വിദ്യാഭ്യാസ മന്ത്രിയുടേത് കടുത്ത ചട്ടലംഘനം, ഗവര്‍ണറെ അപമാനിച്ചു; മന്ത്രിയെ വിമര്‍ശിച്ച് രാജ്ഭവന്റെ പത്രക്കുറിപ്പ്‌
Kerala News
വിദ്യാഭ്യാസ മന്ത്രിയുടേത് കടുത്ത ചട്ടലംഘനം, ഗവര്‍ണറെ അപമാനിച്ചു; മന്ത്രിയെ വിമര്‍ശിച്ച് രാജ്ഭവന്റെ പത്രക്കുറിപ്പ്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th June 2025, 2:58 pm

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്ന് ചടങ്ങ് ബഹിഷ്‌ക്കരിച്ച മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ വിമര്‍ശനവുമായി രാജ്ഭവന്‍.

ഗവര്‍ണറുടെ ചടങ്ങ് ബഹിഷ്‌ക്കരിച്ച മന്ത്രിയുടെ നിലപാട് കടുത്ത ചട്ടലംഘനമാണെന്നും ഗവര്‍ണറെ അപമാനിക്കുന്നതിന് തുല്യമാണെന്നും ചൂണ്ടിക്കാട്ടി രാജ്ഭവന്‍ പത്രക്കുറിപ്പ് ഇറക്കി. ഗവര്‍ണര്‍ക്ക് പുറമെ ഗവര്‍ണറുടെ ഓഫീസിനേയും ഭരണഘടന പദവിയേയും മന്ത്രി പരസ്യമായി അപമാനിച്ചെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്‌.

പ്രോട്ടോക്കോള്‍ പ്രകാരം പ്രധാനമന്ത്രിമാരും ഗവര്‍ണറും പങ്കെടുക്കുന്ന ചടങ്ങ് പൂര്‍ത്തിയായി അവര്‍ പുറത്തിറങ്ങിയതിന് ശേഷമാണ് വേദിയിലും സദസിലും ഉള്ളവര്‍ പുറത്തേക്ക് പോവേണ്ടത്. എന്നാല്‍ ചടങ്ങില്‍ നിന്ന് മന്ത്രി നേരത്തെ തന്നെ ഇറങ്ങിപ്പോവുകയായിരുന്നുവെന്നും അതിനെക്കുറിച്ച് ഗവര്‍ണറോട് ഒരു വാക്ക് പോലും പറഞ്ഞില്ലെന്നും രാജ്ഭവന്‍ ആരോപിച്ചു.

രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ കാവിക്കോടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പരിപാടി ബഹിഷ്‌ക്കരിച്ച് പുറത്തിറങ്ങിയത്.

രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്റ് ഗൈഡ് പരിപാടിയാണ് ശിവന്‍കുട്ടി ബഹിഷ്‌ക്കരിച്ചത്. വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം ഗവര്‍ണര്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. പിന്നാലെ ഇതില്‍ മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.

പ്രസംഗവേദിയില്‍ തന്നെ മന്ത്രി പ്രതിഷേധം അറിയിച്ചിരുന്നു. തന്റെ രാജ്യം ഇന്ത്യയാണെന്നും ഭരണഘടനയാണ് അതിന്റെ നട്ടെല്ലെന്നും മറ്റൊരു സങ്കല്‍പ്പവും അതിന് മുകളിലില്ലെന്നും  പ്രസംഗത്തില്‍ മന്ത്രി പറയുകയുണ്ടായി.

ഇന്നലെ മുഖ്യമന്ത്രിയും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. രാജ്ഭവനെ ആര്‍.എസ്.എസ് കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന തരത്തിലാണ് ഗവര്‍ണറുടെ നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

നേരത്തെ കൃഷി വകുപ്പുമായി ചേര്‍ന്ന പരിപാടിയിലും ഗവര്‍ണര്‍ കാവിക്കൊടിയേന്തിയ ഭാരതാംബയെ ഉള്‍പ്പെടുത്തിയതോടെയാണ് ഭാരതാംബ വിവാദം ഉടലെടുത്തത്. തുടര്‍ന്ന് സര്‍ക്കാരുമായുള്ള ഔദ്യോഗിക പരിപാടിയില്‍ ഭാരതാബയുടെ ചിത്രം ഉപയോഗിക്കില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വിപരീതമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചത്.

Content Highlight: Bhatatamba issue; Rajbhavan criticise V.Sivankutty