ഭാരതാംബ വിവാദം; ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് സി.പി.ഐ
Kerala News
ഭാരതാംബ വിവാദം; ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് സി.പി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th June 2025, 1:46 pm

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിന് പിന്നാലെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വാനാഥ അര്‍ലേക്കറിനെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് സി.പി.ഐ. സര്‍ക്കാര്‍ സംവിധാനത്തില്‍ ആര്‍.എസ്.എസ് ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.

കേരളത്തില്‍ നിന്നുള്ള രാജ്യസഭ എം.പി സന്തോഷ് കുമാറാണ് വിഷയം ഉന്നയിച്ച് കത്തയച്ചത്. സി.പി.ഐ വിഷയത്തില്‍ സ്വീകരിച്ച അഖിലേന്ത്യ നിലപാടിതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാദത്തിന് പിന്നാലെ സര്‍ക്കാരുമായി പോരിനില്ലെന്നും എന്നാല്‍ രാജ്ഭവനില്‍ നിന്നും ഭാരതാംബയുടെ ചിത്രം മാറ്റാന്‍ താത്പര്യപ്പെടുന്നില്ലെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു.

പരിസ്ഥിതിദിനാഘോഷത്തിനായി വ്യാഴാഴ്ച രാവിലെയാണ് രാജ് ഭവന്‍ കൃഷിവകുപ്പിനെ ചടങ്ങുമായി ബന്ധപ്പെട്ട് തിരി തെളിക്കലും പുഷ്പാര്‍ച്ചനയും വേണമെന്ന് അറിയിച്ചത്. പിന്നാലെ ഒരു കാരണവശാലും സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെക്കാന്‍ കഴിയില്ലെന്ന് ഓഫീസ് മറുപടി നല്‍കുകയായിരുന്നു.

തുടര്‍ന്ന് രാജ് ഭവനില്‍ നടത്തേണ്ട പരിപാടി റദ്ദ് ചെയ്ത് സെക്രട്ടറിയേറ്റില്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ദര്‍ബാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ചീഫ് സെക്രട്ടറിയും പങ്കെടുത്തു.

രാജ് ഭവനിലെ പരിസ്ഥിതി ദിന പരിപാടി റദ്ദാക്കിയ കൃഷി വകുപ്പിന്റെ നിലപാടിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. പരിപാടിയുടെ വിശദാംശങ്ങള്‍ കൃഷിമന്ത്രി പി. പ്രസാദ് മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു പിന്തുണച്ചത്.

വിഷയത്തില്‍ മന്ത്രി സ്വീകരിച്ച നിലപാട് നന്നായി എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രാജ് ഭവനില്‍ പരിപാടി നടത്താന്‍ ഭാരതാംബയുടെ ചിത്രത്തില്‍ തിരി തെളിയിക്കണമെന്നും പൂജ നടത്തണമെന്നുമുള്ള ഗവര്‍ണറുടെ നിലപാടിനെ മുഖ്യമന്ത്രി തള്ളുകയും ചെയ്തു.

വിഷയത്തില്‍ സി.പി.ഐയും സി.പി.ഐ.എമ്മും നിലപാട് വ്യക്തമാക്കിയിരുന്നു. മന്ത്രിയെ പിന്തുണച്ചായിരുന്നു സംഘടനകള്‍ നിലപാട് സ്വീകരിച്ചത്.

Content Highlight: Bharatamba controversy; CPI writes to President demanding recall of Governor