ദല്‍ഹി അകലെയല്ല; ട്രാക്ടറുകള്‍ എപ്പോഴും തയ്യാറാണ്; ഇന്ത്യ-യു.എസ് കരാറിനെതിരെ പ്രതിഷേധിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍
India
ദല്‍ഹി അകലെയല്ല; ട്രാക്ടറുകള്‍ എപ്പോഴും തയ്യാറാണ്; ഇന്ത്യ-യു.എസ് കരാറിനെതിരെ പ്രതിഷേധിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍
അനിത സി
Tuesday, 10th February 2026, 9:49 pm

ന്യൂദല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ കര്‍ഷക വിരുദ്ധമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് കേന്ദ്രം കള്ളം പറയുകയാണെന്നും പ്രതിഷേധം മാത്രമാണ് ഏക മാര്‍ഗമെന്നും ടികായത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കരാറിനെതിരെ രാജ്യത്തെ ഗ്രാമങ്ങളിലുടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

‘ദല്‍ഹി അകലെയല്ല, ഞങ്ങളുടെ ട്രാക്ടറുകള്‍ എപ്പോഴും തയ്യാറാണ്’, ‘ ടികായത്ത് പറഞ്ഞു.

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കര്‍ഷകര്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോലം കത്തിക്കുമെന്നും ടികായത്ത് വിശദീകരിച്ചു.

ഫെബ്രുവരി 12ന് നടക്കുന്ന പൊതുപണിമുടക്കിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ സാമ്പത്തിക രംഗം വിദേശികള്‍ക്ക് മുന്നില്‍ തുറന്നിട്ട 1992ലെ സാഹചര്യവുമായാണ് ടികായത്ത് നിലവിലെ കരാറിനെ താരതമ്യപ്പെടുത്തിയത്.

കര്‍ഷകരുടെ ശത്രുവാണ് ഈ കരാര്‍. ഇന്ത്യയുടെയും യു.എസിന്റെയും കരാര്‍ നടന്ന രീതിയും അപകടകരമാണ്. ഏകപക്ഷീയമായാണ് കരാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് യു.എസെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ഒരിക്കലും ഈ കരാര്‍ സ്വീകാര്യമല്ല. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള സാഹചര്യമുണ്ടാകില്ലെന്നും ടികായത്ത് അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 12ലെ പൊതുപണിമുടക്കിനെ എല്ലാ കര്‍ഷക സംഘടനകളും പിന്തുണയ്ക്കുമെന്ന് അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണനും അറിയിച്ചു.

അതേസമയം, വ്യാപാര കരാറില്‍ ഇന്ത്യയോട് യു.എസ് കാണിച്ചത് അനീതിയാണെന്ന് ആര്‍.ജെ.ഡി എം.പി സുധാകര്‍ സിങ് പറഞ്ഞു. ഇത് തുല്യമായ കരാറല്ല. ഇന്ത്യയ്ക്ക് 18 ശതമാനം തീരുവ ചുമത്തുമ്പോള്‍ യു.എസിന്റെ ഉത്പന്നങ്ങള്‍ക്ക് തീരുവ പൂജ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

വിത്ത് ബില്‍, കീടനാശിന് മാനേജ്‌മെന്റ് ബില്‍, വൈദ്യുതി ബില്‍ തുടങ്ങിയവ പാര്‍ലമെന്ററി പാനലിന് അയക്കണമെന്നും ആര്‍.ജെ.ഡി ആവശ്യപ്പെട്ടു.

അതേസമയം, വ്യാപാര കരാറിലൂടെ ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ യു.എസിന് മുന്നില്‍ അടിയറവ് വെച്ചുവെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂരും വിമര്‍ശിച്ചു. ഒരു രാജ്യവും ഇത്തരത്തില്‍ സ്വന്തം താത്പര്യങ്ങള്‍ അടിയറ വെച്ചിട്ടില്ലെന്നും ഇന്ത്യയുടെ വിലപേശല്‍ ശേഷിയാണ് നഷ്ടമായതെന്നും തരൂര്‍ ലോക്‌സഭയില്‍ വിമര്‍ശിച്ചിരുന്നു.

Content Highlight: Delhi is not far; Tractors are always ready; Bharatiya Kisan Union says it will protest against India-US Trade Deal

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍