ഭാരതാംബ വിവാദം; ഭാരതത്തെ എപ്പോഴും പ്രതിനിധീകരിക്കുന്നത് കാവി നിറം കൊണ്ട്; അവകാശവാദവുമായി ഗവര്‍ണര്‍
Kerala News
ഭാരതാംബ വിവാദം; ഭാരതത്തെ എപ്പോഴും പ്രതിനിധീകരിക്കുന്നത് കാവി നിറം കൊണ്ട്; അവകാശവാദവുമായി ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th June 2025, 6:53 pm

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ വിവാദം അവസാനിക്കുന്നില്ല. ഭാരതാംബ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശവന്‍കുട്ടിക്കെതിരേയും സര്‍ക്കാരിനെതിരേയും നിശിത വിമര്‍ശനവുമായി ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കര്‍ വീണ്ടും രംഗത്തെത്തി.

രാജ്ഭവന്‍ ആര്‍.എസ്.എസ് ശാഖയാക്കിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും സര്‍ക്കാരും പ്രതിപക്ഷവും പ്രചരിപ്പിക്കുന്നത് കെട്ടുകഥകളാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

ഭാരതം എന്ന ആശയം സഹശ്രാബ്ദങ്ങളായി നിലനില്‍ക്കുന്നതാണെന്നും ഭാരതത്തെ എപ്പോഴും പ്രതിനിധീകരിക്കുന്നത് കാവി നിറം കൊണ്ടാണെന്നും ഗവര്‍ണര്‍ ആര്‍. വി. ആര്‍ലേക്കര്‍ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

താന്‍ വേദിയിലിരിക്കെ തനിക്ക് ഒരു മുന്നറിയിപ്പ് പോലും തരാതെയാണ് മന്ത്രി ഇറങ്ങിപ്പോയതെന്നും അത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.

മന്ത്രിക്ക് ഭാരത മാതയുടെ മുന്നില്‍ വന്ന് പ്രാര്‍ത്ഥിക്കാന്‍ താത്പര്യം ഇല്ലെങ്കില്‍ അത് സ്വകാര്യമായ കാര്യമാണെന്നും പകരം എന്തിനാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.

Content Highlight: Bharatamba controversy; Governor says India is always represented with saffron colour