തിരുവനന്തപുരം: ലഹരിയുടെ പേരില്‍ വിദേശ ചരക്കായ സൂംബയെ കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ഭാരതീയ വിചാര കേന്ദ്രം. കേരളത്തിന് കലാകായിക രംഗത്ത് മഹത്തായ ഒരു പാരമ്പര്യം ഉണ്ടെന്നും അതിനെ സംരക്ഷിക്കാനോ പരിപോഷിപ്പിക്കാനോ ശ്രമിക്കാതെ വിദേശ ഉത്പ്പന്നമായ സൂബ നൃത്തം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ചില തത്പര കക്ഷികളുടെ ഗൂഢലക്ഷ്യമുണ്ടെന്നും ഭാരതീയ വിചാരധാര കേന്ദ്രം ആരോപിച്ചു.
യഥാര്‍ത്ഥത്തില്‍ സൂംബ ഈ നാടിന്റെ നാടിന്റെ സാംസ്‌കാരിക സ്വത്വത്തിനും പാരമ്പര്യത്തിനും നേരെയുള്ള കടന്നുകയറ്റവും അധിനിവേശവുമാണെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.
കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന കള്ളക്കടത്ത് ശൃംഖലകളെ ഇല്ലായ്മ ചെയ്യാതെ ലഹരി ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്ത് പൊതുമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുക മാത്രമാണ് സര്‍ക്കാര്‍ നിലവില്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. സൂബ നൃത്തത്തെ കൊണ്ടുവന്ന് യോഗ പരിശീലകര്‍ക്കും കേരളത്തിലെ പരമ്പരാഗത കായിക അധ്യാപകര്‍ക്കും ഇപ്പോള്‍ ലഭിക്കുന്ന അംഗീകാരം ഇല്ലാതാക്കുക എന്ന ഗൂഢ ലക്ഷ്യം കൂടിയുണ്ട്.
പി.എസ്.സി വഴി നിയമനം ലഭിച്ച കായിക അധ്യാപകര്‍ക്ക് കൃത്യമായ നിയമനം നല്‍കാതിരിക്കുന്ന സമയത്ത് സൂംബ പരിശീലനകരുടെ പിന്‍വാതില്‍ നിയമനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ നാട്ടില്‍ കഴിവുള്ള നിരവധി കലാകാരന്മാരുണ്ട്. അതില്‍ കായിക പരിശീലകരും നൃത്ത സംവിധായകരുമെല്ലാമുണ്ട്.
എന്നാല്‍ അവര്‍ക്കൊന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ല. അതിനാല്‍ നാടിന്റെ തനിമ ഇല്ലാതാക്കുന്ന ഇത്തരം നിഗൂഢ ലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ രക്ഷകര്‍ത്താക്കളും അധ്യാപക സംഘടനകളും ശക്തമായി മുന്നോട്ട് വരണമെന്നും ഭാരതീയ വിചാര കേന്ദ്രം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സൂംബ വിവാദത്തില്‍ ബി.ജെ.പി നേതാവായ വി. മുരളീധരനും സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു. കേരളത്തിലെ സാമൂഹിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായിട്ടുള്ള പരിഷ്‌ക്കാരമാണ് സ്‌കൂളില്‍ നടപ്പിലാക്കേണ്ടതെന്നും ഇന്ത്യയില്‍ എവിടെയും കണ്ടിട്ടില്ലാത്ത സൂംബയെ എവിടെ നിന്ന് പൊക്കിക്കൊണ്ട് വന്നുവെന്ന് തനിക്കറിയില്ലെന്നുമാണ് വി. മുരളീധരന്‍ പറഞ്ഞത്. ഏത് വസ്ത്രവും ധരിച്ചുകൊണ്ട് സൂംബ ഡാന്‍സ് ചെയ്യാമെങ്കില്‍ എന്തിനാണ് അല്‍പ്പവസ്ത്രമാക്കുന്നതെന്നും ബി.ജെ.പി നേതാവ് ചോദിക്കുകയുണ്ടായി.