സനാതന ധര്‍മത്തെ അംഗീകരിക്കുന്നുവെങ്കില്‍ മതം മാറണം; ഭരതനാട്യം നര്‍ത്തകന്‍ സക്കീര്‍ ഹുസൈനെ ക്ഷേത്രത്തില്‍ വെച്ച് ആക്രമിച്ച് സംഘപരിവാര്‍
national news
സനാതന ധര്‍മത്തെ അംഗീകരിക്കുന്നുവെങ്കില്‍ മതം മാറണം; ഭരതനാട്യം നര്‍ത്തകന്‍ സക്കീര്‍ ഹുസൈനെ ക്ഷേത്രത്തില്‍ വെച്ച് ആക്രമിച്ച് സംഘപരിവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th December 2021, 8:08 am

ചെന്നൈ: ഭരതനാട്യം നര്‍ത്തകനായ സക്കീര്‍ ഹുസൈനെ മതം പറഞ്ഞ് ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കിയതായി പരാതി. ശ്രീരംഗത്തെ രംഗനാഥസ്വാമി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ തന്നെ അനുവദിച്ചില്ലെന്നാണ് സക്കീര്‍ ഹുസൈന്‍ പറയുന്നത്.

തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതായും സക്കീര്‍ ഹുസൈന്‍ പറഞ്ഞു. സംഭവത്തില്‍ തമിഴ്‌നാട് ദേവസ്വം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

രംഗരാജന്‍ നരസിംഹന്‍ എന്ന പേരുള്ള ആളുടെ നേതൃത്വത്തിലാണ് തന്നെ തടഞ്ഞതെന്നാണ് സക്കീര്‍ പറയുന്നത്.

‘ഞാന്‍ ഇതിന് മുന്‍പും ശ്രീരംഗം ക്ഷേത്രത്തില്‍ വന്നിട്ടുണ്ട്. അന്നൊന്നും ഇത്തരത്തിലൊരു അനുഭവമുണ്ടായിട്ടില്ല. ഞാന്‍ വൈഷ്ണവിസത്തില്‍ വിശ്വസിക്കുന്നയാളായിട്ടും മതത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടു,’ സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

രംഗരാജന് ക്ഷേത്ര കമ്മിറ്റിയുമായി ഒരു ബന്ധവുമില്ലെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം നേടിയ കലാകാരനാണ് സക്കീര്‍ ഹുസൈന്‍.

സംഘപരിവാര്‍ സംഘടനകളോട് ആഭിമുഖ്യം പുലര്‍ത്തുന്ന രംഗരാജന്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കാറുണ്ട്.

അതേസമയം സംഭവത്തില്‍ തനിക്കെതിരായ ആരോപണത്തെ നിയമപരമായി നേരിടുമെന്ന് രംഗരാജന്‍ അറിയിച്ചു. സക്കീര്‍ ഹുസൈനെ തടഞ്ഞത് അദ്ദേഹം സനാതന ധര്‍മത്തെ അപമാനിക്കുന്നതിനാലാണെന്ന് അദ്ദേഹം പറഞ്ഞു.

‘സനാതന ധര്‍മത്തെ അംഗീകരിക്കുന്നുണ്ടെങ്കില്‍ അയാള്‍ (സക്കീര്‍ ഹുസൈന്‍) എന്തുകൊണ്ടാണ് മതം മാറാത്തത്?,’ രംഗരാജന്‍ ചോദിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Bharatanatyam dancer stopped from entering temple in TN’s Srirangam