ല. അതുകൊണ്ട് തന്നെ എന്താണ് കാണിക്കുന്നതെന്ന് ആള്‍ക്കാര്‍ക്ക് മനസിലാകുന്നില്ല. ഇത് എന്താണ് കോണ്‍സെപ്റ്റ് എന്ന് മറ്റുള്ളവരെ അറിയിക്കാന്‍ വേണ്ടി മണിയന്‍ പിള്ള രാജു ചേട്ടന്‍ കൈയില്‍ നിന്ന് പൈസ എടുത്ത് അവിടെ ഇട്ടിട്ട് പോയി.
പിന്നെ എല്ലാവര്‍ക്കും സംഭവം മനസിലായി വന്ന് പൈസ ഇടാന്‍ തുടങ്ങി. ഞങ്ങള്‍ രണ്ട് പേരും മാറി മാറി ഡാന്‍സ് കളിക്കാന്‍ തുടങ്ങി. അങ്ങനെ തായ്‌ലന്‍ഡിലെ പണമായ നൂറ് ബാത് ഞങ്ങളുണ്ടാക്കി. ഷോട്ടിന് വിളിച്ചപ്പോള്‍ നേരത്തേ പോകേണ്ടി വന്നപ്പോള്‍ അത്രയേ ഉണ്ടാക്കാന്‍ പറ്റിയുള്ളൂ,’ ഭാവന പറഞ്ഞു.
Content Highlight: Bhavana talks about her Experience in Happy Husbands Movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.