'പ്രേമലു നന്ദിലു'; ഭാവനാ സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം; പോസ്റ്റ് പങ്കുവെച്ച് ഫഹദ് ഫാസിൽ
Film News
'പ്രേമലു നന്ദിലു'; ഭാവനാ സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം; പോസ്റ്റ് പങ്കുവെച്ച് ഫഹദ് ഫാസിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th February 2024, 7:28 pm

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവർ നിർമിച്ച ചിത്രമാണ് പ്രേമലു. നസ്‌ലൻ, മമിത ബൈജു പ്രധാന കഥാപാത്രങ്ങളായി എത്തി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ചിത്രം നിറഞ്ഞ സദസ്സോടെ തിയേറ്ററിൽ മുന്നേറികൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ ഭാവന സ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ പ്രധാന കഥാപാത്രമായി എത്തുന്ന അടുത്ത ചിത്രമാണ് കരാട്ടെ ചന്ദ്രൻ. പ്രേമലു നന്ദിലു എന്ന ക്യാപ്ഷനോടെ ഫഹദ് ഫാസിലാണ് ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തെക്കുറിച്ച് തന്റെ ഫേസ് ബുക്കിലൂടെ അറിയിച്ചത്. റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന എസ്. ഹരീഷും വിനോയ്‌ തോമസും ചേർന്നാണ് നിർവഹിച്ചത്. കരാട്ടെ ലുക്കിലുള്ള തന്റെ ചിത്രവും സ്ക്രിപ്റ്റിന്റെ ഫ്രന്റ് പേജും ഫഹദ് പങ്കുവെച്ചിട്ടുണ്ട്.

‘പ്രേമലു നന്ദിലു, ബിഗ് ഹഗ്സ് റ്റു ടീം പ്രേമലു. ഭാവന സ്റ്റുഡിയോസിൻ്റെ അടുത്ത ചിത്രത്തിൻ്റെ വിവരങ്ങൾ ഈ നല്ല സമയത്ത്‌ പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്. കരാട്ടെ ചന്ദ്രൻ. സംവിധാനം : റോയ്‌ , എഴുത്ത് : എസ്‌. ഹരീഷ്‌ , വിനോയ്‌ തോമസ്‌’ എന്നാണ് ഫഹദ് ചിത്രങ്ങളോടു കൂടെ പങ്കുവെച്ചത്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്‌ലെന്‍ നായകനായെത്തുന്ന സിനിമയില്‍ മമിത ബൈജുവാണ് നായിക. സച്ചിന്‍ എന്ന ടീനേജുകാരന് സുഹൃത്ത് റീനുവിനോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ കഥ. സച്ചിനായി നസ്‌ലെനും റീനുവായി മമിത ബൈജുവും എത്തുന്നു. ഗിരീഷ് എ.ഡി. യും നസ്‌ലനും തുടര്‍ച്ചയായ മൂന്നാം തവണയാണ് ഒന്നിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ഓ കുഡിയെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലീം, എന്നിവരാണ് മറ്റു താരങ്ങള്‍. മാത്യൂ തോമസും സിനിമയില്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ഗിരീഷ് എ.ഡി. യും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിഷ്ണു വിജയ് സംഗീത സംവിധാനവും അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സ്, പാല്‍തു ജാന്‍വര്‍, ജോജി, തങ്കം എന്നീ സിനിമകള്‍ക്ക് ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന സിനിമ കൂടിയാണ് പ്രേമലു.

Content Highlight: Bhavana studios new movie