മുത്തലാഖ് ബില്‍ കൂടുതല്‍ ഫലവത്താക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി രാജ്യസഭാ മെമ്പര്‍മാര്‍ക്ക് കത്തയച്ച് ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍
Triple Talaq
മുത്തലാഖ് ബില്‍ കൂടുതല്‍ ഫലവത്താക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി രാജ്യസഭാ മെമ്പര്‍മാര്‍ക്ക് കത്തയച്ച് ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd January 2018, 2:37 pm

മുത്തലാഖ് ബില്ലിനെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി രാജ്യസഭാ മെമ്പര്‍മാര്‍ക്ക് കത്തയച്ച് വനിതാ സംഘടനയായ ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍. മുത്തലാഖ് നിരോധന ബില്ലിനെ സ്വാഗതം ചെയ്തുകൊണ്ട് ബില്ലിനെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

തങ്ങള്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഏക പക്ഷീയമായ വിവാഹ മോചനത്തിന് വിധേയമാകുന്ന സാധാരണ മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ ബില്‍ വളരെയധികം കരുത്തു പകരുമെന്നും നിയമത്തിലുള്ള ഭയം മൂലം വിവാഹ ജീവിതം കൂടുതല്‍ സൗഹാര്‍ദ്ദപരമായിത്തീരുമെന്നും ബി.എം.എം.എ പറയുന്നു.

കത്തില്‍ അനുബന്ധമായി നല്‍കിയിരിക്കുന്ന തലാഖ്- ഇ- അഹ്സാന്‍ രീതിയിലുള്ള വിവാഹമോചന രീതി ബില്ലില്‍ ഉള്‍പ്പെടുത്തുക എന്നതാണ് ആദ്യത്തെ നിര്‍ദ്ദേശം. ഇത് സ്ത്രീക്കും പുരുഷനും തുല്ല്യത നല്‍കുന്നതു കൊണ്ടുതന്നെ വിവാഹ മോചനം ഒരിക്കലും സ്ത്രീകളോടുള്ള അന്യായമായി. 1939 ലെ മുസ്ലിം മാര്യേജ് ആക്ടില്‍ സ്ത്രീകള്‍ക്കും പുരുഷനമാര്‍ക്കും ഒരേ പോലെ സ്വീകാര്യമാകുന്ന തരത്തില്‍ ഭേദഗതി വരുത്താനും സംഘടന നിര്‍ദ്ദേശിക്കുന്നു.

ബില്ലില്‍ പറയുന്ന നിയമങ്ങള്‍ ഒരു തവണ വ്യവസ്ഥ ചെയ്യപ്പെട്ടാല്‍ അതില്‍ പറയുന്ന കാര്യങ്ങള്‍ സ്ത്രീയും പുരുഷനും നിര്‍ബന്ധമായും പാലിച്ചിരിക്കണം. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ബില്ലില്‍ പറയുന്നത് പോലെ ക്രിമിനല്‍ നടപടി സ്വീകരിക്കണം. വിവാഹം എന്നത് സിവില്‍ പരമായ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ മറ്റു സിവില്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുന്നത് പോലെ മുത്തലാഖ് ബില്‍ ലംഘിച്ചാലും ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ഇവര്‍ കത്തില്‍ പറയുന്നു.

Image result for triple talaq

ഈ നിയമങ്ങള്‍ പാലിക്കപ്പെടാത്ത ഒരാള്‍ക്കെതിരെ ഭാര്യ പരാതി നല്‍കിയാല്‍ അതനുസരിച്ച് നടപടി എടുത്തിരിക്കണം. ജാമ്യം കിട്ടുന്ന വകുപ്പിലും നോണ്‍ കൊഗ്നേസബിള്‍ വിഭാഗത്തിലും ഉള്‍പ്പെടുന്നതായിരിക്കണം ശിക്ഷാ നടപടികള്‍ എന്നും നിര്‍ദ്ദേശിക്കുന്നു.

ഖുര്‍ആനിന്റെയും ഭരണഘടനാ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ക്രോഡീകരിക്കപ്പെട്ട ഒരു മുസ്ലിം ഫാമിലി നിയമ വ്യവസ്ഥയാണ് തങ്ങള്‍ മുന്നോട്ടുവെക്കുന്നതെന്നും ഇവര്‍ പറയുന്നു. മുസ്ലിം സ്ത്രീകള്‍ക്ക് കുടുംബത്തിനകത്ത് ലഭിക്കേണ്ട തുല്യ നീതി ഇത് ശക്തിപ്പെടുത്തും.

വിവാഹ പ്രായം, വിവാഹ രജിസ്ട്രേഷന്‍, ബഹുഭാര്യത്വം, മഹര്‍, കുട്ടികളെ കൂടെ നിര്‍ത്താനുള്ള അവകാശം, അനന്തരാവാകാശം തുടങ്ങിയവയും ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കണം. ഇതിന്റെ സമഗ്രമായൊരു രൂപരേഖ തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഹിന്ദു-ക്രിസ്ത്യന്‍ സ്ത്രീകളെ പോലെ മുസ്‌ലിം സ്ത്രീകള്‍ക്കും നിയമവ്യവസ്ഥയിലൂടെ തുല്യപദവി ലഭിക്കണമെന്നും ബി.എം.എം.എ അഭിപ്രായപ്പെട്ടു.