തിരുവനന്തപുരം: ഭാരതാംബ വിവാദത്തിനിടെ ദേശീയ പതാകയാണ് ഭാരത മാതാവിന്റെ പ്രതീകമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജൂണ്‍ ഏഴിന് ദേശീയ പതാക ഉയര്‍ത്തി അതിന് മുന്നില്‍ എല്ലാ സി.പി.ഐ ബ്രാഞ്ചുകളിലും വൃക്ഷത്തൈകള്‍ നടാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആ തൈകള്‍ ദേശീയ ഐക്യത്തിന്റെ വൃക്ഷങ്ങളായി പരിപാലിച്ച് വളര്‍ത്താനും പാര്‍ട്ടി ഘടകങ്ങള്‍ മുന്‍കൈയെടുക്കണം. ഭാരതമാതാവിനെ ഭരണഘടനാ വിരുദ്ധമായി ദേശവിരുദ്ധ ആശയങ്ങളുടെ പ്രചരണത്തിനായി ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനുള്ള പ്രതികരണമായാണ് ഈ ക്യാമ്പയിനെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തോടും മതേതരത്വത്തോടും ഭരണഘടന മൂല്യങ്ങളോടും പ്രതിബദ്ധതയുള്ള എല്ലാ ദേശാഭിമാനികളെയും ഈ ക്യാമ്പയിനില്‍ സഹകരിപ്പിക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതാംബ വിവാദത്തിനിടെ ഇന്ന് ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ രാജ്യസഭ എം.പി സന്തോഷ് കുമാര്‍ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. സര്‍ക്കാര്‍ സംവിധാനത്തില്‍ ആര്‍.എസ്.എസ് ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.
പരിസ്ഥിതിദിനാഘോഷത്തിനായി വ്യാഴാഴ്ച രാവിലെയാണ് രാജ് ഭവന്‍ കൃഷിവകുപ്പിനെ ചടങ്ങുമായി ബന്ധപ്പെട്ട് തിരി തെളിക്കലും പുഷ്പാര്‍ച്ചനയും വേണമെന്ന് അറിയിച്ചത്. പിന്നാലെ ഒരു കാരണവശാലും സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെക്കാന്‍ കഴിയില്ലെന്ന് ഓഫീസ് മറുപടി നല്‍കുകയായിരുന്നു. പിന്നാലെയാണ് വിവാദമാരംഭിച്ചത്.
രാജ് ഭവനിലെ പരിസ്ഥിതി ദിന പരിപാടി റദ്ദാക്കിയ കൃഷി വകുപ്പിന്റെ നിലപാടിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. പരിപാടിയുടെ വിശദാംശങ്ങള്‍ കൃഷിമന്ത്രി പി. പ്രസാദ് മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു പിന്തുണച്ചത്. വിഷയത്തില്‍ സി.പി.ഐയും സി.പി.ഐ.എമ്മും നിലപാട് വ്യക്തമാക്കിയിരുന്നു. മന്ത്രിയെ പിന്തുണച്ചായിരുന്നു സംഘടനകള്‍ നിലപാട് സ്വീകരിച്ചത്.
Content Highlight: Bharat Mata controversy; National flag is a symbol of Mother India: CPI